Published: June 01, 2026 12:21 AM IST
2 minute Read
ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ കിരീടമുയർത്താൻ ആർസിബിക്ക് 18 ഐപിഎൽ സീസണുകൾ കാത്തിരിക്കേണ്ടിവന്നു. പക്ഷേ രണ്ടാം കിരീടത്തിനു വേണ്ടിവന്നത് ഒറ്റ സീസൺ മാത്രം. ഇന്ത്യൻ പ്രീമിയർ ലീഗിൽ ആർസിബിയുടെ ആധിപത്യം തുടരുകയാണ്. 2025ലെ ഫൈനലിൽ പഞ്ചാബ് കിങ്സിനെതിരെ ആറു റൺസിന്റെ നേരിയ വിജയവുമായാണ് ആര്‍സിബി കന്നിക്കിരീടമുയർത്തിയതെങ്കിൽ ഇത്തവണ ഗുജറാത്തിനെതിരെ ആധികാരിക വിജയം തന്നെ സ്വന്തമാക്കി. സീസണിലെ പ്രാഥമിക ഘട്ടത്തിൽ 14 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒൻപതു വിജയങ്ങളുമായി 18 പോയിന്റു നേടിയ ആർസിബി പട്ടികയിൽ ഒന്നാമൻമാരായിരുന്നു. ഒന്നാം ക്വാളിഫയറിലും ഫൈനലിലും ഗുജറാത്തിനെ വീഴ്ത്തിയ ആർസിബി രണ്ടാം കിരീടമെന്ന സ്വപ്നത്തിലേക്ക് സമ്മർദങ്ങളില്ലാതെ എത്തിച്ചേർന്നു. അതെ ഈ സീസണിലും ഐപിഎലിൽ കപ്പടിക്കാൻ എല്ലാ അർഹതയുമുണ്ടായിരുന്ന ഒരേയൊരു ടീം ആർസിബി ആയിരുന്നു. ഫൈനലിൽ അവരുടെ എക്കാലത്തെയും മികച്ച താരം വിരാട് കോലി തന്നെ അതു പൊരുതി നേടിക്കൊടുത്തു.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ബാറ്റിങ് പവർപ്ലേകളാണ് കളിയുടെ അന്തിമവിധി തിരുത്തിയെഴുതിയത്. മറുപടി ബാറ്റിങ്ങിൽ പവർപ്ലേയില്‍ തന്നെ ബെംഗളൂരു കളിയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ആദ്യ ആറോവറുകളിൽ രണ്ടു വിക്കറ്റുകൾ നഷ്ടമായെങ്കിലും 70 റൺസെന്ന സുരക്ഷിത സ്കോറിലേക്ക് വെങ്കടേഷ് അയ്യരും വിരാട് കോലിയും ചേർന്ന് ബെംഗളൂരുവിനെ എത്തിച്ചിരുന്നു. 9.5 ഓവറിൽ 100 കടന്ന ആർസിബി ബാറ്റിങ് നിര ഇടയ്ക്കൊന്നു കുലുങ്ങിയെങ്കിലും കോലിയുടെ പോരാട്ടത്തിനു മുന്നിൽ ഗുജറാത്തിനു മറുപടിയില്ലായിരുന്നു. ദേവ്ദത്ത് പടിക്കലും ക്രുനാൽ പാണ്ഡ്യയും ഓരോ റൺ വീതം നേടി മടങ്ങിയത് ആർസിബിക്ക് നിരാശയായി. പക്ഷേ കോലിയുടെ പോരാട്ടം കളി തിരിച്ചു. 42 പന്തുകളിൽ 75 റൺസടിച്ച കോലി മൂന്നു സിക്സുകളും ഒൻപതു ഫോറുകളും ഫൈനലിൽ തൂക്കി. 2025 ൽ ആർസിബി കപ്പടിച്ചപ്പോൾ 35 പന്തിൽ 43 റൺസടിച്ച കോലിയായിരുന്നു ടീമിന്റെ ടോപ് സ്കോറർ. 2026 ഫൈനലിലും ടീമിന്റെ ടോപ് സ്കോറർ കോലി തന്നെ.
ടോസ് നഷ്ടപ്പെട്ടെങ്കിലും ഗുജറാത്ത് സന്തോഷത്തോടെയാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങിയത്. ഹോം ഗ്രൗണ്ടിലെ അനുഭവസമ്പത്തും, ഗാലറിയിൽ നിറഞ്ഞ ആരാധകരുടെ പിന്തുണയും ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ടൈറ്റൻസ് ബാറ്റിങ്ങിന് ഇറങ്ങി. എന്നാൽ 2026 ഐപിഎലിലെ ഏറ്റവും അപകടകാരികളായ പേസർമാരുമായി കളിക്കാനിറങ്ങിയ ആർസിബിയുടെ ആക്രമണം പവർപ്ലേയ്ക്കുള്ളിൽ തന്നെ ഗുജറാത്തിനെ പൊള്ളിച്ചു. സീസണിൽ ഗുജറാത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയായ ഗിൽ– സായ് സുദർശൻ സഖ്യം പൊളിച്ചടുക്കി ആർസിബി. സ്കോർ 22 നിൽക്കെ ഗിൽ, ഹെയ്സൽവുഡിനു മുന്നിലും, 26 ൽ സായ് സുദർശൻ ഭുവനേശ്വർ കുമാറിനു മുന്നിലും പൊരുതി വീണു.
പവർപ്ലേയിൽ 45 റൺസടിക്കുന്നതിനിടെ ബാറ്റിങ്ങിലെ ഏറ്റവും വിശ്വസ്തർ വീണത് ഗുജറാത്തിനെ കുറച്ചൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. 99 റൺസെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകൾ നഷ്ടമായതോടെ ഗുജറാത്ത് അപകടം മണത്തു. മറുവശത്ത് ആർസിബി ബോളർമാർക്ക് അഹമ്മദാബാദില്‍ പിഴയ്ക്കാത്ത പ്ലാനുകളുണ്ടായിരുന്നു. തുടർച്ചയായി ഷോർട്ട് ബോളുകളെറിഞ്ഞ ആർസിബി പേസർമാർ ഗുജറാത്തിനെ കുറച്ചൊന്നുമല്ല വിറപ്പിച്ചത്. ഗിൽ, സായ് സുദർശൻ, നിഷാന്ത് സിദ്ദു, രാഹുൽ തെവാത്തിയ, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ തുടങ്ങി ഗുജറാത്തിന്റെ മുൻനിര ബാറ്റർമാരെല്ലാം പുറത്തായത് ഷോർട്ട് ബോളുകൾ നേരിടാൻ സാധിക്കാതെയാണ്.
പതിഞ്ഞ താളത്തിലാണെങ്കിലും 37 പന്തുകളിൽനിന്ന് 50 റൺസുമായി പുറത്താകാതെനിന്ന വാഷിങ്ടൻ സുന്ദറാണ് ഗുജറാത്തിനെ കൂട്ടത്തകർച്ചയിൽനിന്ന് കര കയറ്റിയത്. അഞ്ചു ഫോറുകൾ അടിച്ച വാഷിങ്ടന് ഒരു സിക്സർ പോലുമില്ല. ഗുജറാത്ത് ഇന്നിങ്സിൽ ആകെ മൂന്നു സിക്സുകളാണ് ബൗണ്ടറി കടന്നത്. അതിൽ രണ്ടെണ്ണം അർഷദ് ഖാനും ഒരെണ്ണം റാഷിദ് ഖാനുമാണ് അടിച്ചത്. പവർ പ്ലേയിൽ 45 റൺസടിച്ച ഗുജറാത്ത്, മധ്യ ഓവറുകളിൽ (7–15) 60 റൺസ് നേടിയെങ്കിലും നിർണായകമായ മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. അവസാന ഓവറുകളിലെ (16–20) 50 റൺസ് ഗുജറാത്തിനെ നാണക്കേടിൽനിന്നു രക്ഷിച്ചെടുത്തു. പക്ഷേ ആർസിബിക്കു മുന്നിൽ നന്നായൊന്നു പൊരുതി നോക്കാനുള്ള സ്കോർ പോലുമില്ലെന്ന് വൈകാതെ ഗുജറാത്തിന് മനസ്സിലായി.
English Summary:







English (US) ·