Published: June 04, 2026 06:35 PM IST
1 minute Read
ലണ്ടന്‍∙ ചെറു പ്രായത്തിൽ തന്നെ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചാ വിഷയമായ ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ വോൺ. വലിയ തയാറെടുപ്പുകളൊന്നുമില്ലാതെയാണ് വൈഭവ് കളിക്കാനിറങ്ങുന്നതെന്ന് മൈക്കല്‍ വോൺ ഒരു പോഡ്കാസ്റ്റിൽ വ്യക്തമാക്കി. ‘‘കഴിഞ്ഞ ആഴ്ച ഞാൻ മുംബൈയിലുണ്ടായിരുന്നു. രാജസ്ഥാൻ മുംബൈയ്ക്കെതിരെ കളിക്കുകയാണ്. പ്ലേഓഫിലെത്താൻ അവർക്കു വിജയം നിർണായകമാണ്. യശസ്വി ജയസ്വാൾ എന്നോടു വന്ന് സംസാരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഈ കുട്ടി വന്നു. അവന്റെ കളി കാണുന്നതിൽ സന്തോഷമുണ്ടെന്നു ഞാൻ പറഞ്ഞു.’’
‘‘മത്സരങ്ങൾക്ക് എങ്ങനെ തയാറെടുക്കുന്നു എന്നു ഞാൻ ചോദിച്ചു. മത്സരങ്ങൾക്കു മുൻപ് കാർട്ടൂണുകൾ കാണുമെന്നായിരുന്നു മറുപടി. പരിശീലിക്കാറില്ലെന്നാണ് അവൻ പറയുന്നത്. പ്രത്യേകിച്ച് ഭക്ഷണ രീതിയൊന്നുമില്ല. എല്ലാം കഴിക്കും. കാർട്ടൂൺ കണ്ട്, ഇഷ്ടമുള്ളതെല്ലാം കഴിച്ച് പന്തുകൾ അദ്ദേഹം ഗ്രൗണ്ടിന് പുറത്തേക്ക് അടിച്ചു പറത്തുകയാണ്.’’– മൈക്കൽ വോൺ വ്യക്തമാക്കി. നേരത്തേ തയാറാക്കിയ ആസൂത്രണ പ്രകാരമല്ല വൈഭവ് ഗ്രൗണ്ടിൽ ബാറ്റു ചെയ്യുന്നതെന്ന് അലിസ്റ്റർ കുക്കും പ്രതികരിച്ചു.
ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിലാണ് വൈഭവ് ഇനി കളിക്കുക. അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിലും വൈഭവ് കളിച്ചേക്കുമെന്നു വിവരമുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ് പുരസ്കാരവും സ്വന്തമാക്കിയാണ് വൈഭവ് സീസൺ അവസാനിപ്പിച്ചത്. 16 മത്സരങ്ങൾ കളിച്ച വൈഭവ് ഒരു സെഞ്ചറിയും അഞ്ച് അർധ സെഞ്ചറികളും ഉൾപ്പടെ 776 റൺസാണു നേടിയത്.
436.5 പോയിന്റുകളുമായി സീസണിലെ ‘മോസ്റ്റ് വാല്വബിൾ പ്ലേയർ’ പുരസ്കാരവും വൈഭവ് നേടി. 72 സിക്സുകൾ നേടിയ വൈഭവ് സീസണിൽ കൂടുതൽ സിക്സുകൾ അടിച്ച താരമായി. ഉയർന്ന സ്ട്രൈക്ക് റേറ്റിനുള്ള ‘സൂപ്പർ സ്ട്രൈക്കർ’ പുരസ്കാരവും വൈഭവിനെ തേടിയെത്തി. 237 സ്ട്രൈക്ക് റേറ്റിൽ ബാറ്റു വീശിയ വൈഭവിന് കാറാണ് സമ്മാനമായി ലഭിച്ചത്. സീസണിലെ എമർജിങ് പ്ലേയർ പുരസ്കാരവും വൈഭവിനാണ്. പുരസ്കാര ദാനച്ചടങ്ങിലെ കണക്കുകൾ നോക്കിയാൽ 65 ലക്ഷം രൂപവരെ വൈഭവിന് സമ്മാനമായി മാത്രം ലഭിച്ചിട്ടുണ്ടാകും. 1.10 കോടി രൂപയാണ് വൈഭവിന് ഒരു ഐപിഎൽ സീസണിനായി രാജസ്ഥാൻ റോയൽസ് നൽകുന്ന പ്രതിഫലം.
English Summary:





English (US) ·