Published: April 23, 2026 01:26 PM IST Updated: April 23, 2026 02:02 PM IST
1 minute Read
മുംബൈ ∙ ചെന്നൈ സൂപ്പർ കിങ്സ് താരം മുകേഷ് ചൗധരിയുടെ മാതാവ് പ്രേം ദേവി അന്തരിച്ചു. അസുഖബാധിതയായി ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു പ്രേംദേവി, ചൊവ്വാഴ്ചയാണ് വിടവാങ്ങിയത്. മുംബൈയിലെ ടാറ്റ ആശുപത്രിയിലായിരുന്നു ചികിത്സ. മുകേഷ് ചൗധരിയുടെ ജന്മനാടായ രാജസ്ഥാനിലെ ഭിൽവാരയിൽ അന്ത്യകർമങ്ങൾ നടന്നു. ഇതിനുശേഷം മുകേഷ് ചൗധരി ടീമിനൊപ്പം ചേർന്നെന്നാണ് വിവരം. ഇന്നു മുംബൈ ഇന്ത്യൻസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. എന്നാൽ താരം ഇന്നു കളിച്ചേക്കില്ല. സൂപ്പർ താരം എം.എസ്.ധോണി, പ്രേം ദേവിയെ ആശുപത്രിയിലെത്തി കണ്ടിരുന്നു. താരത്തിന്റെ മാതാവിന്റെ വേർപാടിൽ അനുശോചിച്ച് സിഎസ്കെയും കുറിപ്പ് പങ്കുവച്ചു.
ശനിയാഴ്ച, സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ സിഎസ്‌കെയുടെ അവസാന മത്സരത്തിന് ശേഷം മുകേഷ് ചൗധരി ഹൈദരാബാദിൽ നിന്ന് ഭിൽവാരയിലേക്ക് പോയിരുന്നു. മത്സരത്തിൽ സിഎസ്‌കെ 10 റൺസിന് പരാജയപ്പെട്ടെങ്കിലും തുടർച്ചയായ പന്തുകളിൽ ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ എന്നിവരെ പുറത്താക്കി മുകേഷ് ചൗധരി ബോളിങ്ങിൽ തിളങ്ങി. ഈ സീസണിൽ മുകേഷിന്റെ ആദ്യ മത്സരമായിരുന്നു ഇത്. ചെന്നൈയുടെ പ്രധാന ഇടംകയ്യൻ പേസറായിരുന്ന ഖലീൽ അഹമ്മദ് പരുക്കേറ്റ് പുറത്തായതിനു പിന്നാലെയാണ് ഇടംകയ്യൻ പേസറായ മുകേഷ് ചൗധരി പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചത്.
The CSK household mourns the passing of Mukesh Choudhary’s mother.
We basal with Mukesh and his family, keeping them successful our thoughts and prayers during this incredibly hard time.
രാജസ്ഥാനിലെ ഭിൽവാര സ്വദേശികളായ മുകേഷിന്റെ കുടുംബം, താരത്തിന്റെ പിതാവിന്റെ ബിസിനസ്സ് ആവശ്യങ്ങൾക്കായാണ് മഹാരാഷ്ട്രയിലെ ദർവയിലേക്ക് താമസം മാറിയത്. ഇതേത്തുടർന്നാണ് താരം മഹാരാഷ്ട്രയ്ക്കായി ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത്. 2017ൽ സംസ്ഥാനത്തിനായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ചു. 2019-ൽ ലിസ്റ്റ് എ, ടി20 മത്സരങ്ങളിലും മുകേഷ് അരങ്ങേറ്റം കുറിച്ചു.
2022 സീസണിലാണ് മുകേഷ് ചെന്നൈ സൂപ്പർ കിങ്സിലെത്തുന്നത്. അരങ്ങേറ്റ സീസണിൽ തന്നെ താരം ശ്രദ്ധിക്കപ്പെട്ടു. അന്ന് സിഎസ്‌കെ ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും, 16 വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് മുകേഷ് മികച്ച പ്രകടനം നടത്തി. പരുക്കുകൾ അദ്ദേഹത്തെ നിരന്തരം അലട്ടിയിരുന്നെങ്കിലും ചെന്നൈ സൂപ്പർ കിങ്സ് താരത്തിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചു. 2023 സീസണിൽ പരുക്കിനെത്തുടർന്ന് താരത്തിനു പുറത്തിരിക്കേണ്ടി വന്നു. പരുക്കും മോശം ഫോമും കാരണം 2024 മുതൽ വെറും 4 ഐപിഎൽ മത്സരങ്ങൾ മാത്രമാണ് അദ്ദേഹത്തിന് കളിക്കാനായത്.
English Summary:







English (US) ·