Published: January 31, 2026 08:05 AM IST
2 minute Read
-
ഇന്ത്യ– ന്യൂസീലൻഡ് 5–ാം ട്വന്റി20 ഇന്ന്
തിരുവനന്തപുരം∙ ഒരു പതിറ്റാണ്ടിലേറെയായി സഞ്ജു സാംസണും കേരളത്തിലെ ക്രിക്കറ്റ് ആരാധകരും ഒരുപോലെ കാത്തിരുന്ന ദിവസമാണിത്. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കിൽ സഞ്ജു ഇന്ന് സ്വന്തം തട്ടകത്തിൽ ആദ്യമായി രാജ്യാന്തര മത്സരം കളിക്കും. അതു കാണാനുള്ള ആരാധകരുടെ ആവേശം ആദ്യം പ്രതിഫലിച്ചത് ടിക്കറ്റ് വിൽപനയിലാണ്. ഒറ്റ ദിവസം കൊണ്ടാണ് മുഴുവൻ ടിക്കറ്റും വിറ്റു തീർന്നത്.
കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ, നാൽപതിനായിരത്തിലേറെ കാണികളുടെ ആവേശത്തിനു നടുവിൽ ഇന്ന് ടീം ഇന്ത്യയും സഞ്ജുവും കരുതിവച്ചിരിക്കുന്ന വിരുന്നെന്താവും? മത്സരം രാത്രി 7 മുതൽ. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.
5 മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ 3 മത്സരങ്ങളും ആധികാരികമായി ജയിച്ച ഇന്ത്യയ്ക്കു പക്ഷേ, വിശാഖപട്ടണത്ത് നടന്ന കഴിഞ്ഞ മത്സരത്തിലെ 50 റൺസ് തോൽവി ആഘാതമായിരുന്നു. ട്വന്റി20 ലോകകപ്പിന് മുൻപുള്ള അവസാന അങ്കം ജയിക്കാൻ 2 ടീമുകളും കച്ചകെട്ടുമ്പോൾ ഇന്നു ഗ്രൗണ്ടിൽ പൊടിപാറുമെന്ന് തീർച്ച.
കണക്കുതീർക്കുമോ സഞ്ജു?
ഇന്ത്യൻ നിരയിൽ സഞ്ജു സാംസൺ–അഭിഷേക് ശർമ ഓപ്പണിങ് വിരുന്നിനായാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത്. കഴിഞ്ഞ 4 മത്സരങ്ങളിൽ 40 റൺസ് മാത്രം നേടിയ സഞ്ജു ആ നഷ്ടക്കണക്കെല്ലാം സ്വന്തം നാട്ടിൽ തീർക്കുമെന്നാണ് പ്രതീക്ഷ. ഫോമിലാണെങ്കിലും കഴിഞ്ഞ മത്സരത്തിൽ തിളങ്ങാനാവാതെ പോയ അഭിഷേകിനും നായകൻ സൂര്യകുമാർ യാദവിനും ഇതു മടങ്ങിവരവിനുള്ള അവസരമാണ്.
ഇഷാൻ കിഷൻ, ശിവം ദുബെ, റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ തുടങ്ങിയവരും വെടിക്കെട്ടു പ്രകടനക്കാർ. ബോളിങ്ങിൽ ജസ്പ്രീത് ബുമ്ര, ഹാർദിക്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവരാണ് ഇന്ത്യയുടെ മുഖ്യ വിക്കറ്റ് വേട്ടക്കാർ.
ഫോം നിലനിർത്താൻ കിവീസ്ന്യൂസീലൻഡ് ബാറ്റിങ് നിരയ്ക്കു കഴിഞ്ഞ കളിയിൽ മാത്രമാണ് തിളങ്ങാനായത്. മധ്യനിരയുടെ തകർച്ചയാണ് അവരുടെ പ്രശ്നം. ഫോമിലുള്ളത് ഗ്ലെൻ ഫിലിപ്സ് മാത്രം. അദ്ദേഹത്തെക്കൂടാതെ പരമ്പരയിൽ 100 റൺസിലേറെ നേടിയത് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ മാത്രം. പേസർ ജേക്കബ് ഡഫിയും ഇന്ത്യൻ വംശജനായ സ്പിന്നർ ഇഷ് സോധിയുമാണ് ബോളിങ്ങിൽ തുറുപ്പുചീട്ടുകൾ. സ്പിന്നർ കൂടിയായ സാന്റ്നറുടെ ഓൾറൗണ്ട് പ്രകടനം അവർക്കു നിർണായകം.
മത്സരം വടകരയുടെ മണ്ണിൽതിരുവനന്തപുരത്താണ് മത്സരമെങ്കിലും വടകരയുടെ ‘മണ്ണിലാകും’ ഇന്നത്തെ ഇന്ത്യ–ന്യൂസീലൻഡ് മത്സരം. കോഴിക്കോട് വടകരയിൽ നിന്നു കൊണ്ടുവന്ന കളിമണ്ണ് ഉപയോഗിച്ച് പുതുക്കിയ പിച്ച് ബാറ്റർമാർക്ക് തകർത്താടാൻ പോന്നതാണ്. തിരുവനന്തപുരത്തെ തന്നെ മണ്ണ് ഉപയോഗിച്ച് നിർമിച്ചിരുന്ന ഈ പിച്ചിൽ മുൻപ് രാജ്യാന്തര മത്സരങ്ങൾ നടന്നിട്ടുണ്ട്.
പിന്നീടാണ് വടകര മണ്ണ് ഉപയോഗിച്ച് നവീകരിച്ചത്. അതിനു ശേഷം ഇന്ത്യൻ പുരുഷ ടീം ഇവിടെ രാജ്യാന്തര മത്സരം കളിക്കുന്നത് ആദ്യമായാണെങ്കിലും കഴിഞ്ഞ മാസം ഇന്ത്യ–ശ്രീലങ്ക വനിത ട്വന്റി20 പരമ്പരയിലെ 2 മത്സരങ്ങൾ ഈ പിച്ചിൽ നടത്തിയിരുന്നു. ഇന്ത്യൻ ടീം ഒരു മത്സരത്തിൽ 200ന് മുകളിൽ സ്കോർ ചെയ്യുകയും ചെയ്തു. 200 റൺസിന് മുകളിൽ സ്കോർ ചെയ്യാവുന്ന ബാറ്റിങ് പിച്ചാണിതെന്നാണ് കെസിഎ മുഖ്യ ക്യുറേറ്റർ എ.എം.ബിജുവിന്റെ സാക്ഷ്യം.
ഇതുവരെ നടന്ന 9 രാജ്യാന്തര മത്സരങ്ങളിൽ എട്ടിലും ജയിച്ച ഇന്ത്യയുടെ ഭാഗ്യ മൈതാനമാണ് കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം. ഇവിടെ നടന്ന പുരുഷ ടീമിന്റെ 4 ട്വന്റി20 മത്സരങ്ങളിൽ ഒരിക്കൽ വെസ്റ്റിൻഡീസിനോട് മാത്രമാണ് ഇന്ത്യ തോൽവിയറിഞ്ഞത്. ഈ മൈതാനത്തെ ആദ്യ രാജ്യാന്തര മത്സരവും ഇന്ത്യയും ന്യൂസീലൻഡും തമ്മിലായിരുന്നു; 2017 നവംബർ 7ന് നടന്ന ട്വന്റി20.
English Summary:







English (US) ·