Published: March 18, 2026 03:08 PM IST
1 minute Read
കോഴിക്കോട്∙ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയാഘോഷങ്ങൾക്കിടെ സുഹൃത്തുക്കൾക്കൊപ്പം കോഴിക്കോട്ടെ ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചും ക്രിക്കറ്റ് കളിച്ചും സൂപ്പർ താരം സഞ്ജു സാംസൺ. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനു തൊട്ടുപിന്നാലെ മാതാപിതാക്കളെ കാണാനായി തിരുവനന്തപുരത്തെത്തിയ സഞ്ജു, കുടുംബത്തെ കണ്ടശേഷമാണ് വാഹനത്തിൽ കോഴിക്കോടു വരെ യാത്ര ചെയ്തത്. കോഴിക്കോട്ടെ ഹോട്ടലിൽ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവിടുന്ന സഞ്ജുവിന്റെ ദൃശ്യങ്ങൾ സ്വകാര്യ ഹോട്ടൽ ഗ്രൂപ്പാണു പുറത്തുവിട്ടത്. ലോകകപ്പ് വിജയത്തിനു ശേഷം മറ്റു താരങ്ങൾ വിദേശത്ത് അവധി ആഘോഷിക്കുമ്പോൾ സഞ്ജു കുടുംബത്തെയും സുഹൃത്തുക്കളെയും കാണുന്നതിനായി സ്വന്തം നാട്ടിലേക്കു വന്നത് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വലിയൊരു വിജയത്തിനു ശേഷം അടുപ്പമുള്ളവരെ കാണാനായി ഓടിയെത്തിയ സഞ്ജുവിന്റെ എളിമയെയും ആരാധകർ വാനോളം പുകഴ്ത്തുകയാണ്. കോഴിക്കോട്ടേക്കു യാത്ര ചെയ്ത വിവരം കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോൾ സഞ്ജു തന്നെ വെളിപ്പെടുത്തിയിരുന്നു. സ്വയം ഡ്രൈവ് ചെയ്തായിരുന്നു സഞ്ജുവിന്റെ കോഴിക്കോട് യാത്ര. സുഹൃത്തും കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ രോഹൻ കുന്നുമ്മലിന്റെ വീട്ടിലും സഞ്ജു സന്ദർശനം നടത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ടായിരുന്നു ഈ അപ്രതീക്ഷിത സന്ദർശനം. കേരള ടീമിലെ അക്ഷയ് ചന്ദ്രൻ, ഫാബിദ് ഫറൂഖ്, സൽമാൻ നിസാർ തുടങ്ങിയവരും സഞ്ജുവിനൊപ്പം രോഹന്റെ വീട്ടിലെത്തി.
കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന സഞ്ജുവും രോഹനും തമ്മിൽ സഹോദരതുല്യമായ സൗഹൃദമാണുളളത്. രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച രോഹൻ, സഞ്ജു തനിക്ക് മികച്ച മാർഗനിർദ്ദേശങ്ങളാണ് തരാറുള്ളതെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആനക്കുളത്തെ രോഹന്റെ വീട്ടിലെത്തിയ സഞ്ജുവിനെ രോഹനും പിതാവ് സുശീൽ കുന്നുമ്മലും ചേർന്നാണ് സ്വീകരിച്ചത്. അരമണിക്കൂറോളം വീട്ടിൽ ചെലവഴിച്ച ശേഷമാണ് സഞ്ജു മടങ്ങിയത്.
English Summary:







English (US) ·