എന്നാൽ അപ്രതീക്ഷിതമായാണ് സിഎസ്കെ സഹീർ ഖാനെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് കൊണ്ടുവന്നത്. ഇന്ത്യയുടെ മുൻ സൂപ്പർ പേസറായ സഹീർ ഖാൻ ഇതിനോടകം മുംബെെ ഇന്ത്യൻസിനൊപ്പവും ലഖ്നൗ സൂപ്പർ ജയ്ന്റ്സിനൊപ്പവും പ്രവർത്തിച്ചെങ്കിലും മുഖ്യ പരിശീലകസ്ഥാനത്തേക്കെത്തുന്നത് ഇതാദ്യമായാണ്.
ചെന്നൈ സൂപ്പർ കിങ്സ് കോച്ചായി സഹീർ ഖാൻ, സഞ്ജു സാംസണിന് വൻ നേട്ടം
എന്തായാലും സഹീറിന് കീഴിൽ ശക്തമായ തിരിച്ചുവരവാണ് സിഎസ്കെ പ്രതീക്ഷിക്കുന്നത്. സഹീർ സിഎസ്കെയുടെ പരിശീലകസ്ഥാനത്തേക്ക് എത്തിയ ശേഷം ചില താരങ്ങളെ ടീമിലേക്ക് എത്തിക്കാൻ സാധ്യതയുണ്ട്. ഇത് ആരൊക്കെയാണെന്ന് പരിശോധിക്കാം.
പേസ് നിരയിലാണ് സഹീർ പ്രധാനമായും മാറ്റങ്ങൾ കൊണ്ടുവരിക. ലഖ്നൗവിലുണ്ടായിരുന്ന യുവ പേസർ മായങ്ക് യാദവിനെ സഹീർ സിഎസ്കെയിലേക്ക് കൊണ്ടുവന്നേക്കും. യുവതാരം ഇതിനോടകം ഇന്ത്യയുടെ ടി20 ടീമിന്റേയും ഭാഗമാണ്. നല്ല വേഗമുണ്ടെങ്കിലും സ്ഥിരതയിലേക്കെത്താൻ മായങ്ക് യാദവിനായിട്ടില്ല. അതുകൊണ്ടുതന്നെ മായങ്ക് യാദവിന് സഹീർ ഖാനൊപ്പം പ്രവർത്തിക്കാൻ സാധിച്ചാൽ താരത്തിനും അത് ഗുണകരമായേക്കും.
സിഎസ്കെ നിരയിൽ മികച്ച ബൗളർമാരുടെ അഭാവമുണ്ട്. വലിയ ഭാവി മുന്നിൽ ഉണ്ടെന്നിരിക്കെ മായങ്കിനെ വളർത്തിക്കൊണ്ടുവന്നാൽ സിഎസ്കെയ്ക്കുമത് ഗുണകരമായി മാറാനാണ് സാധ്യത. അതുകൊണ്ടുതന്നെ സഹീർ വരുന്ന സീസണിന് മുമ്പ് മായങ്ക് യാദവിനെ കൊണ്ടുവരാൻ ശ്രമം നടത്തിയേക്കും.
രണ്ടാമത്തെ താരം മൊഹ്സിൻ ഖാനാണ്. ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ ഇടം കെെയൻ പേസറായ മൊഹ്സിൻ ഖാൻ ഇതിനോടകം ഐപിഎല്ലിൽ തകർപ്പൻ പ്രകടനം നടത്തിയ താരങ്ങളിലൊരാളാണ്. അഞ്ച് വിക്കറ്റ് പ്രകടനമടക്കം നടത്തിയിട്ടുള്ള മൊഹ്സിന് ഇതുവരെ ഇന്ത്യക്കൊപ്പം കരിയർ സൃഷ്ടിക്കാനായിട്ടില്ല. എന്തായാലും മൊഹ്സിൻ ഇതിനോടകം മികവ് കാട്ടിയ ബൗളറാണ്.
മികച്ചൊരു ഇടം കെെയൻ പേസറെ ടീമിലേക്കെത്തിക്കാൻ സഹീർ ഖാൻ ശ്രമം നടത്തിയേക്കും. അതുകൊണ്ടുതന്നെ മൊഹ്സിനെ സിഎസ്കെയിലേക്കെത്തിക്കാൻ വരുന്ന സീസണിൽത്തന്നെ സഹീർ ഖാൻ ശ്രമിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
കോച്ചായി സഹീർ ഖാൻ എത്തി, സഞ്ജുവിന് ഇനി ശുക്രൻ; തൻ്റെ പഴയ നായകനൊപ്പം ഐപിഎൽ പോരാട്ടം
മറ്റൊരു താരം ടി നടരാജനാണ്. തമിഴ്നാടുകാരനായ നടരാജനെ ടീമിലേക്ക് കൊണ്ടുവരാൻ ഇതിനോടകം സിഎസ്കെ ശ്രമം നടത്തുന്നുണ്ടെന്നാണ് വിവരം. നന്നായി യോർക്കർ എറിയാനും സ്ലോ കട്ടർ എറിയാനും കഴിവുള്ള ബൗളറാണ് നടരാജൻ. ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിലും കളിച്ചെങ്കിലും വലിയ കരിയർ സൃഷ്ടിച്ചെടുക്കാൻ നടരാജന് സാധിച്ചിട്ടില്ല. സഹീർ ഖാനൊപ്പം സിഎസ്കെയിൽ പ്രവർത്തിച്ചാൽ നടരാജന്റെ കരിയറിലും അത് വലിയ ഗുണം ചെയ്യുമെന്നുറപ്പാണ്.
ബാറ്റിങ് നിരയിലേക്ക് യശ്വസി ജയ്സ്വാളിനെയാണ് സിഎസ്കെ നോട്ടമിടുന്നതെന്നാണ് സൂചന. ജയ്സ്വാൾ നിലവിൽ രാജസ്ഥാൻ റോയൽസിനൊപ്പമാണ്. എന്നാൽ വരുന്ന സീസണിൽ ജയ്സ്വാൾ ടീം വിടാൻ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ സിഎസ്കെ ജയ്സ്വാളിനെ ടോപ് ഓഡറിലേക്ക് നോട്ടമിട്ടേക്കും. മുംബെെ ഇന്ത്യൻസും ജയ്സ്വാളിനെ നോട്ടമിടുന്നുണ്ടെന്നാണ് വിവരം.
എന്തായാലും ജയ്സ്വാളിനെ സിഎസ്കെ ടീമിലേക്കെത്തിക്കാൻ നീക്കം നടത്താൻ സാധ്യതകളേറെയാണ്. വരുന്ന സീസണിന് മുമ്പ് മിനി താരലേലമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ 2027ന് ശേഷമാവും സിഎസ്കെ വലിയ മാറ്റങ്ങളിലേക്ക് കടക്കുക. എന്തൊക്കെയാവും സിഎസ്കെയുടെ പദ്ധതികളെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയാം.






English (US) ·