ക്യാപ്റ്റൻ സ്മൃതിയെ ‘ഗോൾഡൻ ഡക്ക്’ ആയി മടക്കി ആർസിബി സഹതാരം, പൊരുതിക്കയറി ജമീമ; അരങ്ങേറ്റക്കാരി നന്ദിനിക്ക് 3 വിക്കറ്റ്; ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ

3 days ago 3

ഓൺലൈൻ ഡെസ്‌ക്

Published: May 29, 2026 09:50 AM IST

1 minute Read

 ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ വിക്കറ്റെടുത്ത നന്ദിനി ശർമയെ അഭിനന്ദിക്കുന്ന ക്യാപ്റ്റൻ സ്മതി മന്ഥന. Instagram/indiancricketteam/
ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ വിക്കറ്റെടുത്ത നന്ദിനി ശർമയെ അഭിനന്ദിക്കുന്ന ക്യാപ്റ്റൻ സ്മതി മന്ഥന. Instagram/indiancricketteam/

ചെംസ്ഫഡ് ∙ ഇംഗ്ലണ്ട് വനിതകൾക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 38 റൺസിന്റെ മിന്നും വിജയം. ഇന്ത്യ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 150 റൺസിൽ അവസാനിച്ചു. മൂന്നു വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരി നന്ദിനി ശർമ, രണ്ടു വിക്കറ്റ് വീഴ്ത്തിയ ക്രാന്തി ഗൗഡ് തുടങ്ങിയവരുടെ ബോളിങ് മികവിലാണ് ഇംഗ്ലണ്ടിനെ ഇന്ത്യ പിടിച്ചുകെട്ടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അർധസെഞ്ചറി നേടിയ ജമീമ റോഡ്രീഗ്സ് (40 പന്തിൽ 69), യാത്സിക ഭാട്യ (40 പന്തിൽ 54) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തത്. റൺസ് അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ ജയമാണിത്.

മറുപടി ബാറ്റിങ്ങിൽ, അർധസെഞ്ചറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ആമി ജോൺസ് (48 പന്തിൽ 67), ഹീതർ നൈറ്റ് (24 പന്തിൽ 21) എന്നിവർക്കൊഴികെ മറ്റാർക്കും കാര്യമായ സംഭാവന നൽകാനായില്ല. നാല് ഓവറിൽ 34 റൺസ് വിട്ടുകൊടുത്താണ് ആദ്യ മത്സരം കളിച്ച നന്ദിനി ശർമ മൂന്നു വിക്കറ്റ് വീഴ്ത്തിയത്. അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യയ്ക്കായി മൂന്നു വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ബോളറാണ് ഡബ്ല്യപിഎലിൽ ഡൽഹി ക്യാപിറ്റൽസ് താരമായ നന്ദിനി. ക്രാന്തി ഗൗഡ് നാല് ഓവറിൽ 24 റൺസ് വിട്ടുകൊടുത്ത് 2 വിക്കറ്റെടുത്തപ്പോൾ ശ്രീചരണി, ദീപ്തി ശർമ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ആദ്യ ഓവറിൽ തന്നെ ഇംഗ്ലണ്ട് ഞെട്ടിച്ചിരുന്നു. ആദ്യ പന്തിൽ തന്നെ ക്യാപ്റ്റൻ സ്മൃതി മന്ഥനയെ ഡബ്ല്യപിഎലിൽ സഹതാരം കൂടിയായ പേസർ ലോറൻ ബെൽ ഗോൾഡൻ ഡക്കായി മടക്കി. ഓവറിലെ അവസാന പന്തിൽ മറ്റൊരു ഓപ്പണർ ഷഫാലി വർമയെയും (3 പന്തിൽ 2) ബെൽ മടക്കിയതോടെ 2ന് 7 എന്ന നിലയിലായി ഇന്ത്യ. തകർച്ച മുന്നിക്കണ്ട ഇന്ത്യയെ മൂന്നാം വിക്കറ്റിൽ ഒന്നിച്ച യാത്സിക– ജമീമ സഖ്യമാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 126 റൺസാണ് കൂട്ടിച്ചേർത്തത്.

ജമീമ ഒരു സിക്സും 10 ഫോറുമടിച്ചപ്പോൾ യാത്സിക, ഒരു സിക്സും ഒൻപതു ഫോറും പായിച്ചു. 14–ാം ഓവറിൽ ഒന്നിടവിട്ട പന്തുകളിലാണ് ഇരുവരും പുറത്തായത്. പിന്നീട് ദീപ്തി ശർമ (13 പന്തിൽ 22) ആണ് ഇന്ത്യൻ സ്കോർ 180 കടത്തിയത്. ഇംഗ്ലണ്ടിനായി ലോറൻ ബെൽ മൂന്നു വിക്കറ്റ് വീഴ്ത്തി. ട്വന്റി20 ലോകകപ്പിനുള്ള ഒരുക്കമായാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്നത്.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം indiancricketteam/ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

English Summary:

India achieved a important 38-run triumph against England successful the archetypal T20 bid match, showcasing beardown bowling performances from debutant Nanthini Sharma and Kranti Gaud. This triumph marks India's second-largest borderline of triumph against England successful presumption of runs, gathering momentum for their T20 World Cup preparations.

Read Entire Article