Published: June 07, 2026 11:44 PM IST
2 minute Read
പാരിസ്∙മൂന്ന് ഫൈനൽ തോൽവികൾ, ഏഴു സെമി ഫൈനൽ തിരിച്ചടികൾ, ഒടുവിൽ കന്നി ഗ്രാൻഡ് സ്‍ലാം കിരീടമെന്ന സ്വപ്നം നേടിയെടുത്ത് ജർമനിയുടെ 29 വയസ്സുകാരൻ താരം അലക്സാണ്ടർ സ്വരേവ്. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിൽ അഞ്ച് സെറ്റുകളുടെ പോരാട്ടത്തിൽ 1–6,6–4, 4–6,7–6 (7–5), 1–6 എന്ന സ്കോറിനാണ് സ്വരേവ് ഇറ്റലിയുടെ ഫ്ലാവിയോ കോബോളിയെ വീഴ്ത്തിയത്. സെമി ഫൈനലിൽ ഇറ്റലിയുടെ മാറ്റിയോ അർനാൾഡിയെ വീഴ്ത്തി സ്വരേവിനെ നേരിടാനിറങ്ങിയ ലോക 12–ാം നമ്പർ താരം നാലു മണിക്കൂറും 19 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് തോൽവി സമ്മതിച്ചത്. കരിയറിലെ ആദ്യ ഗ്രാൻഡ് സ്‍ലാം വിജയത്തോടെ, ബോറിസ് ബെക്കറിന് ശേഷം ഗ്രാൻഡ് സ്‍ലാം സിംഗിൾസ് ജയിക്കുന്ന ആദ്യ ജർമൻ പുരുഷതാരമായി സ്വരേവ്. 1996 ൽ ഓസ്ട്രേലിയൻ ഓപ്പണിലായിരുന്നു ബെക്കറുടെ വിജയം.
What you should work next
തുടക്കത്തിൽ തകർത്തുകളിച്ച ജർമൻ താരം സമ്പൂർണ ആധിപത്യമാണ് ആദ്യ സെറ്റിൽ നടത്തിയത്. ഇറ്റാലിയൻ താരം കോബോളി നിലയുറപ്പിക്കാൻ ബുദ്ധിമുട്ടിയതോടെ സെറ്റ് 6–1ന് സ്വരേവ് സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചെത്തിയ കോബോളി 6–4ന് വിജയിച്ചു. മൂന്നാം സെറ്റിലും ശക്തമായ പോരാട്ടം കണ്ടു. 6–4ന് സ്വരേവ് വിജയിച്ചു. എന്നാൽ നാലാം സെറ്റിൽ സ്വരേവ് വലതു കാലിലേറ്റ പരുക്കു കാരണം മുടന്തുന്നതു കാണാമായിരുന്നു. എങ്കിലും പൊരുതി നോക്കിയ സ്വരേവിന് മത്സരം ടൈ ബ്രേക്ക് വരെ എത്തിക്കാൻ സാധിച്ചു, പക്ഷേ വിജയം കൈവിട്ടു, ഫലം 7–5ന് ഇറ്റാലിയൻ താരം മുന്നിലെത്തി. ഇതോടെയാണ് അഞ്ചാം സെറ്റിലേക്കു മത്സരം നീണ്ടത്.
What you should work next
എന്നാൽ അഞ്ചാം സെറ്റിൽ വീണ്ടും കളി മാറി. ഇറ്റാലിയൻ താരം പതറിത്തുടങ്ങിയതോടെ കളിമൺ കോർട്ട് സാക്ഷിയായത് സ്വരേവിന്റെ ആധിപത്യത്തിന്. 6–1ന് വിജയിച്ച താരം കരിയറിലെ ആദ്യ ഗ്രാൻഡ് സ്‍ലാം സ്വന്തമാക്കി ആഘോഷം തുടങ്ങി. മുൻപ് 10 തവണ ഗ്രാൻഡ് സ്‍ലാം സെമി ഫൈനലുകൾ കളിച്ചിട്ടും ജർമൻ താരത്തിന് ഒരു തവണ പോലും കിരീടത്തിലെത്താൻ സാധിച്ചിരുന്നില്ല. മൂന്നു ഫൈനലുകളിലാണ് സ്വരേവ് മുൻപ് ഇറങ്ങിയിട്ടുള്ളത്. എല്ലാം തോറ്റുമടങ്ങേണ്ടി വന്നു. 2020 യുഎസ് ഓപ്പണിൽ ഡോമിനിക് തിയേമിനോടും 2024 ഫ്രഞ്ച് ഓപ്പണില്‍ കാർലോസ് അൽകാരസിനോടും 2025 ഓസ്ട്രേലിയൻ ഓപ്പണിൽ യാനിക് സിന്നറിനോടുമാണ് സ്വരേവ് തോൽവി വഴങ്ങിയത്. ഒടുവിൽ കാത്തിരുന്നു കിട്ടിയ വിജയത്തിനു മധുരമേറും.
ഗ്രാൻഡ് സ്‍ലാമുകളിൽ സ്വരേവ് ഏറ്റവും കൂടുതല്‍ തിളങ്ങിയിട്ടുള്ളത് ഫ്രഞ്ച് ഓപ്പണിലാണ്. 44 മത്സര വിജയങ്ങളും 10 തോൽവികളുമാണ് റോളാങ് ഗാരോസിൽ സ്വരേവിന് കരിയറിലുള്ളത്. 2021, 2022, 2023 സീസണുകളിൽ ഫ്രഞ്ച് ഓപ്പണ്‍ സെമി വരെയെത്തിയിട്ടും കലാശപ്പോരിലേക്കു ടിക്കറ്റ് ലഭിച്ചില്ല. 2022 ലെ സെമിയിൽ റാഫേൽ നദാലിനോടു പൊരുതുന്നതിനിടെ സ്വരേവ് പരുക്കേറ്റു പിൻമാറുകയായിരുന്നു. 2024ലെ ഫൈനലിൽ അൽകാരസിനോട് 3–6, 6–2, 7–5, 1–6, 2–6 എന്ന സ്കോറിനായിരുന്നു ജര്‍മൻ താരം തോൽവി വഴങ്ങിയത്.
കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപ്പണിൽ മൂന്നാം റൗണ്ടിൽ സ്വരേവും ഫ്ലാവിയോ കോബോളിയും നേർക്കുനേർ വന്നതാണ്. കളിമൺ കോർട്ടിൽ 6–2, 7–6, 6–1 എന്ന സ്കോറിനായിരുന്നു അന്ന് സ്വരേവിന്റെ വിജയം. കഴിഞ്ഞ വർഷം നടന്ന ഹലെ ഓപ്പണിലും ഈ വർഷത്തെ മഡ്രിഡ് ഓപ്പണിലും ക്വാർട്ടർ ഫൈനലുകളിൽ ഇരുവരും ഏറ്റുമുട്ടിയപ്പോഴും സ്വരേവിനായിരുന്നു വിജയം. എന്നാൽ 2026 മ്യൂണിക് ഓപ്പണിൽ കോബോളി 6–3, 6–3 എന്ന സ്കോറിൽ നേരിട്ടുള്ള സെറ്റുകൾക്ക് നിലവിലെ ചാംപ്യനായ സ്വരേവിനെ വീഴ്ത്തിയത് ടെന്നിസ് ലോകത്ത് ഞെട്ടലായി. റാങ്കിങ്ങിൽ ആദ്യ അഞ്ച് റാങ്കിങ്ങിലുള്ള താരങ്ങള്‍ക്കെതിരെ കോബോളിയുടെ ആദ്യ വിജയം കൂടിയായിരുന്നു ഇത്. 2026 ൽ ഗ്രാൻഡ് സ്‍ലാം വേദിയിൽ വീണ്ടും നേർക്കുനേർ വന്നതോടെ ഇറ്റാലിയന്‍ താരത്തോടു കണക്കുതീർക്കാനുള്ള അവസരവും സ്വരേവിന് ലഭിച്ചു.
English Summary:





English (US) ·