Published: May 20, 2026 04:32 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ ചെന്നൈ സൂപ്പർ കിങ്സ്– സൺറൈസേഴ്സ് ഹൈദരാബാദ് പോരാട്ടത്തിനിടെ സഞ്ജു സാംസണും ഹെൻറിച് ക്ലാസനും തമ്മിൽ ഗ്രൗണ്ടിൽവച്ച് തർക്കിച്ചത് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരുന്നു. സാധാരണ ഗ്രൗണ്ടിൽ രോഷപ്രകടനങ്ങൾ നടത്താത്ത സഞ്ജു, ക്ലാസന് മറുപടി നൽകുകയായിരുന്നു. എന്നാൽ ഗ്രൗണ്ടിലെ പിണക്കം അവിടെ തന്നെ ഉപേക്ഷിക്കുകയാണ് സഞ്ജുവും ക്ലാസനും. സഞ്ജുവും ക്ലാസനും കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രമാണ് രണ്ടു താരങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ‘‘ഗ്രൗണ്ടിൽ പല കാര്യങ്ങളും സംഭവിക്കാം, എന്നാല്‍ ക്ലാസനെ ഏറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു.’’– എന്നായിരുന്നു സഞ്ജു ഇൻസ്റ്റയില്‍ കുറിച്ചത്.
‘‘സഞ്ജുവിന്റെ കളി കാണാൻ ഞാന്‍ ഇഷ്ടപ്പെടുന്നു. നിങ്ങളെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പ്രകടനങ്ങൾ തുടരുക. നമ്മുടെ അടുത്ത പോരാട്ടത്തിനായി കാത്തിരിക്കുന്നു.’’– എന്നായിരുന്നു ക്ലാസൻ സമൂഹമാധ്യമത്തിൽ പ്രതികരിച്ചത്. അനാവശ്യമായി തർക്കിച്ചതിന് ക്ലാസനെതിരെ നടപടിയുണ്ടാകുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ബിസിസിഐ ഇതുവരെ ശിക്ഷാ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഹൈദരാബാദ് ഇന്നിങ്സിന്റെ 15–ാം ഓവറിലെ മൂന്നാം പന്തിൽ ക്ലാസനെ സഞ്ജു സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. ടിവി അംപയർ റീപ്ലേയിലൂടെയാണ് വിക്കറ്റ് സ്ഥിരീകരിച്ചത്.
ഔട്ട് എന്ന് സ്ക്രീനിൽ തെളിഞ്ഞതിനു പിന്നാലെ ഡഗൗട്ടിലേക്കു നടന്നുനീങ്ങിയ ക്ലാസൻ, ടീമംഗങ്ങൾക്കൊപ്പം ആഘോഷം നടത്തുകയായിരുന്ന സഞ്ജു സാംസണോട് കയർക്കുകയായിരുന്നു. എന്താണെന്നു പറഞ്ഞതെന്നു വ്യക്തമല്ലെങ്കിലും അതുവരെ ചിരിച്ചുകൊണ്ട് നിന്നിരുന്ന സഞ്ജുവിന്റെ മുഖഭാവം മാറുന്നതു വ്യക്തമാണ്. എന്താണെന്നു ചോദിച്ചു കൊണ്ട് സഞ്ജുവും മുന്നോട്ടു വന്നെങ്കിലും സമീപം നിന്ന സഹതാരം ശിവം ദുബെ, ഇരുവരെയും പിടിച്ചുമാറ്റി. പിന്നാലെ സഞ്ജു സാംസൺ ഫീൽഡ് അംപയറോടു പരാതി പറയുകയും ചെയ്തു.
മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിങ്സിനെ സൺറൈസേഴ്സ് ഹൈദരാബാദ് തോൽപ്പിച്ചത്. മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഇഷാൻ– ക്ലാസൻ സഖ്യമാണ് ഹൈദരാബാദിന്റെ ജയം ഉറപ്പിച്ചത്. 15–ാം ഓവറിൽ ക്ലാസനെ, ‘തല’ ധോണിയെ ഓർമിപ്പിക്കുന്ന കിടിലൻ സ്റ്റംപിങ്ങിലൂടെയാണ് സഞ്ജു പുറത്താക്കിയത്. ആ ഘട്ടത്തിൽ അത് ചെന്നൈയ്ക്ക് മത്സരത്തിൽ നേരിയ മുൻതൂക്കം നൽകുകയും ചെയ്തു. ഇതാണ് ക്ലാസനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ, ഡിയേവാൾഡ് ബ്രെവിസിന്റെ (27 പന്തിൽ 44) കരുത്തിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടി. ഹൈദരാബാദിനായി പാറ്റ് കമിൻസ് മൂന്നും സാകിബ് ഹുസെയ്ൻ രണ്ടു വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിൽ ഇഷാന്റെ മികവിൽ തിരിച്ചടിച്ച ഹൈദരാബാദ് ഒരു ഓവർ ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു. ജയത്തോടെ ഹൈദരാബാദ് പ്ലേഓഫിന് യോഗ്യത നേടി.
English Summary:







English (US) ·