Published: May 18, 2026 04:52 PM IST
1 minute Read
ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് തുടർച്ചയായ മൂന്നാം തോല്‍വി വഴങ്ങിയതിൽ ക്യാപ്റ്റൻ റിയാൻ പരാഗിന്റെ തന്ത്രങ്ങളെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. നിർണായക മത്സരത്തിൽ അഞ്ച് വിക്കറ്റ് വിജയമാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ റോയൽസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 193 റണ്‍സടിച്ചപ്പോൾ, ഡൽഹി 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.
ചേസിങ്ങിൽ അവസാന മൂന്നോവറിൽ 35 റൺസാണ് ഡൽഹിക്കു വേണ്ടിയിരുന്നത്. പക്ഷേ ഓൾറൗണ്ടർ ഡൊനോവൻ ഫെറേറയെ 18–ാം ഓവർ എറിയിക്കാനുള്ള രാജസ്ഥാന്റെ നീക്കമാണ് തിരിച്ചടിച്ചതെന്ന് ഗാവസ്കർ ഒരു സ്പോര്‍ട്സ് ചാനലിലെ ചർച്ചയ്ക്കിടെ തുറന്നടിച്ചു. ഈ ഓവറിൽ രണ്ട് സിക്സുകൾ ഉൾപ്പടെ 16 റൺസ് ഡൽഹി നേടിയിരുന്നു. ഫെരേരയെ പന്തേൽപിക്കാനുള്ള പരാഗിന്റെ നീക്കം കളി രാജസ്ഥാനു നഷ്ടമാകാൻ കാരണമായെന്ന് ഗാവസ്കർ പ്രതികരിച്ചു.
‘‘18–ാം ഓവർ ഡൊനോവൻ ഫെരേരയ്ക്കു നൽകിയ നീക്കം ആത്മഹത്യാപരമായിരുന്നു. ഒരു ആനുകൂല്യവും ലഭിക്കാത്ത പിച്ചിലാണ് ഒരു സ്ലോ ബോളറെ പരാഗ് ഇറക്കിവിട്ടത്. മത്സരത്തിലെ അദ്ദേഹത്തിന്റെ ആദ്യ ഓവറായിരുന്നു ഇത്. ബാറ്റിങ്ങിൽ ഈ താരം ഗോൾഡൻ ഡക്കായിരുന്നു. ബാറ്റിങ്ങിൽ 40–50 റൺസൊക്കെ നേടി ആത്മവിശ്വാസത്തിലുള്ള ഒരു താരത്തെ ബോളിങ്ങിൽ പരീക്ഷിക്കുന്നതിൽ തെറ്റില്ല. എന്നാൽ ആദ്യ പന്തിൽ പുറത്തായ ഒരാളെയാണ് സമ്മര്‍ദ സാഹചര്യത്തിൽ പന്തെറിയിക്കാൻ പരാഗ് കൊണ്ടുവന്നത്. 16 റൺസ് ആ ഓവറിൽ വഴങ്ങി. അതോടെ കളിയും കൈവിട്ടു.’’
‘‘റിയാൻ പരാഗിന് ഒരു ബോളറെ കൊണ്ട് പന്തെറിയിക്കാമായിരുന്നു. അങ്ങനെയൊരാൾ 20 റൺസ് വഴങ്ങിയാലും കുഴപ്പമില്ല. പക്ഷേ ഡൊനോവൻ ഫെരേരയെക്കൊണ്ട് പന്തെറിയിച്ചത് രാജസ്ഥാന്റെ ആത്മഹത്യാപരമായ തീരുമാനമായിപ്പോയി.’’– ഗാവസ്കർ പറഞ്ഞു. 12 മത്സരങ്ങളിൽ ആറു വിജയങ്ങളും അത്ര തന്നെ തോൽവിയുമുള്ള രാജസ്ഥാൻ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. പ്ലേ ഓഫ് ഉറപ്പിക്കാൻ രാജസ്ഥാന് ഇനിയുള്ള മത്സരങ്ങളിൽ വിജയം അനിവാര്യമാണ്.
English Summary:







English (US) ·