Published: May 31, 2026 05:07 PM IST Updated: May 31, 2026 07:38 PM IST
1 minute Read
മുല്ലൻപുർ ∙ ഐപിഎലിൽ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റ് രാജസ്ഥാൻ റോയൽസ് ഫൈനൽ കാണാതെ ടൂർണമെന്റിൽനിന്നു പുറത്തായതിനു പിന്നാലെ പരിഹാസവുമായി ടീമിന്റെ മുൻ സഹഉടമ രാജ് കുന്ദ്ര. എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് രാജസ്ഥാൻ റോയൽസിന്റെ പേര് എടുത്തു പറയാതെ രാജ് കുന്ദ്രയുടെ പരോക്ഷ പ്രതികരണം. ‘‘ചില തോൽവികൾ പോയിന്റ് ടേബിളിനേക്കാൾ വലുതാണ്. കർമയ്ക്ക് അതിന്റേതായ പ്ലേഓഫുകൾ ഉണ്ട്.’’– രാജസ്ഥാന്റെ തോൽവിക്കു പിന്നാലെ രാജ് കുന്ദ്ര കുറിച്ചു.
2009ൽ രാജസ്ഥാൻ റോയൽസിന്റെ സഹ ഉടമയായ രാജ് കുന്ദ്രയ്ക്ക്, 2013ലെ ഐപിഎൽ വാതുവയ്പ് വിവാദത്തെ തുടർന്ന് ഉടമസ്ഥാവകാശം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഈ വിവാദത്തെ തുടർന്ന് 2015ൽ കുന്ദ്രയ്ക്ക് ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് ആജീവനാന്ത വിലക്കേർപ്പെടുത്തി. ഇതേത്തുടർന്ന് അദ്ദേഹത്തിനും ഭാര്യയും നടിയുമായ ശിൽപ ഷെട്ടിക്കും ഫ്രാഞ്ചൈസിയിലെ ഔദ്യോഗിക മാനേജ്‌മെന്റ് പദവികൾ ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. 2016, 2017 സീസണുകളിൽ രാജസ്ഥാൻ റോയൽസിനും വിലക്കു നേരിടേണ്ടി വന്നു.
Some losses are bigger than the points table. Karma has its ain playoffs. 😉
— Raj Kundra (@onlyrajkundra) May 29, 2026അടുത്തിടെ, രാജസ്ഥാൻ റോയൽസിന്റെ 1.63 ബില്യൻ ഡോളറിന്റെ വിൽപനയെ ചോദ്യം ചെയ്ത് രാജ് കുന്ദ്ര ബിസിസിഐയെയും കോടതിയെയും സമീപിച്ചിരുന്നു. 2015ൽ തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ഓഹരികൾ കൈമാറ്റം ചെയ്തതെന്നും, തന്റെ 11.7% ഓഹരികൾ തിരികെ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു നടപടി. ഉടമസ്ഥാവകാശ ഘടന ഇപ്പോഴും നിയമപരമായ വെല്ലുവിള നേരിടുന്നതിനാൽ, ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശം കൈമാറുന്നത് ഈ ഘട്ടത്തിൽ അനുവദിക്കരുതെന്നും കുന്ദ്ര ആവശ്യപ്പെട്ടു.
യുഎസ് വ്യവസായി കൽ സൊമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം 1.63 ബില്യൻ ഡോളറിന് (ഇന്ത്യൻ രൂപയിൽ 15,300 കോടി) രാജസ്ഥാനെ വാങ്ങുമെന്ന് റിപ്പോർട്ട് വന്നതിനു പിന്നാലെയായിരുന്നു രാജ് കുന്ദ്രയുടെ നീക്കം. എന്നാൽ ഈ വിൽപന നടന്നില്ല. പിന്നീട് ലക്ഷ്മി മിത്തൽ നയിക്കുന്ന കൺസോർഷ്യം 1.65 ബില്യൺ യുഎസ് ഡോളറിന് രാജസ്ഥാൻ റോയൽസിനെ വാങ്ങി. ഈ കരാർ പൂർത്തിയായതോടെ മിത്തൽ കുടുംബത്തിന് ഇപ്പോൾ ഫ്രാഞ്ചൈസിയുടെ 75% ഓഹരിയുണ്ട്, അദാർ പൂനവാലയ്ക്ക് ഏകദേശം 18% ഓഹരിയും ഉണ്ട്.
2008ൽ ഐപിഎലിലെ കന്നിസീസണിൽ ജേതാക്കളായ രാജസ്ഥാൻ റോയൽസിന് പിന്നീട് കിരീടത്തിൽ മുത്തമിടാൻ ഇതുവരെ സാധിച്ചിട്ടില്ല. 2022ൽ സഞ്ജു സാംസന്റെ കീഴിൽ രാജസ്ഥാൻ ഫൈനൽ വരെയെത്തിയെങ്കിലും ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റു. സഞ്ജുവിനു പിൻഗാമിയായി നായകനായ റിയാൻ പരാഗിന്റെ നേതൃത്വത്തിൽ ഈ സീസണിൽ നാലാം സ്ഥാനക്കാരായാണ് രാജസ്ഥാൻ പ്ലേഓഫിലെത്തിയത്. എലിമിനേറ്റിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചെങ്കിലും രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോട് കാലിടറുകയായിരുന്നു.
English Summary:







English (US) ·