Published: May 21, 2026 01:26 PM IST
1 minute Read
കൊൽക്കത്ത∙ ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടത്തിനിടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആശങ്കയായി യുവ താരം അങ്ക്രിഷ് രഘുവംശിയുടെ പരുക്ക്. ഐപിഎലിൽ മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിൽ ഫീല്‍ഡിങ്ങിനിടെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പർ അങ്ക്രിഷ് രഘുവംശിയും സ്പിന്നർ വരുൺ ചക്രവർത്തിയും കൂട്ടിയിടിച്ച് ഗ്രൗണ്ടിൽ വീണിരുന്നു. മുംബൈ ബാറ്റിങ്ങിനിടെ 11–ാം ഓവറിലായിരുന്നു സംഭവം. ഉയർന്നുപൊങ്ങിയ പന്തു പിടിച്ചെടുക്കാൻ സാധിക്കാത്തതിൽ വരുൺ ചക്രവർത്തി, കൊൽക്കത്ത വിക്കറ്റ് കീപ്പറെ ഗ്രൗണ്ടിൽവച്ച് ശകാരിക്കുകയും ചെയ്തു.
തിലക് വർമയെ പുറത്താക്കാനുള്ള അവസരമായിരുന്നു കൊൽക്കത്ത താരങ്ങളുടെ കൂട്ടിയിടിയിൽ നഷ്ടമായത്. ക്യാച്ച് അവസരം പാഴാക്കിയതിൽ കൊൽക്കത്ത പരിശീലകൻ അഭിഷേക് നായർ ഡഗ്ഔട്ടിൽ അസ്വസ്ഥനായി ഇരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. വേദന അനുഭവപ്പെട്ടെങ്കിലും കളി തുടർന്ന രഘുവംശി, 14–ാം ഓവറിൽ ഗ്രൗണ്ട് വിട്ടു. ടീം ഡോക്ടർമാരെത്തി പരിശോധിച്ച ശേഷമാണ് രഘുവംശിയെ ഗ്രൗണ്ടിൽനിന്നു കൊണ്ടുപോയത്.
മുംബൈ ഇന്ത്യൻസിനെതിരെ നാലു വിക്കറ്റ് വിജയമാണു കൊൽക്കത്ത നേടിയത്. ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തപ്പോള്‍, കൊൽക്കത്ത 18.5 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ജയത്തോടെ, ഒരു മത്സരം കൂടി ബാക്കിയുള്ള കൊൽക്കത്തയ്ക്ക് പ്ലേ ഓഫിലേക്കു നേരിയ പ്രതീക്ഷയായി. രാജസ്ഥാൻ, പഞ്ചാബ് ടീമുകൾ അവസാന മത്സരം ജയിക്കാതെ വന്നാൽ, മികച്ച മാർജിനിൽ അടുത്ത കളി ജയിച്ചാൽ പ്ലേ ഓഫ് എന്ന വിദൂര സ്വപ്നം കൊൽക്കത്തയെ തേടിയെത്താൻ സാധ്യതയുണ്ട്.
24നു ഡൽഹിക്കെതിരെ ഈഡൻ ഗാർഡൻസിലാണ് കൊൽക്കത്തയുടെ അവസാന മത്സരം. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയെ ഞെട്ടിച്ചാണ് മുംബൈ തുടങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ അർധ സെഞ്ചറി നേടി മികച്ച ഫോമിലുള്ള ഫിൻ അലനെ (5 പന്തിൽ 8) ആദ്യ ഓവറിൽ തന്നെ ദീപക് ചാഹർ പുറത്താക്കി. തുടർന്ന് മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ അജിൻക്യ രഹാനെ (17 പന്തിൽ 21) കൊൽക്കത്തയുടെ സ്കോർ ബോർഡ് ചലിപ്പിച്ചു. 6–ാം ഓവറിൽ രഹാനയെയും തൊട്ടടുത്ത ഓവറിൽ കാമറൂൺ ഗ്രീനിനെയും (8 പന്തിൽ 4) കോർബിൻ ബോഷ് പുറത്താക്കിയത് മുംബൈയ്ക്ക് നേരിയ പ്രതീക്ഷ നൽകി. റോവ്മാൻ പവലിനെ കൂട്ടുപിടിച്ച് മനീഷ് പാണ്ഡെ നടത്തിയ പോരാട്ടമാണ് കൊൽക്കത്തയുടെ ജയം ഉറപ്പാക്കിയത്.
English Summary:







English (US) ·