ധരംശാല ∙ ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും ഒരു ‘ഗുജറാത്ത്’ ടീമിനെ വീഴ്ത്തി ആർസിബി ഐപിഎൽ ഫൈനലിൽ. ധരംശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ 92 റൺസിനു തോൽപ്പിച്ചാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഫൈനൽ പ്രവേശം. നിലവിലെ ചാംപ്യന്മാരായ ആർസിബിയുടെ അഞ്ചാം ഐപിഎൽ ഫൈനലും തുടർച്ചയായ രണ്ടാം ഫൈനലുമാണിത്. 2016ൽ ഗുജറാത്ത് ലയൺസിനെ തോൽപ്പിച്ചായിരുന്നു ആർസിബിയുടെ ഫൈനൽ പ്രവേശം. ഇതുകൂടാതെ 2009, 2011, 2025 വർഷങ്ങളിലാണ് ആർസിബി ഐപിഎൽ ഫൈനൽ കളിച്ചിട്ടുള്ളത്. 29നു നടക്കുന്ന രണ്ടാം ക്വാളിഫയറിൽ, എലിമിനേറ്ററിലെ വിജയിയെ ഗുജറാത്ത് നേരിടും.
ആർസിബി ഉയർത്തിയ 255 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ടൈറ്റൻസ് 19.3 ഓവറിൽ 162 റൺസിന് ഓൾഔട്ടായി. മൂന്നു വിക്കറ്റ് വീഴ്ത്തിയ ജേക്കബ് ഡഫി, രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ റാസിഖ് സലാം ദർ, ഭുവനേശ്വർ കുമാർ, ക്രുനാൽ പാണ്ഡ്യ, ഒരു വിക്കറ്റെടുത്ത ജോഷ് ഹെയ്‌സൽവുഡ് എന്നിവരാണ് ഗുജറാത്തിനെ തകർത്തത്. അവസാന ഓവറുകളിൽ അർധസെഞ്ചറിയുമായി പൊരുതി രാഹുൽ തെവാത്തിയ (43 പന്തിൽ 68) ആണ് ഗുജറാത്തിനെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. ജോസ് ബട്ലർ (11 പന്തിൽ 29), സായ് സുദർശൻ (9 പന്തിൽ 14) എന്നിവർ മാത്രമാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ.
കൂറ്റൻ ലക്ഷ്യം ചേസ് ചെയ്യാനിറങ്ങിയ ഗുജറാത്തിന്റെ തുടക്കം മികച്ചതായിരുന്നു. ആദ്യ രണ്ടു പന്തുകൾ തന്നെ ബൗണ്ടറി കടത്തിയ ഓപ്പണർ സായ് സുദർശൻ ‘നയം’ വ്യക്തമാക്കി. എന്നാൽ തൊട്ടടുത്ത ഓവറിൽ രണ്ടു റൺസ് മാത്രം വിട്ടുകൊടുത്ത് ഭുവനേശ്വർ കുമാർ, വരാൻ പോകുന്നതിന്റെ സൂചന ഗുജറാത്തിന് നൽകി. മൂന്നാം ഓവറിലെ മൂന്നാം പന്തിൽ സായ് സുദർശൻ ‘ഹിറ്റ് വിക്കറ്റ്’ ആയതോടെ ഗുജറാത്തിന്റെ തകർച്ചയും ആരംഭിച്ചു. പിന്നീടങ്ങോട്ട് ക്രീസിലെത്തിയ ഒരു ഗുജറാത്ത് ബാറ്റർക്കും നിലയുറപ്പിക്കാനായില്ല. പവർപ്ലേയിൽ മാത്രം അഞ്ച് വിക്കറ്റാണ് വീണത്. സായ്‌യെ കുടാതെ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (7 പന്തിൽ 2), ജോസ്‍ ബട്ലർ (11 പന്തിൽ 29), നിശാന്ത് സിന്ധു (3 പന്തിൽ 5), ജയ്സൻ ഹോർഡർ (0) എന്നിവരുടെ വിക്കറ്റുകളാണ് പവർപ്ലേയിൽ വീണത്. ആറ് ഓവർ പൂർത്തിയായപ്പോൾ 5ന് 51 എന്ന ദയനീയ സ്ഥിതിയിലായിരുന്നു ഗുജറാത്ത്.
ചെറിയ ‘ഇടവേള’യ്ക്കു ശേഷം ഒൻപതാം ഓവറിൽ വാഷിങ്ടൻ സുന്ദറിനെ (8 പന്തിൽ 8) വീഴ്ത്തി ജേക്കബ് ഡഫി തന്നെ വീണ്ടും ഗുജറാത്തിന് അടുത്ത ആഘാതം നൽകി. പിന്നാലെ റാഷിദ് ഖാൻ (9 പന്തിൽ 8), കഗീസോ റബാദ (5 പന്തിൽ 9) എന്നിവരും ‘കീഴടങ്ങി’. എന്നാൽ ഒൻപതാം വിക്കറ്റിൽ മുഹമ്മദ് സിറാജിനെ കൂട്ടുപിടിച്ച് രാഹുൽ തെവാത്തിയ നടത്തിയ ചെറുത്തുനിൽപ്പാണ് ഗുജറാത്തിന്റെ തോൽവിഭാരം കുറച്ചത്. ഒൻപതാം വിക്കറ്റിൽ നേടിയ 68 റൺസിൽ സിറാജിന്റെ സംഭാവന 5 റൺസ് മാത്രം. 19–ാം ഓവറിൽ ഭുവനേശ്വർ കുമാറാണ് തെവാത്തിയയെ പുറത്താക്കിയത്. 43 പന്തിൽ 4 സിക്സുകളുടെയും 8 ഫോറുകളുടെ അകമ്പടിയോടെയാണ് തെവാത്തിയ 68 റൺസ് നേടിയത്. അവസാന ഓവറിൽ സിറാജിനെ ക്രുനാൽ വീഴ്ത്തിയതോടെ ആർസിബിയുടെ ഫൈനൽ പ്രവേശം.
∙ ‘ക്വാളിറ്റി’ ക്യാപ്റ്റൻഈ സീസണിലെ തന്റെ ഏറ്റവും മനോഹരമായ ഇന്നിങ്സ് പ്ലേഓഫിലേക്ക് കാത്തുവച്ച ക്യാപ്റ്റൻ രജക് പാട്ടിദാറിന്റെ കിടിലൻ ബാറ്റിങ്ങിന്റെ കരുത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ ക്വാളിഫയർ മത്സരത്തിൽ റെക്കോർഡ് ടോട്ടൽ കണ്ടെത്തി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരു 254 റൺസെടുത്തു. അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ രജത് പാട്ടിദാർ (33 പന്തിൽ 93*) ക്രുനാൽ പാണ്ഡ്യ (28 പന്തിൽ 43), വിരാട് കോലി (25 പന്തിൽ 43), ദേവ്ദത്ത് പടിക്കൽ (19 പന്തിൽ 30) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ആർസിബി മികച്ച സ്കോർ കണ്ടെത്തിയത്. ഐപിഎൽ പ്ലേഓഫിലെ ഏറ്റവും ഉയർന്ന ടോട്ടലാണിത്. 2023ൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് നേടിയ 233/3 ആണ് മറികടന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക്, ഓപ്പണർ വെങ്കടേഷ് അയ്യർ (7 പന്തിൽ 19) മികച്ച തുടക്കമാണ് നൽകിയ്. ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ വെങ്കടേഷ്, ആകെ 14 റൺസാണ് ആ ഓവറിൽ നേടിയത്. തൊട്ടടുത്ത ഓവറിൽ കഗീസോ റബാദയ്ക്കെതിരെ സിക്സറും നേടിയ വെങ്കടേഷ്, പക്ഷേ തൊട്ടടുത്ത ഓവറിൽ പുറത്തായി. എന്നാൽ പിന്നീടെത്തിയ ദേവ്‌ദത്ത് പടിക്കലും വിരാട് കോലിയും അതേ ‘ഗിയറിൽ’ തന്നെ മുന്നോട്ടു പോയതോടെ ആർസിബി സ്കോർ കുതിച്ചു. പവർപ്ലേ അവസാനിക്കുമ്പോൾ 1ന് 76 എന്ന നിലയിലായിരുന്നു ആർസിബി. ഐപിഎൽ പ്ലേഓഫിലെ ഏറ്റവും ഉയർന്ന നാലാമത്തെ പവർപ്ലേ സ്കോറാണിത്. എന്നാൽ ഒൻപതാം ഓവറിൽ വിരാട് കോലിയും ദേവ്‍ദത്ത് പടിക്കലിനെയും ഒന്നിടവിട്ട പന്തുകളിൽ പുറത്താക്കി ജയ്സൻ ഹോൾഡർ, ആർസിബിക്ക് ‘ഇരട്ടപ്രഹരം’ നൽകി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 72 റൺസാണ് കൂട്ടിച്ചേർത്തത്.
ഇതിനുശേഷമാണ് നാലാം വിക്കറ്റിൽ രജത് പാട്ടിദാറും– ക്രുനാൽ പാണ്ഡ്യും ഒന്നിച്ചത്. ഇരുവരും നിലയുറപ്പിക്കാൻ കുറച്ചു സമയമെടുത്തതോടെ മധ്യഓവറുകളിൽ ആർസിബിയുടെ സ്കോറിങ്ങിന്റെ വേഗത കുറഞ്ഞു. എന്നാൽ 15–ാം ഓവറിൽ കുൽവന്ത് ഖെജ്‌രോലിയ്‌ക്കെതിരെ 28 റൺസ് അടിച്ചുകൂട്ടിയാണ് ആർസിബി വീണ്ടും ട്രാക്കിലായത്. പിന്നീടുള്ള അഞ്ച് ഓവറുകളിൽ 21, 15, 10, 21, 19 എന്നിങ്ങനെയായിരുന്നു ആർസിബിയുടെ സ്കോറിങ്. ഇതിനിടെ ക്രുനാൽ പാണ്ഡ്യയും പിന്നീടെത്തിയ ടിം ഡേവിഡും(5 പന്തിൽ 4) പുറത്തായെങ്കിലും രജത് പാട്ടിദാർ ‘മയം’ കാണിച്ചില്ല. ആകെ 9 സിക്സും 5 ഫോറുമാണ് രജതിന്റെ ബാറ്റിൽനിന്നു പിറന്നത്. ഏഴാമനായി ഇറങ്ങിയ ജിതേഷ് ശർമ (5 പന്തിൽ 15*) ഒരു സിക്സും ഒരു ഫോറുമടിച്ച് പുറത്താകാതെനിന്നു. ഗുജറാത്തിനായി കഗീസോ റബാദയും ജയ്സൻ ഹോൾഡറും രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയപ്പോൾ പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റെടുത്തു.
∙ ടോസ് ഗുജറാത്തിന്ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ബോളിങ് തിരഞ്ഞെടുക്കുയായിരുന്നു. ടീമിൽ ഒരു മാറ്റവുമായാണ് ഗുജറാത്ത് ഇറങ്ങിയത്. അർഷദ് ഖാനു പകരം കുൽവന്ത് ഖെജ്‌രോലിയ പ്ലേയിങ് ഇലവനിലെത്തി. അവസാന ലീഗ് മത്സരത്തിലെ അതേ ഇലവനുമായാണ് ആർസിബി ക്വാളിഫയറിന് ഇറങ്ങിയത്.
∙ പ്ലേയിങ് ഇലവൻ
റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു:
വെങ്കിടേഷ് അയ്യർ, വിരാട് കോലി, ദേവദത്ത് പടിക്കൽ, രജത് പാട്ടിദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ(വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജേക്കബ് ഡഫി, ജോഷ് ഹെയ്‌സൽവുഡ്, റാസിഖ് സലാം ദർഗുജറാത്ത് ടൈറ്റൻസ്: സായ് സുദർശൻ, ശുഭ്മൻ ഗിൽ(ക്യാപ്റ്റൻ), ജോസ് ബട്‌ലർ (വിക്കറ്റ് കീപ്പർ), വാഷിങ്ടൻ സുന്ദർ, നിശാന്ത് സിന്ധു, ജയ്സൻ ഹോൾഡർ, റാഷിദ് ഖാൻ, കുൽവന്ത് ഖെജ്‌രോലിയ, കഗീസോ റബാദ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ
English Summary:







English (US) ·