കോപ്പ ഡെൽ റേ ഫുട്ബോൾ സെമി ആദ്യപാദം: ബാർസയെ ഞെട്ടിച്ച് അത്‌ലറ്റിക്കോ; തോൽവി 4–0ന്

1 month ago 6

മനോരമ ലേഖകൻ

Published: February 14, 2026 07:37 AM IST Updated: February 14, 2026 10:38 AM IST

1 minute Read



കോപ്പ ഡെൽ റേ ഫുട്ബോൾ സെമി ആദ്യപാദത്തിൽ ബാർസിലോന– അത്‌ലറ്റിക്കോ മഡ്രിഡ് മത്സരത്തിൽനിന്ന് (Photo by Pierre-Philippe MARCOU / AFP)
കോപ്പ ഡെൽ റേ ഫുട്ബോൾ സെമി ആദ്യപാദത്തിൽ ബാർസിലോന– അത്‌ലറ്റിക്കോ മഡ്രിഡ് മത്സരത്തിൽനിന്ന് (Photo by Pierre-Philippe MARCOU / AFP)

Follow Us

Facebook

WhatsApp

മഡ്രിഡ് ∙ സ്പെയിനിലെ കോപ്പ ഡെൽ റേ ഫുട്ബോൾ സെമിഫൈനലിന്റെ ആദ്യപാദ മത്സരത്തിൽ, നിലവിലെ ചാംപ്യന്മാരായ ബാർസിലോനയ്ക്കു ഞെട്ടിക്കുന്ന തോൽവി. അത്‌ലറ്റിക്കോ മഡ്രിഡ് 4–0ന് ബാർസയെ കീഴടക്കി. ബാർസ ഗോൾകീപ്പർ ജോൻ ഗാർഷ്യയുടെ പിഴവിൽനിന്ന് ആദ്യ ഗോൾ നേടിയ അത്‌ലറ്റിക്കോ പിന്നീടു 3 എണ്ണം കൂടി നേടി സ്കോർ പട്ടിക പൂർണമാക്കി.

7–ാം മിനിറ്റിൽ എറിക് ഗാർഷ്യ നൽകിയ ബാക്ക് പാസ് പിടിക്കുന്നതിൽ പിഴച്ച ബാർസ ഗോളി ജോൻ ഗാർഷ്യയാണ് അത്‌ലറ്റിക്കോയുടെ മൈതാനത്ത് ആദ്യം ബാർസ ആരാധകരെ ഞെട്ടിച്ചത്. സെൽഫ് ഗോളിൽ ലീഡെടുത്ത അത്‌ലറ്റിക്കോ മഡ്രിഡ് പിന്നീടു വെറുതെയിരുന്നില്ല. അന്റോയ്ൻ ഗ്രീസ്മാൻ (14–ാം മിനിറ്റ്), അഡെമോല ലുക്മാൻ (33), യൂലിയൻ അൽവാരസ് (45+2) എന്നിവരും ഗോൾ നേടിയതോടെ ആദ്യപകുതിക്കു പിരിയും മുൻപേ ആതിഥേയർ 4–0 ലീഡെടുത്തു.

രണ്ടാം പകുതിയിൽ കാര്യമായൊന്നും ചെയ്യാൻ അത്‌ലറ്റിക്കോയുടെ കടുത്ത പ്രതിരോധം ബാർസയെ അനുവദിച്ചതുമില്ല. പൗ കുബാർസി അത്‌ലറ്റിക്കോ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായി. 85–ാം മിനിറ്റിലെ ഫൗളിന് എറിക് ഗാർഷ്യയ്ക്കു ചുവപ്പുകാർഡ് കിട്ടിയതോടെ ബാർസ 10 പേരിലേക്കു ചുരുങ്ങി. സ്വന്തം ഗ്രൗണ്ടിൽ അത്‌ലറ്റിക്കോ മഡ്രിഡിനെതിരെ അടുത്ത മാസം നടക്കുന്ന രണ്ടാം പാദ സെമി ബാർസിലോനയ്ക്ക് നിർണായകമായി. രണ്ടാം സെമിഫൈനലിന്റെ ആദ്യപാദ മത്സരത്തിൽ റയൽ സോസിദാദ് 1–0ന് അത്‌ലറ്റിക് ബിൽബാവോയെ തോൽപിച്ചു.

English Summary:

Atletico Madrid delivered a stunning 4-0 decision to defending champions Barcelona successful the archetypal limb of the Copa del Rey semi-final. Barcelona's goalkeeper errors contributed to the aboriginal goals, and a beardown antiaircraft show by Atletico secured their commanding lead.

Read Entire Article