Published: March 22, 2026 04:41 PM IST
1 minute Read
ബെംഗളൂരു∙ ഐപിഎൽ സീസണിനു മുന്നോടിയായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനു മുന്നിൽ വൻ നിബന്ധനകൾ വച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് സൂപ്പർ താരം വിരാട് കോലി. ടൂർണമെന്റിനിടെ ലണ്ടനിലേക്കും തിരിച്ച് ഇന്ത്യയിലേക്കും യാത്ര ചെയ്യാൻ ചാർട്ടേഡ് ഫ്ലൈറ്റ് സൗകര്യം കോലി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. മത്സരങ്ങൾക്കിടയിൽ 3 ദിവസത്തെ ഇടവേളയുണ്ടെങ്കിൽ ലണ്ടനിലേക്ക് പോകുമെന്നും മത്സരത്തിന് ഒരു ദിവസം മുൻപ് മാത്രമേ മടങ്ങിയെത്തുകയുള്ളൂവെന്നും വിരാട് ഫ്രാഞ്ചൈസിയെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഈ വാർത്തയുടെ സ്ക്രീൻഷോട്ട് രണ്ട് ചിരിക്കുന്ന ഇമോജികൾക്കൊപ്പം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചുകൊണ്ട് കോലി കിംവദന്തികളെ തമാശരൂപേണ തള്ളിക്കളഞ്ഞു.
കഴിഞ്ഞ കുറച്ചു കാലമായി വിരാട് കോലി, ഭാര്യ അനുഷ്ക ശർമയ്ക്കും മക്കൾക്കുമൊപ്പം ലണ്ടനിലാണ് താമസിക്കുന്നത്. സ്വകാര്യതയ്ക്കും സമാധാനപരമായ ജീവിതത്തിനുമായാണ് താരം ലണ്ടനിലേക്ക് താമസം മാറ്റിയതെന്നാണ് വിവരം. അദ്ദേഹം അവിടെ സ്ഥിരതാമസമാക്കിയോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ക്രിക്കറ്റ് തിരക്കുകൾ ഇല്ലാത്തപ്പോൾ താരം ലണ്ടനിലാണ് ഉണ്ടാകാറുള്ളത്. ജനുവരിയിൽ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം ലണ്ടനിലേക്ക് മടങ്ങിയ കോലി, ഐപിഎൽ 2026ന് മുന്നോടിയായി മാർച്ച് 18നാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യയിൽ നടന്ന ട്വന്റി20 ലോകകപ്പ് കാണാൻ കോലി എത്താതിരുന്നത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
ഐപിഎൽ 19–ാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ആർസിബിയുടെ ആദ്യ മത്സരം. നിലവിലെ ചാംപ്യൻമാരായാണ് ആർസിബി പുതിയ സീസണിനു തയാറെടുക്കുന്നത്. 2008ൽ ഐപിഎൽ തുടങ്ങിയതു മുതൽ ആർസിബിയുടെ ഭാഗമാണ് വിരാട് കോലി. 267 മത്സരങ്ങളിൽനിന്ന് എട്ട് സെഞ്ചറികളും 63 ഫിഫ്റ്റികളും ഉൾപ്പെടെ 8661 റൺസ് സമ്പാദ്യമായുള്ള വിരാട്, ഐപിഎൽ ചരിത്രത്തിൽ 9000 റൺസ് തികയ്ക്കുന്ന ആദ്യ താരമാകാനാണ് ഈ സീസണിൽ ലക്ഷ്യമിടുന്നത്.
ഐപിഎലിലും ഇപ്പോൾ നിലവിലില്ലാത്ത ചാംപ്യൻസ് ലീഗ് ട്വന്റി20യിലുമായി ആർസിബിക്കായി 282 മത്സരങ്ങളിൽനിന്ന് 9085 റൺസ് നേടിയ വിരാട്, ട്വന്റി20 ക്രിക്കറ്റിൽ ഒരു ഐപിഎൽ ടീമിനായി മാത്രം 10,000 റൺസ് തികയ്ക്കുന്ന ആദ്യ താരമാകാനും സുവർണാവസരമുണ്ട്. ഒൻപത് സെഞ്ചറികളും 105 ഫിഫ്റ്റികളും ഉൾപ്പെടെ 414 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 13,543 റൺസ് നേടിയിട്ടുള്ള വിരാട്, ട്വന്റി20 ക്രിക്കറ്റിലെ 14,000 റൺസ് ക്ലബ്ബിലെ അഞ്ചാം അംഗമാകാനും ലക്ഷ്യമിടുന്നു.
വെസ്റ്റിഇൻഡീസ് ഇതിഹാസങ്ങളായ ക്രിസ് ഗെയ്‌ൽ (14,562 റൺസ്), കീറോൺ പൊള്ളാർഡ് (14,482 റൺസ്), ഇംഗ്ലണ്ടിന്റെ അലക്സ് ഹെയ്ൽസ് (14,449 റൺസ്), ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ (14,028 റൺസ്) എന്നിവരാണ് നിലവിൽ ഈ പട്ടികയിലുള്ളത്. കഴിഞ്ഞ ഐപിഎൽ സീസണിൽ 15 ഇന്നിങ്സുകളിൽനിന്ന് 8 അർധസെഞ്ചറിയടക്കം 657 റൺസ് നേടിയ വിരാട്, ടൂർണമെന്റിലെ റൺസ് വേട്ടക്കാരിൽ മൂന്നാമനായിരുന്നു.
English Summary:








English (US) ·