ചെപ്പോക്കിൽ ‘ഉദിച്ച്’ ഇഷാൻ; തകർപ്പൻ ജയത്തോടെ ഹൈദരാബാദ് പ്ലേഓഫിൽ, ഒപ്പം ഗില്ലും സംഘവും; ചെന്നൈയ്ക്ക് ‘നാലിലൊന്ന്’ അറിയണം!

2 weeks ago 3

ചെന്നൈ ∙ ബാറ്റിങ് ദുഷ്കരമായ ചെപ്പോക്കിലെ പിച്ചിൽ ചെന്നൈയ്ക്ക് ഇല്ലാതെ പോയ ഒന്ന് ഹൈദരാബാദിനുണ്ടായിരുന്നു; ലക്ഷ്യബോധത്തോടെ ബാറ്റു വീശിയ ബാറ്റർമാർ. അർധസെഞ്ചറിയുമായി മുന്നിൽനിന്നു നയിച്ച ഇഷാൻ കിഷന്റെയും (47 പന്തിൽ 70) ഒപ്പംനിന്നു പൊരുതിയ ഹെൻറിച്ച് ക്ലാസന്റെയും (26 പന്തിൽ 47) ബാറ്റിങ് കരുത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത് അഞ്ച് വിക്കറ്റ് വിജയം. ചെന്നൈ ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഹൈരാദാബാദ് മറികടന്നു. ജയത്തോടെ 16 പോയിന്റുമായി ഹൈദരാബാദ് പ്ലേഓഫിൽ പ്രവേശിച്ചു. ഇവർക്കൊപ്പം രണ്ടാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസും പ്ലേഓഫിലേക്ക് കയറി. തോൽവിയോടെ ചെന്നൈയുടെ പ്ലേഓഫ് സാധ്യത മങ്ങി. പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി, കൊൽക്കത്ത എന്നീ ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിച്ചാകും ഇനി ചെന്നൈയുടെ ഭാവി. 21നു ഗുജറാത്തിനെതിരെയാണ് ചെന്നൈയുടെ അവസാന ലീഗ് മത്സരം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് അത്ര നല്ല തുടക്കമല്ല ലഭിച്ചത്. മൂന്നാം ഓവറിൽ തന്നെ ഓപ്പണർ ട്രാവിസ് ഹെഡിനെ (6 പന്തിൽ 6) അവർക്കു നഷ്ടമായി. റിട്ടേൺ ക്യാച്ചിലൂടെ മുകേഷ് ചൗധരിയാണ് ഹെഡിനെ പുറത്താക്കിയത്. രണ്ടാം വിക്കറ്റിൽ അഭിഷേക് ശർമയും– ഇഷാൻ കിഷനും ഒന്നിച്ചെങ്കിലും സ്കോർബോർഡിന് കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. ഒരു സിക്സും രണ്ടു ഫോറും മാത്രം പായിച്ച അഭിഷേക്, എട്ടാം ഓവറിൽ അകീൽ ഹുസൈന്റെ പന്തിൽ സ്പെൻസർ ജോൺസനു ക്യാച്ച് നൽകി മടങ്ങി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഇഷാൻ– ക്ലാസൻ സഖ്യമാണ് ഹൈദരാബാദിന് ജയത്തിലേക്ക് അടിത്തറ പാകിയത്. ഇരുവരും ചേർന്ന് 75 റൺസ് കൂട്ടിച്ചേർത്തു.

15–ാം ഓവറിൽ, നൂർ അഹമ്മദിന്റെ പന്തിൽ സഞ്ജു സാംസന്റെ കിടിലൻ സ്റ്റംപിങ്ങിൽ ക്ലാസൻ പുറത്താകുമ്പോൾ ഹൈദരാബാദ് സ്കോർ 131ൽ എത്തിയിരുന്നു. പിന്നീടെത്തിയ നിതീഷ് കുമാർ റെഡ്ഡിയെ (7 പന്തിൽ 11), മുകേഷ് ചൗധരി മടക്കിയെങ്കിലും മറുവശത്ത് ബൗണ്ടറികൾ കണ്ടെത്തിയ ഇഷാൻ കിഷൻ ഹൈദരാബാദിനെ വിജയത്തിലേക്കു നയിച്ചു. 19–ാം ഓവറിലെ മൂന്നാം പന്തിൽ ഇഷാൻ പുറത്താകുമ്പോൾ ഹൈദരാബാദ് വിജയം ഉറപ്പിച്ചിരുന്നു. പിന്നീട് ഒന്നിച്ച സലിൽ അറോറ ( ) സ്മരൺ രവിചന്ദ്രൻ എന്നിവർ ചേർന്ന് വിജയറൺ കുറിച്ചു.

∙ ‘തട്ടിമുട്ടി’ ചെന്നൈസഞ്ജു സാംസൺ നൽകിയ മിന്നൽ തുടക്കം മുതലാക്കാനാകാതെ പോയ ചെന്നൈ സൂപ്പർ കിങ്സിനെ, അവരുടെ ഹോം ഗ്രൗണ്ടിൽ പിടിച്ചുകെട്ടി സൺറൈസേഴ്സ് ഹൈദരാബാദ്. നിർണായക മത്സരത്തിൽ ചെപ്പോക്കിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ, നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. ഡെവാൾഡ് ബ്രവിസ് (27 പന്തിൽ 44), കാർത്തിക് ശർമ (19 പന്തിൽ 32), സഞ്ജു സാംസൺ (13 പന്തിൽ 27) എന്നിവരുടെ ബാറ്റിങ്ങാണ് ചെന്നൈയെ ഭേദപ്പെട്ട സ്കോറിലെത്തിയത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസടക്കമുള്ളവരുടെ അച്ചടക്കമുള്ള ബോളിങ്ങാണ് ചെന്നൈ ഇന്നിങ്സിനെ പിടിച്ചുകെട്ടിയത്.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് ഓപ്പണർ സഞ്ജു സാംസൺ മികച്ച തുടക്കമാണ് നൽകിയത്. ആദ്യ പന്തിൽ തന്നെ നിതീഷ് കുമാർ റെഡ്ഡിയെ സിക്സറടിച്ചാണ് സഞ്ജു തുടങ്ങിയത്. അതേ ഓവറിൽ തന്നെ രണ്ടു ഫോറുകളും പായിച്ച സഞ്ജു ആകെ നേടിയത് 17 റൺസാണ്. ഐപിഎലിൽ ആദ്യ ഓവറിൽ ചെന്നൈ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്. 2015ൽ കൊൽക്കത്തയ്ക്കെതിരെ നേടിയ 19 റൺസാണ് ഒന്നാമത്. രണ്ടാം ഓവറിൽ പ്രഫുൽ ഹിൻഗെയെ തുടർച്ചയായ മൂന്നു പന്തുകളിൽ ഫോറടിച്ച സഞ്ജു, രണ്ടു കൽപിച്ചു തന്നെയാണ് ഇറങ്ങിയിരിക്കുന്നതെന്ന സൂചന നൽകി. എന്നാൽ തൊട്ടടുത്ത ഓവറിൽ പാറ്റ് കമ്മിൻസ്, സഞ്ജുവിനെ കീപ്പർ ഇഷാൻ കിഷന്റെ കൈകളിൽ എത്തിച്ചു. സഞ്ജു റിവ്യൂ നൽകിയെങ്കിലും ഫലമുണ്ടായില്ല. വെറും 13 പന്തിൽ ഒരു സിക്സും അഞ്ച് ഫോറുമടക്കമാണ് സഞ്ജു 27 റൺസ് അടിച്ചത്.

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് താരം സഞ്ജു സാംസന്റെ ബാറ്റിങ്. (PTI Photo/R Senthilkumar)

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് താരം സഞ്ജു സാംസന്റെ ബാറ്റിങ്. (PTI Photo/R Senthilkumar)

പിന്നാലെയെത്തിയ ഉർവിൽ പട്ടേൽ, അതേഓവറിൽ കമ്മിൻസിനെ തുടർച്ചയായി രണ്ടു സിക്സർ പറത്തി പ്രതീക്ഷ നൽകി. എന്നാൽ അ‍ഞ്ചാം ഓവറിൽ സാക്കിബ് ഹുസൈൻ ഉർവിലിനെ പുറത്താക്കി. പവർപ്ലേ അവസാനിക്കുമ്പോൾ 2ന് 57 എന്ന നിലയിലായിരുന്നു ചെന്നൈ. പവർപ്ലേയ്ക്കു ശേഷം കാർത്തിക് ശർമയുടെ ബാറ്റിങ്ങാണ് ചെന്നൈ ഇന്നിങ്സിനെ മുന്നോട്ടു നയിച്ചത്. രണ്ടു സിക്സും മൂന്നു ഫോറും പായിച്ച കാർത്തിക് ശർമയെ പത്താം ഓവറിൽ പാറ്റ് കമ്മിൻസ് പുറത്താക്കുമ്പോൾ ചെന്നൈ സ്കോർ 90ൽ എത്തിയിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ ചെന്നൈയ്ക്കായില്ല. ഒരുവശത്തു നിലയുറപ്പിച്ച് ഋതുരാജ് ഗെയ്‌ക്‌വാദ് നിന്നെങ്കിലും ബാറ്റിങ്ങിൽ താളം കണ്ടെത്താൻ സാധിക്കാതിരുന്നത് തിരിച്ചടിയായി. 11 ഓവറിൽ ക്രീസിൽ നിന്ന ക്യാപ്റ്റന് ഒരു ബൗണ്ടറി പോലും കണ്ടത്താൻ സാധിച്ചില്ല. 11.3 ഓവറിൽ പാറ്റ് കമ്മിൻസ് തന്നെയാണ് ഗെയ്‌ക്‌വാദിനെയും പുറത്താക്കിയത്. 21 പന്തിൽ വെറും 15 റൺസുമായാണ് താരം മടങ്ങിയത്.

അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഡെവാൾഡ് ബ്രവിസ്– ശിവം ദുബെ സഖ്യമാണ് ചെന്നൈ സ്കോർ 150 കടത്തിയത്. ഇരുവരും ചേർന്ന് 59 റൺസ് കൂട്ടിച്ചേർത്തു. 18–ാം ഓവറിൽ ബ്രവിസിനെ പുറത്താക്കി ഈഷൻ മല്ലിംഗയാണ് കൂട്ടുകെട്ട് പൊളിച്ചത്. നാല് സിക്സും രണ്ട് ഫോറുമാണ് ബ്രവിസിന്റെ ബാറ്റിൽനിന്നു പിറന്നത്. തൊട്ടടുത്ത ഓവറിൽ ശിവം ദുബെയെ (23 പന്തിൽ 26) സാക്കിബ് ഹുസൈനും പുറത്താക്കി. ഏഴാമനായി ഇറങ്ങി രണ്ട് ബൗണ്ടറി കണ്ടെത്തിയ പ്രശാന്ത് വീർ (9 പന്തിൽ 11) ആണ് ചെന്നൈ ടോട്ടൽ 180ൽ എത്തിച്ചത്.
 

English Summary:

IPL 2026: Chennai Super Kings vs Sunrisers Hyderabad, Live Score

Read Entire Article