Published: May 22, 2026 02:56 PM IST Updated: May 22, 2026 08:10 PM IST
2 minute Read
അഹമ്മദാബാദ് ∙ ഐപിഎൽ സീസണിൽ അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മലയാളി താരം സഞ്ജു സാംസണ് കടുത്ത തിരിച്ചടി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിക്കറ്റ് കീപ്പിങ്ങിനിടെ കൈവിരലിന് പരുക്കേറ്റ സഞ്ജുവിന്, ബാറ്റിങ്ങിൽ നേരിട്ട ആദ്യ പന്തിൽ തന്നെ റണ്ണൊന്നുമെടുക്കാതെ പുറത്താകേണ്ടി വന്നു. മത്സരത്തിൽ 89 റൺസിന്റെ ദയനീയ തോൽവിയാണ് ചെന്നൈ ഏറ്റുവാങ്ങിയത്. ഇതോടെ 2023ൽ കിരീടം നേടിയ ശേഷം തുടർച്ചയായ മൂന്നാം സീസണിലും പ്ലേഓഫിൽ കടക്കാതെ ചെന്നൈ പുറത്തായി. ഇതാദ്യമായാണ് ചെന്നൈ തുടർച്ചയായ മൂന്നു സീസണുകളിൽ പ്ലേഓഫിൽ കടക്കാതിരിക്കുന്നത്.
∙ പരുക്ക് ‘മൈൻഡ്’ ആക്കാതെ സഞ്ജുമത്സരത്തിൽ ടോസ് നേടിയ സിഎസ്കെ, ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഗുജറാത്ത് ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ സ്പെൻസർ ജോൺസൻ എറിഞ്ഞ ലെഗ് സൈഡിലേക്കുള്ള ഒരു വൈഡ് ഡെലിവറി തടയാൻ ശ്രമിക്കുന്നതിനിടെയാണ് സഞ്ജുവിന്റെ ഇടതു കൈവിരലിന് പരുക്കേൽക്കുന്നത്. പന്ത് അപ്രതീക്ഷിതമായി ദിശ മാറിയാണ് സഞ്ജുവിന്റെ ഗ്ലൗസിൽ ഇടിച്ചത്. കടുത്ത വേദനയെത്തുടർന്ന് ഫിസിയോയുടെ സഹായം തേടിയ താരം ഉടൻ തന്നെ മൈതാനം വിട്ടു. തുടർന്ന് ഉർവിൽ പട്ടേലാണ് ചെന്നൈക്കായി വിക്കറ്റ് കീപ്പ് ചെയ്തത്.
ഗുജറാത്ത് ഉയർത്തിയ 230 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈക്കായി പരുക്ക് വകവയ്ക്കാതെ സഞ്ജു ഓപ്പണറായി ബാറ്റിങ്ങിനിറങ്ങി. എന്നാൽ ആരാധകരെ നിരാശരാക്കിക്കൊണ്ട് മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ പന്തിൽ തന്നെ ഷോട്ടിന് ശ്രമിച്ച സഞ്ജുവിന് പിഴച്ചു. എഡ്ജായ പന്ത് വിക്കറ്റ് കീപ്പർ ജോസ് ബട്‌ലറുടെ കൈകളിൽ ഒതുങ്ങിയതോടെ സംപൂജ്യനായി താരം പുറത്തായി. 14 വർഷം നീണ്ട ഐപിഎൽ കരിയറിൽ മൂന്നാം തവണ മാത്രമാണ് സഞ്ജു ഗോൾഡൻ ഡക്കാകുന്നത്. 2017ൽ മുംബൈ ഇന്ത്യൻസിനെതിരെയും 2018ൽ ആർസിബിക്കെതിരെയുമാണ് ഇതിനു മുൻപ് സഞ്ജു ഗോൾഡൻ ഡക്കായത്. എട്ടു വർഷത്തിനു ശേഷമാണ് വീണ്ടും നേരിട്ട ആദ്യ പന്തിൽ തന്നെ മടങ്ങുന്നത്.
∙ ധോണിയെ മറികടന്ന സഞ്ജുഅവസാന മത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും, രാജസ്ഥാൻ റോയൽസിൽനിന്നു ചെന്നൈ സൂപ്പർ കിങ്സിലേക്ക് മാറിയ ഈ ഐപിഎൽ സീസൺ സഞ്ജുവിന് റെക്കോർഡുകളുടേതായിരുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തോടെ സഞ്ജു തന്റെ റൺസ് സമ്പാദ്യം 477 ആക്കി ഉയർത്തിയിരുന്നു. ഇതോടെ സിഎസ്കെയ്ക്കായി ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് സഞ്ജു സ്വന്തമാക്കി. 2013ൽ 461 റൺസ് നേടിയ എം.എസ്.ധോണിയുടെ 13 വർഷം പഴക്കമുള്ള റെക്കോർഡാണ് സഞ്ജു തിരുത്തിയത്. എന്നാൽ 500 റൺസെന്ന നാഴികക്കല്ല് മറികടക്കാൻ സഞ്ജുവിനായില്ല. 2024ൽ സഞ്ജു, 15 ഇന്നിങ്സുകളിൽനിന്ന് 531 റൺസ് നേടിയിരുന്നു.
പക്ഷേ ഈ സീസണിൽ രണ്ടു തകർപ്പൻ സെഞ്ചറികൾ നേടിയും മൂന്നു തവണ പ്ലെയർ ഓഫ് ദ് മാച്ചായും സഞ്ജു മിന്നി. ഡൽഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾക്കെതിരെയായിരുന്നു സഞ്ജുവിന്റെ സെഞ്ചറി. ഈ രണ്ടു മത്സരങ്ങളിൽ പ്ലെയർ ഓഫ് ദ് മാച്ചായ സഞ്ജു, ഡൽഹിക്കെതിരെ രണ്ടാം മത്സരത്തിൽ അർധസെഞ്ചറി നേടി ടീമിനെ വിജയത്തിലെത്തിച്ചു. ഇതോടെ കളിയിലെ താരവുമായി. ഈ സീസണിൽ മൂന്നു പ്ലെയർ ഓഫ് മാച്ച് പുരസ്കാരം നേടിയ ഏക താരമാണ് സഞ്ജു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @CofCricket എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:
Sanju Samson suffered a setback during the IPL play successful a important lucifer against Gujarat Titans. Despite a digit wounded sustained portion wicket-keeping, helium came retired to bat but was dismissed connected the archetypal shot without scoring, contributing to Chennai's dense decision and consequent playoff elimination.







English (US) ·