Published: March 26, 2026 04:11 PM IST
1 minute Read
തിരുവനന്തപുരം ∙ ക്രിക്കറ്റ് ആവേശം വീണ്ടും തലസ്ഥാനത്തേയ്ക്ക് എത്തുന്നു. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ രാജ്യാന്തര ഏകദിന മത്സരം സംഘടിപ്പിക്കുമെന്ന് ബിസിസിഐ അറിയിച്ചു. സെപ്റ്റംബറിൽ ഇന്ത്യ– വെസ്റ്റിൻഡീസ് പരമ്പരയിലെ ആദ്യ ഏകദിനമാണ് കാര്യവട്ടം സ്റ്റേഡയത്തിൽ നടക്കുന്നത്. ഇതടക്കം ഇന്ത്യൻ സീനിയർ പുരുഷ ടീമിന്റെ 2026-27 രാജ്യാന്തര ഹോം സീസണിലെ മത്സരക്രമങ്ങൾ ബിസിസിഐ പുറത്തുവിട്ടു.
ഈ വർഷം ജനുവരി 31നാണ് കാര്യവട്ട് അവസാനമായി രാജ്യാന്തര മത്സരം അരങ്ങേറിയത്. ഇന്ത്യ–ന്യൂസീലൻഡ് ട്വന്റി20 പരമ്പരയിലെ അവസാന മത്സരമായിരുന്നു അത്. ട്വന്റി20 ലോകകപ്പിനു മുൻപുള്ള ഇന്ത്യയുടെ അവസാന മത്സരവും. 2023 ജനുവരിയിലാണ് കാര്യവട്ടത്ത് അവസാനമായി ഏകദിന മത്സരം നടന്നത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യ 317 റൺസിന്റെ വമ്പൻ ജയം സ്വന്തമാക്കിയിരുന്നു. വിരാട് കോലിയുടെയും ശുഭ്മൻ ഗില്ലിന്റെയും സെഞ്ചറിക്കരുത്തിലായിരുന്നു ഇന്ത്യയുടെ ഉജ്വല വിജയം. നിലവിൽ കോലിയും രോഹിത് ശർമയും ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നതിനാൽ സൂപ്പർ താരങ്ങളെ നേരിട്ടു കാണുന്നതിനുള്ള അവസരം കൂടിയാണിത്.
വെസ്റ്റിൻഡീസ്, ശ്രീലങ്ക, സിംബാബ്‌വെ, ഓസ്‌ട്രേലിയ എന്നിങ്ങനെ നാല് ടീമുകൾ പങ്കെടുക്കുന്ന വിവിധ ഫോർമാറ്റുകളിലുള്ള മത്സരങ്ങളാണ് വരാനിരിക്കുന്ന സീസണിൽ ഉൾപ്പെടുന്നത്. രാജ്യത്തെ 17 നഗരങ്ങളിലായി 22 രാജ്യാന്തര മത്സരങ്ങളാണ് നടക്കുക. 2026 സെപ്റ്റംബറിൽ വെസ്റ്റിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തോടെ സീസൺ ആരംഭിക്കും. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണ് ഈ പര്യടനത്തിലുള്ളത്.
സെപ്റ്റംബർ 27ന് ഏകദിന പരമ്പരയിലെ ആദ്യ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. അടുത്ത രണ്ടു മത്സരങ്ങൾ യഥാക്രമം ഗുവാഹത്തി, ന്യൂ ചണ്ഡിഗഡ് എന്നിവിടങ്ങളിൽ നടക്കും. തുടർന്ന് ലക്നൗ, റാഞ്ചി, ഇൻഡോർ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ ട്വന്റി20 മത്സരങ്ങൾ അരങ്ങേറും. 2024 ഒക്ടോബറിനു ശേഷം ആദ്യമായാണ് ബെംഗളൂരുവിൽ രാജ്യാന്തര മത്സരം സംഘടിപ്പിക്കുന്നത്.
ഡിസംബറിൽ ശ്രീലങ്കയുമായി മൂന്ന് ഏകദിനങ്ങളും മൂന്നു ട്വന്റി20കളും അടങ്ങുന്ന പരമ്പര ഇന്ത്യ ആതിഥേയത്വം വഹിക്കും. ഏകദിന മത്സരങ്ങൾ ഡൽഹി, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലും, ട്വന്റി20 മത്സരങ്ങൾ രാജ്‌കോട്ട്, കട്ടക്ക്, പൂനെ എന്നിവിടങ്ങളിലും നടക്കും. പുതുവർഷത്തിന്റെ തുടക്കത്തിൽ, 2027 ജനുവരിയിൽ സിംബാബ്‌വെ മൂന്ന് ഏകദിന മത്സരങ്ങൾക്കായി ഇന്ത്യയിലെത്തും. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് ഈ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
സീസണിന്റെ അവസാനത്തിൽ, ലോക ക്രിക്കറ്റിലെ വമ്പന്മാരായ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്ന ബോർഡർ-ഗാവസ്കർ ട്രോഫി നടക്കും. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ ഈ പരമ്പര 2027 ജനുവരി 21ന് നാഗ്പൂരിൽ ആരംഭിക്കും. ചെന്നൈ, ഗുവാഹത്തി, റാഞ്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിലായിരിക്കും തുടർന്നുള്ള മത്സരങ്ങൾ.
English Summary:








English (US) ·