കരീബിയൻ കടൽ കടക്കാൻ ‘വിഴിഞ്ഞം തുറമുഖത്തുനിന്ന്’ ഒരു പടക്കപ്പൽ; ‘സർവം സഞ്ജു’... നിങ്ങൾക്ക് 146 കോടി സ്തുതി!

2 weeks ago 4

കൊൽക്കത്ത∙ കലങ്ങി മറിയുന്ന കരീബിയൻ കടൽ കടക്കാൻ ടീം ഇന്ത്യയ്ക്ക് ഒരു കൂറ്റൻ കപ്പൽ ആവശ്യമായിരുന്നു. ആ നിയോഗം സധൈര്യം ഏറ്റെടുത്ത്, ‘വിഴിഞ്ഞം തുറമുഖത്തുനിന്ന്’ ഒരു പടക്കപ്പൽ ഇന്നലെ കടൽതൊട്ടു. കൊടുങ്കാറ്റും കടൽചുഴിയും കീറിമുറിച്ച്, ടീം ഇന്ത്യയുമായി വിജയതീരത്തേക്കു കുതിച്ച ആ കപ്പലിന്റെ പേര് കൊൽക്കത്തയിലെ കാറ്റിൽ പലകുറി അലയടിച്ചു..‘സഞ്ജു..സഞ്ജു...’ സൂപ്പർ സൺഡേ മത്സരത്തിൽ, ഈഡൻ ഗാർഡൻസിൽ ടീം ഇന്ത്യയുടെ ഗാർഡിയനായി അവതരിച്ച സഞ്ജു സാസൺ... നിങ്ങൾക്ക് 146 കോടി സ്തുതി!

ട്വന്റി20 ലോകകപ്പിലെ നിർണായക സൂപ്പർ 8 മത്സരത്തിൽ വിൻഡീസിനെതിരെ 5 വിക്കറ്റ് ജയവുമായി ടീം ഇന്ത്യ സെമിഫൈനലിൽ കടന്നു. വിൻഡീസ് ഉയർത്തിയ 196 റൺസ് ലക്ഷ്യം 19.2 ഓവറിൽ ഇന്ത്യ മറികടന്നു. അർധ സെ‍ഞ്ചറിയുമായി ഇന്ത്യൻ കുതിപ്പിന് ഇന്ധനമായ സഞ്ജുവാണ് (50 പന്തിൽ 97 നോട്ടൗട്ട്) ടീമിന്റെ വിജയശിൽപി.

സ്കോർ: വിൻഡീസ് 20 ഓവറിൽ 4ന് 195. ഇന്ത്യ 19.2 ഓവറിൽ 5ന് 199. ട്വന്റി20യിൽ ഇന്ത്യ പിന്തുടർന്ന് കീഴടക്കുന്ന ഉയർന്ന വിജയലക്ഷ്യവുമായി ഇത്. വ്യാഴാഴ്ച ഇംഗ്ലണ്ടിനെതിരെ മുംബൈയിലാണ് ഇന്ത്യയുടെ സെമിഫൈനൽ. 4ന് കൊൽക്കത്തയിൽ നടക്കുന്ന ഒന്നാം സെമിയിൽ ദക്ഷിണാഫ്രിക്കയും ന്യൂസീലൻഡും ഏറ്റുമുട്ടും. ഫൈനൽ 8ന് അഹമ്മദാബാദിൽ.

സർവം സഞ്ജുമറുപടി ബാറ്റിങ്ങിൽ, പതിവുപോലെ സ്പിന്നർക്കു മുന്നിൽ അഭിഷേക് ശർമയ്ക്ക് (11 പന്തിൽ10) അടി തെറ്റി. ഇടംകൈ സ്പിന്നർ അകീൽ ഹുസൈനെതിരായ അഭിഷേകിന്റെ പുൾ ഷോട്ട് ശ്രമം നേരേ ഹെറ്റ്മെയറുടെ കൈകളിലേക്ക്. പിന്നാലെയെത്തിയ ഇഷാൻ കിഷൻ (6 പന്തിൽ 10) നന്നായിത്തുടങ്ങിയെങ്കിലും ജയ്സൻ ഹോൾഡർക്കു മുന്നിൽ വീണു. ഇതോടെ 2ന് 53 എന്ന നിലയിലാണ് ഇന്ത്യ പവർപ്ലേ അവസാനിപ്പിച്ചത്.

3–ാം വിക്കറ്റിൽ ഒന്നിച്ച സഞ്ജു– സൂര്യകുമാർ യാദവ് (16 പന്തിൽ 18) സഖ്യമാണ് തുടർന്ന് ഇന്നിങ്സ് മുന്നോട്ടു നയിച്ചത്. സൂര്യ കരുതലോടെ തുടങ്ങിയപ്പോൾ റൺനിരക്ക് ഉയർത്താനുള്ള ചുമതല സഞ്ജുവിനായിരുന്നു. മോശം പന്തുകൾ തിരഞ്ഞുപിടിച്ച് ആക്രമിച്ച സഞ്ജു, 26 പന്തിൽ അർധ സെഞ്ചറി തികച്ചു. ട്വന്റി20 ലോകകപ്പിൽ സഞ്ജുവിന്റെ ആദ്യ അർധ സെ‍ഞ്ചറിയാണിത്. 35 പന്തിൽ 58 റൺസ് ചേർത്ത സഖ്യം മത്സരത്തിൽ പതിയെ നിയന്ത്രണം ഏറ്റെടുത്ത സമയത്താണ് സൂര്യയെ ഷമാർ ജോസഫ് പുറത്താക്കിയത്. അപ്പോഴും സഞ്ജു ക്ഷമയോടെ ക്രീസിൽ തുടർന്നു. സൂര്യയ്ക്കു പകരമെത്തിയ തിലക് വർമ (15 പന്തിൽ 27) താളംകണ്ടെത്തിയതോടെ സഞ്ജുവിന് കാര്യങ്ങൾ എളുപ്പമായി. എന്നാൽ അമിതാവേശത്തിൽ ഹോൾഡർക്കു വിക്കറ്റ് നൽകി തിലക് മടങ്ങി.

അവസാന 5 ഓവറിൽ 50 റൺസായിരുന്നു ഇന്ത്യയ്ക്ക് ആവശ്യം. പിന്നാലെ എത്തിയ ഹാർദിക് പാണ്ഡ്യ (14 പന്തിൽ 17) പതിവു ശൈലിയിൽ കളംപിടിച്ചതോടെ ഇന്ത്യ ലക്ഷ്യത്തിലേക്ക് കുതിച്ചു. 11 പന്തിൽ 17 റൺസ് വേണ്ടപ്പോൾ ഹാർദിക് പുറത്തായി. എന്നാൽ ശിവം ദുബെയെ (4 പന്തിൽ 8 നോട്ടൗട്ട്) കൂട്ടുപിടിച്ച് മറ്റു പരുക്കുകളില്ലാതെ സഞ്ജു ടീമിനെ വിജയത്തിൽ എത്തിച്ചു. അർഹിച്ച സെഞ്ചറി 3 റൺസ് അകലെ ‘നഷ്ടപ്പെട്ടെങ്കിലും’ മുഖം നിറയെ ചിരിയും മനസ്സുനിറയെ സംതൃപ്തിയും സഞ്ജുവിന് ഉണ്ടായിരുന്നു..! ബാറ്റ് താഴെവച്ച്, ഗ്രൗണ്ടിൽ മുട്ടുകുത്തി, ആകാശത്തേക്കു കണ്ണുകളുയർത്തിയപ്പോൾ സഞ്ജുവിന്റെ മുഖത്ത് വിരിഞ്ഞ വിജയച്ചിരി ഒപ്പിയെടുക്കാൻ മത്സരിക്കുകയായിരുന്നു ക്യാമറക്കണ്ണുകൾ.

വിടാതെ വിൻഡീസ്നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസിനായി ബ്രണ്ടൻ കിങ്ങിന്റെ അഭാവത്തിൽ, റോസ്ടൻ ചേസാണ് (25 പന്തിൽ 40) ക്യാപ്റ്റൻ ഷായ് ഹോപ്പിനൊപ്പം (33 പന്തിൽ 32) ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ഒന്നാം വിക്കറ്റിൽ 53 പന്തിൽ 68 റൺസ് ചേർത്ത സഖ്യം വിൻഡീസിന്റെ അടിത്തറ ഭദ്രമാക്കി. വിൻഡീസ് ഓപ്പണർമാർ കളംപിടിച്ചതോടെ പതിയെ മയങ്ങിത്തുടങ്ങിയ ഈഡൻ ഗാർഡൻസ് ഗാലറിയെ ഇരമ്പിയുണർത്തിയത് വരുൺ ചക്രവർത്തി എറിഞ്ഞ 9–ാം ഓവറായിരുന്നു. ഹോപ്പിന്റെ മിഡിൽ സ്റ്റംപ് തെറിപ്പിച്ച ‘ഹോം ടൗൺ’ ബോയ് വരുൺ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 12 പന്തിൽ 27 റൺസുമായി ആളിത്തുടങ്ങിയ ഷിമ്രോൺ ഹെറ്റ്മെയറിനെ 12–ാം ഓവറിൽ ഊതിക്കെടുത്തിയ ബുമ്ര, അതേ ഓവറിൽ ചേസിനെയും വീഴ്ത്തിയതോടെ ഈഡൻ ഇളകി മറിഞ്ഞു.

വൈകാതെ പ്രതിരോധത്തിലേക്കു വലിഞ്ഞ വിൻഡീസിനെ വീണ്ടും പോരാടാൻ സഹായിച്ചത് റോവ്മാൻ പവലിന്റെ (19 പന്തിൽ 34 നോട്ടൗട്ട്) വരവാണ്. അർഷ്ദീപ് എറിഞ്ഞ 16–ാം ഓവറിൽ, വൈഡ് ഫോർ അടക്കം 24 റൺസ് നേടിയ പവൽ, ഡെത്ത് ഓവർ വെടിക്കെട്ടിന് തിരികൊളുത്തി. അടുത്ത ഓവറിൽ വരുണിനെതിരെ 14 റൺസ് നേടിയ ജയ്സൻ ഹോൾഡർ (22 പന്തിൽ 37 നോട്ടൗട്ട്), പവലിന് പിന്തുണ പ്രഖ്യാപിച്ചു. ബുമ്രയെറിഞ്ഞ 18–ാം ഓവറിൽ പിറന്നത് 12 റൺസ്. അടുത്ത ഓവറിൽ 6 റൺസ് മാത്രം വിട്ടു നിൽകിയ അർഷ്ദീപ്, റൺനിരക്ക് പിടിച്ചുനിർത്തി. ബുമ്ര എറിഞ്ഞ 20–ാം ഓവറിൽ 14 റൺസ് കൂടി ചേർത്ത സഖ്യം ടോട്ടൽ 195ൽ എത്തിച്ചു. 35 പന്തിൽ 76 റൺസാണ് അഞ്ചാം വിക്കറ്റിൽ പവൽ– ഹോൾഡർ സഖ്യം അടിച്ചെടുത്തത്.

English Summary:

Sanju Samson's stellar unbeaten 97 steered India to a thrilling five-wicket triumph implicit the West Indies successful a important T20 World Cup Super 8 match. This high-scoring pursuit sets India connected people for the semi-finals.

Read Entire Article