ക്യാപ്റ്റൻ സ്ഥാനത്തിനു വേണ്ടി ചെന്നൈയിലേക്കില്ലെന്ന് സഞ്ജു അന്നേ പറഞ്ഞു, കളിക്കാരനായി തുടരാന്‍ ഇഷ്ടം: മനസ്സു തുറന്ന് ഋതുരാജ്

2 months ago 8

ഓൺലൈൻ ഡെസ്ക്

Published: March 28, 2026 06:54 PM IST

1 minute Read

 X@CSK
സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്വാദും സന്നാഹ മത്സരത്തിനിടെ. Photo: X@CSK

ചെന്നൈ∙ ഐപിഎലിൽ ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിൽ ചേരുന്ന കാര്യത്തെപ്പറ്റി സഞ്ജു വർഷങ്ങൾക്കു മുൻപു തന്നെ ചർച്ച ചെയ്തിരുന്നതായി വെളിപ്പെടുത്തി ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ്. ഐപിഎലിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ നേരിടാനുള്ള ഒരുക്കങ്ങൾക്കിടെ, ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പോ‍ഡ്കാസ്റ്റിലാണ് സഞ്ജുവിന്റെ ആഗ്രഹത്തെക്കുറിച്ച് ഋതുരാജ് മനസ്സുതുറന്നത്. തന്റെ ക്യാപ്റ്റൻസിക്കു കീഴിൽ കളിക്കാന്‍ സഞ്ജുവിനു താൽപര്യമുണ്ടെന്നു പറഞ്ഞതായും ഋതുരാജ് വ്യക്തമാക്കി. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദും സഞ്ജു സാംസണുമായിരിക്കും ഈ സീസണില്‍ ചെന്നൈ സൂപ്പർ കിങ്സിന്റെ ഓപ്പണർമാർ. വെറ്ററൻ‌ താരം എം.എസ്. ധോണിക്കു പരുക്കേറ്റതിനാല്‍ സഞ്ജുവിനായിരിക്കും വിക്കറ്റ് കീപ്പറുടെ ചുമതല.

‘‘രണ്ടോ, മൂന്നോ വർഷങ്ങൾക്കു മുൻപ് ഞാനും സഞ്ജുവും സംസാരിച്ച കാര്യങ്ങൾ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ഞങ്ങൾ ഇംഗ്ലണ്ടിലുള്ളപ്പോൾ ചെന്നൈ സൂപ്പർ കിങ്സിനെക്കുറിച്ചും അവിടത്തെ അന്തരീക്ഷത്തെക്കുറിച്ചും സഞ്ജു ചോദിച്ചിരുന്നു. ഒരു ദക്ഷിണേന്ത്യക്കാരനെന്ന നിലയിൽ സഞ്ജു ഈ അവസരം ഉപയോഗിക്കണമെന്നാണു ഞാൻ പറഞ്ഞത്. സഞ്ജു ചെന്നൈയിൽ കളിക്കണമെന്നും ഞാൻ പറഞ്ഞു.’’– ഋതുരാജ് വ്യക്തമാക്കി.

‘‘അവസരം ലഭിച്ചാൽ ചെന്നൈയിൽ കളിക്കാൻ ഉറപ്പായും താൽപര്യമുണ്ടെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഞാൻ‍ ചെന്നൈയുടെ ക്യാപ്റ്റനാകുമോയെന്നും എന്നോടു ചോദിച്ചിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍സി ഞാൻ ലക്ഷ്യമിടുന്നില്ലെന്നും ഒരു താരമായി മാത്രം ചെന്നൈയിൽ തുടരാൻ സാധിച്ചാലും കുഴപ്പമൊന്നുമില്ലെന്നും മറുപടി നൽകി. കൂടാതെ ചെന്നൈയിൽ ക്യാപ്റ്റനാകാൻ വേണ്ടി വരാൻ താൽപര്യമില്ലെന്നും സഞ്ജു എന്നോടു പറഞ്ഞു. ഇത് നിന്റെ ഫ്രാഞ്ചൈസിയാണ്, അവിടെ ഒരു കളിക്കാരനായി ഇരിക്കാനാണ് ഇഷ്ടമെന്നും സഞ്ജു പറഞ്ഞു.’’– ഋതുരാജ് വ്യക്തമാക്കി.

ഐപിഎല്‍ താരലേലത്തിനു തൊട്ടുമുന്‍പ് 18 കോടി രൂപ നൽകിയാണ് ചെന്നൈ സൂപ്പർ കിങ്സ് സഞ്ജു സാംസണെ വാങ്ങിയത്. രവീന്ദ്ര ജഡേജ, സാം കറൻ എന്നീ താരങ്ങളെ ചെന്നൈ രാജസ്ഥാനു വിട്ടുകൊടുക്കുകയും ചെയ്തു. വരും സീസണുകളിൽ ചെന്നൈ സഞ്ജുവിനെ ക്യാപ്റ്റനാക്കുമെന്ന് തുടക്കം മുതൽ അഭ്യൂഹങ്ങളുണ്ട്. എം.എസ്. ധോണി ഐപിഎൽ അവസാനിപ്പിച്ചാൽ സ്ഥിരം വിക്കറ്റ് കീപ്പറായും സഞ്ജു ഉണ്ടാകും.

English Summary:

Sanju Samson's long-held tendency to play for Chennai Super Kings was revealed by skipper Ruturaj Gaikwad. Gaikwad shared that Samson expressed his privation to articulation CSK years agone and was keen to play nether him.

Read Entire Article