മുംബൈ ∙ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, മോശം പ്രകടനത്തിനു പിന്നാലെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് മാറ്റും. അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ഇംഗ്ലിഷ് മാധ്യമമായ ‘ദ് ഇന്ത്യൻ എക്സ്പ്രസ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയാൽ ഹാർദിക്, മുംബൈ ഇന്ത്യൻസ് വിട്ടേക്കുമെന്നും സൂചനയുണ്ട്. 2024 സീസണിനു മുന്നോടിയായാണ് രോഹിത് ശർമയ്ക്കു പിൻഗാമിയായി ഹാർദിക് പാണ്ഡ്യ മുംബൈയുടെ ക്യാപ്റ്റനാകുന്നത്. മൂന്നു സീസണുകളിൽ ടീമിനെ നയിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാൻ താരത്തിനായില്ല. കഴിഞ്ഞ സീസണിൽ നാലാം സ്ഥാനക്കാരായി പ്ലേഓഫിലെത്തിയെങ്കിലും എലിമിനേറ്ററിൽ പുറത്തായി. 2024ൽ പത്താം സ്ഥാനത്തും ഇത്തവണ ഒൻപതാം സ്ഥാനത്തുമാണ് മുംബൈ സീസൺ അവസാനിപ്പിച്ചത്. ഇതിനു പിന്നാലെയാണ് ഹാർദിക്, ക്യാപ്റ്റൻ സ്ഥാനത്തുനിന്നു തെറിക്കുമെന്ന് റിപ്പോർട്ട് പുറത്തുവരുന്നത്.
What you should work next
‘‘ഹാർദിക്കിനെ ക്യാപ്റ്റനായി നിലനിർത്താൻ ടീം മാനേജ്‌മെന്റിന് താൽപര്യമില്ലെന്നതിന് സീസണിൽ ആവശ്യത്തിന് സൂചനകൾ ഉണ്ടായിരുന്നു. ക്യാംപിൽ ഇതു സംബന്ധിച്ച് വ്യക്തമായ ചർച്ചകൾ നടക്കുന്നുണ്ട്.’’– അടുത്തവൃത്തത്തെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. 2022ൽ ഗുജറാത്ത് ടൈറ്റൻസിന് കിരീടം നേടിക്കൊടുക്കുകയും 2023ൽ ഫൈനൽ വരെ എത്തിക്കുകയും ചെയ്തതോടെയാണ് ‘ക്യാപ്റ്റൻ’ എന്ന നിലയിൽ ഹാർദിക്കിന്റെ ഗ്രാഫ് ഉയർന്നത്. എന്നാൽ മുംബൈയിലെത്തിയ താരം പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല. രോഹിത്തിനെ ഒഴിവാക്കി ഹാർദിക്കിനെ ക്യാപ്റ്റൻ സ്ഥാനത്തു പ്രതിഷ്ഠിച്ചത് ആരാധകർക്കിടയിലും എതിർപ്പുണ്ടാക്കി. 2024 സീസണിൽ ഉടനീളം മുംബൈ ഇന്ത്യൻസിന്റെ സ്വന്തം മൈതാനമായ വാങ്കഡെ സ്റ്റേഡിയത്തിൽ ഹാർദിക് പാണ്ഡ്യയ്ക്ക് നേരെ കാണികൾ കൂകിവിളിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
ഇതിനിടെ ടീമിനുള്ളിലും അസ്വാരസ്യങ്ങൾ പുകയുന്നതായി റിപ്പോർട്ട് പുറത്തുവന്നു. രോഹിത്, ജസ്പ്രീത് ബുമ്ര, സൂര്യകുമാർ യാദവ്, തിലക് വർമ തുടങ്ങിയ ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിധ്യങ്ങളുണ്ടായിട്ടും മുംബൈയ്ക്ക് തിളങ്ങാൻ സാധിക്കാത്തത് ഈ ഭിന്നത കൊണ്ടാണെന്നാണ് അഭ്യൂഹം. ഹാർദിക്കിന്റെ കാര്യത്തിൽ മാത്രമല്ല, മറ്റു ചില മുതിർന്ന താരങ്ങളുടെ കാര്യത്തിലും മാനേജ്മെന്റ് കടുത്ത തീരൂമാനമെടുത്തേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ‘‘മുതിർന്ന കളിക്കാർ എവിടെ കളിച്ചാലും അവർ കോച്ചിങ് സ്റ്റാഫിന് വഴങ്ങുന്നവരായിരിക്കണം എന്ന കാര്യത്തിൽ കോച്ചിങ് സ്റ്റാഫിന് വ്യക്തമായ സന്ദേശമുണ്ടായിരുന്നു. ഡേറ്റയുടെ പിന്തുണയോടെ കോച്ചിങ് സ്റ്റാഫ് ചില കാര്യങ്ങൾ നിർദേശിച്ചെങ്കിലും താരങ്ങൾ അത് പിന്തുടരാത്ത ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.’’– അടുത്തവൃത്തം പറഞ്ഞു.
മുംബൈ ഇന്ത്യൻസിൽനിന്ന് ഹാർദിക് പാണ്ഡ്യയെ പുറത്താക്കുന്നതു സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമില്ല. എങ്കിലും ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയാൽ താരം ടീമിൽ തുടരുമോ എന്ന കാര്യം സംശയമാണ്. മുംബൈ ഇന്ത്യൻസ് വിട്ടേക്കുമെന്ന സൂചന ഹാർദിക് തന്നെ കഴിഞ്ഞദിവസങ്ങളിൽ നൽകിയിരുന്നു. സീസണിലെ അവസാന മത്സരത്തിനു ശേഷം ജഴ്സി ഊരിയെറിഞ്ഞതും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പിങ്ക് നിറത്തിൽ 07:07 എന്ന സമയം കാണിക്കുന്ന ഒരു ചിത്രം പങ്കുവച്ചതുമാണ് ആഭ്യൂഹങ്ങൾ പരത്തിയത്. രാജസ്ഥാൻ റോയൽസിലെക്കോ ചെന്നൈ സൂപ്പർ കിങ്സിലേക്കോ ഹാർദിക് മാറിയേക്കുമെന്നാണ് സൂചനകളിൽനിന്ന് ആരാധകർ പറയുന്നത്.
∙ ഹാർദിക്കിനു പകരം ആര്?ഹാർദിക്ക് പാണ്ഡ്യയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയാൽ പകരം ആര് മുംബൈ ഇന്ത്യൻസിനെ നയിക്കുമെന്നതിലും ആകാംക്ഷയുണ്ട്. ടീമിന് അഞ്ച് കിരീടങ്ങൾ നേടിക്കൊടുത്ത രോഹിത് ശർമയെ ഒരു സുപ്രഭാതത്തിൽ മാറ്റിയത് ടീമിനെ ബാധിച്ചെന്ന് മാനേജ്മെന്റിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ കരുതലോടെ നീങ്ങാനാണ് തീരുമാനമെന്നാണ് സൂചന. പുതിയ ക്യാപ്റ്റനെ തീരുമാനിക്കുന്നത് രോഹിത്തിന്റെ കൂടെ അഭിപ്രായങ്ങൾ കണക്കിലെടുത്തിട്ടാകുമെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന വിവരം.
മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻസിയിലേക്ക് രോഹിത് ഇനി തിരിച്ചെത്തില്ലെന്ന് ഇതിനകം തന്നെ ഉറപ്പായിട്ടുണ്ട്. ‘‘അടുത്ത മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയുടെ ആശീർവാദമുള്ള ആളായിരിക്കും. തങ്ങൾ വരുത്തിയ തെറ്റ് മുംബൈ മനസ്സിലാക്കുന്നു. എന്നാൽ അത് രോഹിത് ആയിരിക്കില്ല,.’’– ഹാർദിക്കിന്റെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ മുൻ ഇന്ത്യൻ കളിക്കാരനും മികച്ച പരിശീലകരിൽ ഒരാളുമായ വ്യക്തി പറഞ്ഞു. മുംബൈ മാനേജ്മെന്റിനോട് ഹാർദിക് ട്രാൻസ്ഫർ ആവശ്യപ്പെട്ടേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈ ഇന്ത്യൻസിൽ ഹാർദിക് പാണ്ഡ്യയുടെ ഭാവി സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ അന്തിമതീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
English Summary:







English (US) ·