Published: February 14, 2026 05:38 PM IST Updated: February 14, 2026 10:36 PM IST
1 minute Read
മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ ആരാണ്? പലർക്കും അഭിപ്രായങ്ങൾ പലതാകാമെങ്കിലും അതിൽ എം.എസ്.ധോണിയുടെ പേരുണ്ടാകുമെന്ന കാര്യം ഉറപ്പ്. ഇന്ത്യൻ ടീമിനെ ലോക ഒന്നാം നമ്പർ ക്രിക്കറ്റ് ടീമാക്കുന്നതിൽ ധോണി വഹിച്ച പങ്ക് ചെറുതല്ല. ഇന്ത്യയ്ക്ക് എല്ലാ ഐസിസി കിരീടങ്ങളും നേടിത്തന്ന ഏക നായകനാണ് ധോണി. 2017 ജനുവരിയിലാണ് ഇന്ത്യയുടെ വൈറ്റ് ബോൾ ക്രിക്കറ്റിന്റെ ക്യാപ്റ്റൻസി ചുമതല ധോണി ഒഴിഞ്ഞത്.
2014ൽ തന്നെ ടെസ്റ്റ് ക്യാപ്റ്റൻസി ധോണി, വിരാട് കോലിയെ ഏൽപ്പിച്ചിരുന്നു. വൈറ്റ് ബോൾ ഫോർമാറ്റുകളിലും ധോണിക്ക് പിൻഗാമിയായി വിരാട് കോലിയാണ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായത്. എന്നാൽ ധോണിയുടെ പടിയിറക്കം സ്വയം തീരുമാനിച്ചായിരുന്നില്ലെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് അന്നത്തെ മുഖ്യ സിലക്ടര്‍ എംഎസ്കെ പ്രസാദിനൊപ്പമുണ്ടായിരുന്ന ജതിന്‍ പരഞ്ജ്പെ. ബിസിസിഐ നിർദേശപ്രകാരമായിരുന്നു ധോണിയുടെ പടിയിറക്കമെന്നാണ് ജതിന്‍ പരഞ്ജ്പെ പറയുന്നത്. ‘ദ് ഗ്രേറ്റ് ക്രിക്കറ്റ് ഇന്ത്യന്‍ ഷോ’യിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
‘‘മഹി ബാറ്റ് ചെയ്യുകയായിരുന്നു. ഒരു മണിക്കൂറോളം ബാറ്റ് ചെയ്തു. ഞാനും എംഎസ്കെയും അതു നോക്കി, ശേഷം മുഖത്തോട് മുഖം നോക്കി. ഏറ്റവും ബഹുമാനത്തോടെ ധോണിയോട് അക്കാര്യം പറയാന്‍ ഞങ്ങള്‍ തയാറെടുത്തിരുന്നു. ഞങ്ങള്‍ ധോണിക്കരികിലേക്ക് ചെന്നു..‘നോക്ക്, നിനക്കറിയാമല്ലോ മഹീ.. ഇതാണ് മൂവ് ഓണ്‍ ചെയ്യാന്‍ പറ്റിയ ഏറ്റവും മികച്ച സമയമെന്ന് തോന്നുന്നു’ എന്ന് എംഎസ്കെ പറഞ്ഞു.
ഉടന്‍ തന്നെ ധോണി..‘അണ്ണാ, ഇതാണ് ഏറ്റവും മികച്ച തീരുമാനം. ഞാനെന്താണ് ചെയ്യേണ്ടതെന്ന് പറയൂ...’.എങ്കില്‍ അക്കാര്യം എഴുതിത്തരൂ, മൂവ് ഓണ്‍ ചെയ്യാന്‍ തയാറാണെന്ന് എഴുതൂ എന്ന് എംഎസ്കെ പറഞ്ഞു. അന്ന് രാത്രി ഏറെ വൈകി ഞങ്ങള്‍ക്ക് ഒരു ഇമെയില്‍ സന്ദേശം ലഭിച്ചു അതിങ്ങനെയായിരുന്നു..‘ഞാന്‍ ക്യാപ്റ്റന്‍ പദവിയൊഴിയാന്‍ താല്‍പര്യപ്പെടുന്നു’ .. ഞങ്ങള്‍ക്ക് ആ തീരുമാനം അന്ന് കൈക്കൊള്ളേണ്ടിയിരുന്നു. അതിന്‍റെ പേരില്‍ ഒരുപാട് വിമര്‍ശനം കേട്ടു. പക്ഷേ ജീവിതത്തില്‍ ചിലപ്പോഴൊക്കെ കഠിനമായ ചില തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് എടുത്തേ മതിയാകൂ.’’– പരഞ്ജ്പെ പറഞ്ഞു.
വിരാട് കോലിക്കു പൂർണ പിന്തുണ നൽകുമെന്ന് ധോണി ഉറപ്പു നൽകിയതായും പരഞ്ജ്‌പെ വെളിപ്പെടുത്തി. ‘‘വിഷമിക്കേണ്ട. ഞാൻ വിരാടിനൊപ്പം പൂർണമായും സഹകരിക്കും. അദ്ദേഹം എന്റെ സഹോദരനെപ്പോലെയാണ്. അദ്ദേഹത്തിന് വേണ്ടി വേണ്ടതെല്ലാം ഞാൻ ചെയ്യും. എന്റെ എല്ലാ അറിവും, അനുഭവസമ്പത്തും അദ്ദേഹത്തിന് നൽകും. ഞങ്ങൾ ഒരു നല്ല ടീമിനെ സൃഷ്ടിക്കും.’’– ധോണി പറഞ്ഞതായി പരഞ്ജ്‌പെ വെളിപ്പെടുത്തി. ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പടിയിറങ്ങുമ്പോൾ ധോണിക്ക് 35 വയസ്സായിരുന്നു. പിന്നീട് 2019 ഏകദിന ലോകകപ്പ് അടക്കം കോലിക്ക് കീഴിൽ കളിച്ച ധോണി, 2020 ഓഗസ്റ്റ് 15നാണ് രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചത്.
English Summary:







English (US) ·