Published: March 20, 2026 09:04 AM IST Updated: March 20, 2026 05:05 PM IST
1 minute Read
ലണ്ടൻ ∙ ആദ്യപാദത്തിലെ ആശങ്കകൾക്ക് മറുപടിയായി ആരാധകരെ ഗോൾ വിരുന്നൂട്ടി ബാർസിലോന. യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ പ്രീക്വാർട്ടർ ആദ്യപാദത്തിൽ 1–1 സമനില വഴങ്ങിയെങ്കിൽ, രണ്ടാം പാദം 7–2നു ജയിച്ച് സ്പാനിഷ് ക്ലബ് ക്വാർട്ടർ ഫൈനലിലെത്തി. ഇരുപാദ സ്കോർ 8–3. ബാർസിലോനയുടെ താരനിര പ്രായഭേദമന്യേ ലക്ഷ്യം കണ്ട മത്സരത്തിൽ, റാഫിഞ്ഞ (6, 72 മിനിറ്റുകൾ), റോബർട്ട് ലെവൻഡോവ്സ്കി (56, 61) എന്നിവർ ഡബിൾ നേടി. പതിനെട്ടുകാരൻ മാർക് ബെർണാൽ (18), ലമീൻ യമാൽ 45+7 (പെനൽറ്റി), ഫെർമിൻ ലോപസ് (51) എന്നിവരാണു മറ്റു സ്കോറർമാർ.
ഇംഗ്ലിഷ് ക്ലബ് ലിവർപൂൾ, സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡ്, ജർമൻ ക്ലബ് ബയൺ മ്യൂണിക് എന്നിവരും ക്വാർട്ടർ ഫൈനലിലെത്തി. ഇംഗ്ലിഷ് ക്ലബ് ടോട്ടനം ഹോട്സ്പറിനോട് രണ്ടാംപാദത്തിൽ 2–3നു തോറ്റെങ്കിലും ആദ്യപാദത്തിലെ 5–2 വിജയത്തിന്റെ പച്ചപ്പിലാണ് അത്‌ലറ്റിക്കോ മഡ്രിഡ് ക്വാർട്ടറിലെത്തിയത്. ഇരുപാദ സ്കോർ: 7–5. കോളോ മൂവാനി (30), ചാവി സൈമൺസ് (52, 90 പെനൽറ്റി) എന്നിവരുടെ ഗോളുകളിൽ ടോട്ടനമാണു കളി ജയിച്ചത്.
ഇസ്തംബൂളിൽ നടന്ന ആദ്യപാദ മത്സരത്തിൽ തുർക്കി ക്ലബ് ഗലാട്ടസറെയ്നോട് 1–0ന് തോറ്റ ലിവർപൂൾ ജീവശ്വാസം വീണ്ടെടുത്ത വിജയത്തോടെയാണ് ക്വാർട്ടറിൽ കടന്നത്. സ്വന്തം മൈതാനമായ ആൻഫീൽഡിൽ ലിവർപൂൾ 4–0ന് തുർക്കി ക്ലബ്ബിനെ മുക്കിക്കളഞ്ഞു. ഡൊമിനിക് സോബോസ്‌ലായ് (25), ഹ്യൂഗോ എകിറ്റികെ (51), റയാൻ ഗ്രാവൻബർച് (53), മുഹമ്മദ് സലാ (62) എന്നിവരാണു ചെമ്പടയുടെ സ്കോർമാർ. ഇരുപാദ സ്കോർ: 4–1.
രണ്ടുപാദങ്ങളിലുമായി 10 ഗോൾ നേട്ടത്തിന്റെ തിളക്കത്തിലാണ് ജർമൻ ക്ലബ് ബയൺ മ്യൂണിക് ക്വാർട്ടറിലേക്കു വരുന്നത്. ഇറ്റാലിയൻ ക്ലബ് അറ്റലാന്റയെ രണ്ടാംപാദത്തിൽ 4–1നു തോൽപിച്ച ബയണിന്റെ ഇരുപാദ സ്കോർ 10–2. ഹാരി കെയ്ൻ (25 – പെനൽറ്റി, 54), പതിനെട്ടുകാരൻ ലെന്നാർറ്റ് കാൾ (56), ലൂയിസ് ഡയസ് (70) എന്നിവരാണു ബയണിന്റെ സ്കോറർമാർ.
50അറ്റലാന്റയ്ക്കെതിരായ മത്സരത്തിലെ 2 ഗോൾ നേട്ടത്തോടെ ബയൺ മ്യൂണിക് താരം ഹാരി കെയ്നിന്റെ ചാംപ്യൻസ് ലീഗ് ഗോൾനേട്ടം 50 ആയി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലിഷ് ഫുട്ബോളറാണ് കെയ്ൻ. 66 മത്സരങ്ങളിൽനിന്നാണ് 50 ഗോളുകൾ.
ക്വാർട്ടറിൽ കിരീടപ്പോര്ചാംപ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ഇക്കുറി ഫൈനലിനെ വെല്ലുന്ന ആവേശപ്പോരാട്ടം. ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ക്വാർട്ടറിലെത്തിയ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന് എതിരാളികൾ ജർമൻ ക്ലബ് ബയൺ മ്യൂണിക്. ഇംഗ്ലിഷ് ക്ലബ് ലിവർപൂളിന് നിലവിലെ ചാംപ്യന്മാരായ ഫ്രഞ്ച് ക്ലബ് പിഎസ്ജിയാണ് എതിരാളികൾ. സ്പാനിഷ് ക്ലബ് ബാർസിലോനയ്ക്ക് നാട്ടുകാരായ അത്‌ലറ്റിക്കോ മഡ്രിഡാണ് എതിരാളികൾ. ഇംഗ്ലിഷ് ക്ലബ് ആർസനൽ പോർച്ചുഗീസ് ക്ലബ് സ്പോർടിങ് ലിസ്ബണിനെയും നേരിടും.
English Summary:







English (US) ·