കോടികള്‍ വാങ്ങിയ പരിചയ സമ്പന്നർ ടീമുകൾക്കു ബാധ്യതയാകുന്നോ? പിള്ളേർ കത്തിക്കയറുമ്പോൾ ടെന്‍ഷന്‍!

1 month ago 7

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പത്തൊൻപതാം പതിപ്പിന് കൊടിയേറിയപ്പോൾ ആരാധകർ കാത്തിരുന്നത് സിക്സറുകളുടെ പെരുമഴയ്ക്കും അപ്രതീക്ഷിത വിജയങ്ങൾക്കുമായിരുന്നു. എന്നാൽ ആദ്യ ഏഴ് ദിവസങ്ങൾ പിന്നിടുമ്പോൾ ചർച്ചയാകുന്നത് അപ്രതീക്ഷിത വിജയങ്ങളേക്കാൾ ഉപരി, ടീമുകളുടെ നെടുംതൂണുകളാകുമെന്ന് കരുതിയ ചില സൂപ്പർ താരങ്ങളുടെ ദയനീയ പ്രകടനമാണ്. ലോകകപ്പിലെ മിന്നും ഫോമും ലേലത്തിലെ റെക്കോർഡ് തുകകളും നൽകിയ ആത്മവിശ്വാസത്തിൽ മൈതാനത്തിറങ്ങിയ പലരും പാതിവഴിയിൽ പതറുന്നതാണ് ആദ്യ വാരത്തിലെ കാഴ്ച. യുവതാരങ്ങൾ അദ്ഭുതങ്ങൾ കാട്ടുമ്പോൾ, പരിചയസമ്പന്നരായ സീനിയർ താരങ്ങളും വമ്പൻ വിലയുള്ള വിദേശ താരങ്ങളും ടീമിന് ബാധ്യതയാകുന്നുവോ എന്ന ചോദ്യം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു. ഐപിഎൽ 2026ന്റെ ആദ്യ വാരത്തിൽ ആരാധകരെയും ടീം മാനേജ്‌മെന്റിനെയും ഒരുപോലെ നിരാശപ്പെടുത്തിയ 6 പ്രമുഖ താരങ്ങളുടെ പ്രകടനം പരിശോധിക്കാം.

∙ കാമറൂൺ ഗ്രീൻ (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്)

ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി. ഐപിഎൽ 2026 ലേലത്തിലെ ഏറ്റവും വലിയ തുകയായ 25.20 കോടി രൂപയ്ക്ക് കെകെആറിലെത്തിയ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ആണ് പരാജയപ്പെട്ടവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരത്തിൽ 10 പന്തിൽ 18 റൺസ് എടുത്തെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ താരത്തിന് സാധിച്ചില്ല. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ വെറും 2 റൺസിന് റണ്ണൗട്ടായി പുറത്തായത് കെകെആറിന് വലിയ തിരിച്ചടിയായി. പഞ്ചാബ് കിങ്സിനെതിരായ മൂന്നാം മത്സരത്തില്‍ നാലു റണ്‍സെടുത്തും പുറത്തായി. പരുക്കുമൂലം ബോളിങ്ങിൽ കാര്യമായ സംഭാവന നൽകാൻ കഴിയാത്തതും ഗ്രീനിന്റെ മൂല്യത്തെ ചോദ്യം ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമെന്ന നിലയിൽ ബാറ്റിങ്ങിൽ താരം പുലർത്തുന്ന മെല്ലെപ്പോക്ക് ആരാധകരെ നിരാശരാക്കുന്നുണ്ട്.

∙ സഞ്ജു സാംസൺ (ചെന്നൈ സൂപ്പർ കിങ്സ്)

രാജസ്ഥാൻ റോയൽസിൽനിന്ന് ചെന്നൈ സൂപ്പർ കിങ്സിലേക്ക് റെക്കോർഡ് ട്രേഡിലൂടെ എത്തിയ സഞ്ജു സാംസണെ സംബന്ധിച്ച് ഇത് ഐപിഎൽ കരിയറിലെ തന്നെ മോശം തുടക്കമാണ്. 18 കോടി രൂപ പ്രതിഫലത്തിൽ സിഎസ്‌കെയിൽ എത്തിയ സഞ്ജുവിന് ആദ്യ മൂന്ന് മത്സരങ്ങളിലും രണ്ടക്ക സംഖ്യ കടക്കാൻ പോലും സാധിച്ചില്ല. ആദ്യ മൂന്ന് ഇന്നിങ്സുകളിൽ യഥാക്രമം 6, 7, 9 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോറുകൾ. ആകെ നേടിയത് വെറും 22 റൺസ് മാത്രം. ട്വന്റി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷം സിഎസ്‌കെയിൽ എത്തിയ സഞ്ജുവിൽ നിന്ന് വലിയ ഇന്നിങ്സുകളാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ സ്ഥിരതയില്ലാത്ത ബാറ്റിങ് സിഎസ്‌കെയുടെ മിഡിൽ ഓർഡറിനെ സമ്മർദത്തിലാക്കുന്നു.

∙ അർഷ്ദീപ് സിങ് (പഞ്ചാബ് കിങ്സ്)

പഞ്ചാബ് കിങ്സ് വലിയ പ്രതീക്ഷയോടെ നിലനിർത്തിയ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിന് ഈ സീസനിലെ ആദ്യ വാരം ഒരു പേടിസ്വപ്നമായി മാറിയിരിക്കുന്നു. ഡെത്ത് ഓവറുകളിലെ സ്പെഷലിസ്റ്റ് എന്ന് അറിയപ്പെടുന്ന താരം റൺസ് വിട്ടുകൊടുക്കുന്നതിൽ യാതൊരു നിയന്ത്രണവും കാണിക്കുന്നില്ല. ഗുജറാത്ത് ടൈറ്റൻസിനെതിരെ 4 ഓവറിൽ 42 റൺസ് വഴങ്ങിയ താരം, ചെന്നൈ സൂപ്പർ കിങ്സിനെതിരെ 4 ഓവറിൽ 41 റൺസ് വിട്ടുകൊടുത്തു. മഴ മൂലം ഉപേക്ഷിച്ച കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ 2 ഓവറില്‍ 16 റൺസാണ് വിട്ടുകൊടുത്തത്. മൂന്ന് മത്സരങ്ങളിൽ നിന്നും ഒരു വിക്കറ്റ് പോലും നേടാൻ സാധിക്കാത്തതും 11 പന്തുകൾ നീണ്ട ഓവർ എറിഞ്ഞതും അർഷ്ദീപിന്റെ ലൈനും ലെങ്തും നഷ്ടപ്പെട്ടതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

∙ വരുൺ ചക്രവർത്തി (കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്)

കെകെആറിന്റെ മൂന്ന് കിരീട നേട്ടങ്ങളിലും നിർണായക പങ്കുവഹിച്ച 'മിസ്റ്ററി സ്പിന്നർ' വരുൺ ചക്രവർത്തിക്ക് തന്റെ മാജിക് ഈ സീസനിൽ പുറത്തെടുക്കാനായിട്ടില്ല. ബാറ്റിങ്ങിന് അനുകൂലമായ പിച്ചുകളിൽ വരുണിനെ ബാറ്റർമാർ അനായാസം നേരിടുന്ന കാഴ്ചയാണ് ആദ്യ ആഴ്ചയിൽ കണ്ടത്. മുംബൈ ഇന്ത്യൻസിനെതിരെ 4 ഓവറിൽ വരുൺ വഴങ്ങിയത് 48 റൺസാണ്. ഇക്കോണമി റേറ്റ് 12.0. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വെറും രണ്ട് ഓവർ മാത്രം എറിഞ്ഞ താരം 31 റൺസാണ് വിട്ടുനൽകിയത്. ആക്രമിച്ചു കളിക്കുന്ന ബാറ്റർമാർക്ക് മുന്നിൽ പന്തുകളുടെ വേഗത്തിലും ലെങ്തിലും വരുൺ പതറുകയാണ്. കെകെആർ മാനേജ്‌മെന്റ് താരത്തിന് പൂർണ പിന്തുണ നൽകുന്നുണ്ടെങ്കിലും ഫോം വീണ്ടെടുത്തില്ലെങ്കിൽ വരുണിന്റെ സ്ഥാനം ടീമിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം.

varun-chakravarthy

വരുണ്‍ ചക്രവർത്തി

∙ കെ.എൽ. രാഹുൽ (ഡൽഹി ക്യാപിറ്റൽസ്)

ഡൽഹി ക്യാപിറ്റൽസിന്റെ ബാറ്റിങ് നിരയിൽ നങ്കൂരമിടേണ്ട സീനിയർ താരം കെ.എൽ. രാഹുലാണ് ഈ ലിസ്റ്റിലെ മറ്റൊരു ഞെട്ടിപ്പിക്കുന്ന പേര്. ഐപിഎല്ലിലും രാജ്യാന്തര ക്രിക്കറ്റിലും വലിയ അനുഭവസമ്പത്തുള്ള രാഹുലിന് ഈ സീസനിലെ ആദ്യ രണ്ട് ഇന്നിങ്സുകളിൽ നിന്ന് വെറും ഒരു റൺ മാത്രമാണ് നേടാനായത്.ക്രീസിൽ അധികനേരം ചെലവഴിക്കാനോ ടീമിന് ആവശ്യമായ പാർട്ണർഷിപ്പുകൾ പടുത്തുയർത്താനോ രാഹുലിന് സാധിക്കുന്നില്ല. കഴിഞ്ഞ മത്സരത്തിൽ അനാവശ്യമായ ഒരു മിക്സ്-അപ്പിലൂടെ (റൺ ഔട്ട്) പുറത്തായത് രാഹുലിന്റെ ആത്മവിശ്വാസക്കുറവിനെയാണ് സൂചിപ്പിക്കുന്നത്. ടീമിന്റെ ഭാരമേറിയ ബാറ്റിങ് ഉത്തരവാദിത്തം രാഹുലിന്റെ ഫോമിനെ ആശ്രയിച്ചിരിക്കുന്നതിനാൽ ഡൽഹി ക്യാപിറ്റൽസിന് അദ്ദേഹത്തിന്റെ തിരിച്ചുവരവ് അനിവാര്യമാണ്.ടൂർണമെന്റ് അതിന്റെ പ്രാരംഭ ഘട്ടത്തിലാണെങ്കിലും, ഈ വമ്പൻ താരങ്ങളുടെ പരാജയം പോയിന്റ് പട്ടികയിൽ ടീമുകളുടെ സ്ഥാനത്തെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. വരും മത്സരങ്ങളിൽ ഇവർക്ക് ഫോം വീണ്ടെടുക്കാൻ സാധിച്ചില്ലെങ്കിൽ പ്ലേ ഓഫ് മോഹങ്ങൾ പല ടീമുകൾക്കും കടുപ്പമേറിയതാകും.

kl-rahul

കെ.എൽ. രാഹുൽ

English Summary:

IPL 2026 has seen astonishing performances from young players, portion immoderate established stars person disappointed successful the archetypal matches

Read Entire Article