കൊളംബോ∙ ഇന്ത്യ– പാക്കിസ്ഥാൻ ടീമുകൾക്കിടയിൽ നിലനിൽക്കുന്ന ‘നോ ഹാൻഡ്ഷെയ്ക്’ പോളിസി ഇന്നത്തെ മത്സരത്തിലും ആവർത്തിക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. ഹസ്തദാനത്തെ കുറിച്ചു ചോദിച്ചപ്പോൾ തീരുമാനിക്കേണ്ടത് ഇന്ത്യയാണെന്നായിരുന്നു പാക്ക് ക്യാപ്റ്റൻ സൽമാൻ അലി ആഗയുടെ മറുപടി. കളിയുടെ മാന്യത കാത്തുസൂക്ഷിക്കണമെന്നും ആഗ പറഞ്ഞു. ‘‘ക്രിക്കറ്റ് അതിന്റെ അന്തസ്സോടെ കളിക്കണം. എന്റെ വ്യക്തിപരമായ അഭിപ്രായം പ്രശ്നമല്ലായിരിക്കാം. പക്ഷേ ക്രിക്കറ്റ് എപ്പോഴും എങ്ങനെ കളിക്കണമെന്ന് ഉദ്ദേശിച്ചിട്ടുണ്ടോ അതിനനുസരിച്ചായിരിക്കണം കളിക്കേണ്ടത്. എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്.’’– സൽമാൻ ആഗ പറഞ്ഞു.
‘നമുക്ക് നാളെ കാണാം’ എന്നായിരുന്നു ഇതെക്കുറിച്ചുള്ള ചോദ്യത്തോട് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ പ്രതികരണം. ‘‘24 മണിക്കൂർ കാത്തിരിക്കൂ. എന്തിനാണ് അതിൽ ഇത്രയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്? ഞങ്ങൾ ക്രിക്കറ്റ് കളിക്കാൻ വന്നതാണ്. നന്നായി ക്രിക്കറ്റ് കളിക്കും. മറ്റു തീരുമാനങ്ങളെല്ലാം നാളെ എടുക്കാം. അതിനായി കാത്തിരിക്കൂ. നന്നായി ഭക്ഷണം കഴിച്ച് ഉറങ്ങൂ.’’– സൂര്യ ശനിയാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ വർഷം ദുബായിൽ നടന്ന ഏഷ്യാ കപ്പ് ടൂർണമെന്റ് മുതൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങളിൽ താരങ്ങൾ പരസ്പരം ഹസ്തദാനം നടത്തുന്നില്ല. പഹൽഗാം കൂട്ടക്കൊലയ്ക്കും തുടർന്ന് ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂരിനും ശേഷമാണ് ഏഷ്യാ കപ്പ് നടന്നത്. ഇതെത്തുടർന്നാണ് ഹസ്തദാനം ഒഴിവാക്കിയത്. എന്നാൽ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽനിന്നു ബഹിഷ്കരണ ഭീഷണി മുഴക്കിയ പാക്കിസ്ഥാന്‍, ‘നോ ഹാൻഡ്ഷെയ്ക്’ പോളിസി അവസാനിപ്പിക്കണമെന്ന ഉപാധി ഐസിസിക്ക് മുന്നിൽ വച്ചിരുന്നു. ഇക്കാര്യം ബിസിസിഐ അംഗീകരിക്കുമോ എന്നു കണ്ടറിയണം. ഇന്ത്യൻ ആരാധകരുടെ വികാരം കൂടി കണിക്കിലെടുത്താകും അത്.
∙ മത്സരം കാണാൻ ബുൾബുൾഇന്ത്യ-പാക്കിസ്ഥാൻ മത്സരം കാണാൻ കൊളംബോയിലുണ്ടാകുമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് മേധാവി അമിനുൾ ഇസ്‌ലാം ബുൾബുൾ പറഞ്ഞു. മത്സരം കാണാൻ ഐസിസി ക്ഷണിച്ചതായി ബുൾബുൾ ബംഗ്ലദേശ് മാധ്യമത്തോടു പറഞ്ഞു. ‘‘ഐസിസി ഒരു തീരുമാനമെടുത്തു. ഐസിസിയുടെ പ്രധാന പങ്കാളികൾ അഞ്ച് ഏഷ്യൻ രാജ്യങ്ങളാണ്. 15 ന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ ലോകകപ്പ് മത്സരത്തിന്, അഞ്ച് ഏഷ്യൻ രാജ്യങ്ങളുടെയും പ്രതിനിധികൾ ഒരുമിച്ച് മൈതാനത്ത് ഉണ്ടായിരിക്കണമെന്നും മത്സരം ഒരുമിച്ച് കാണണമെന്നും പരസ്പരം സംസാരിക്കണമെന്നും അവർ ആഗ്രഹിക്കുന്നു.’’– ബുൾബുൾ പറഞ്ഞു.
ഇന്ത്യയിൽ കളിക്കില്ലെന്ന് നിലപാടെടുത്തതിനെ തുടർന്ന് ബംഗ്ലദേശിനെ ലോകകപ്പിൽനിന്ന് ഐസിസി പുറത്താക്കിയിരുന്നു. ഇന്ത്യയിൽ നിന്ന്, ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസ്, സെക്രട്ടറി ദേവജിത് സൈകിയ, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല എന്നിവർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വി, പാക്കിസ്ഥാൻ സൂപ്പർ ലീഗ് സിഇഒ സൽമാൻ നസീർ, ചീഫ് ഓപ്പറേറ്റിങ് ഓഫിസർ സുമൈർ അഹമ്മദ് എന്നിവരും മത്സരം കാണാൻ കൊളംബോയിലുണ്ട്. ഇവർ ഐസിസി ചെയർമാൻ ജയ് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഐസിസി നടത്തിയ നിർണായക ഇടപെടലിലാണ് ഇന്ത്യയുമായുള്ള മത്സരത്തിൽനിന്നുള്ള ബഹിഷ്കരണത്തിൽനിന്നു പാക്കിസ്ഥാൻ പിന്മാറിയത്.
English Summary:







English (US) ·