‘ചോദ്യവും പറച്ചിലുമില്ലായിരുന്നു, നേരിട്ടുള്ള ഉത്തരവ്’: ബംഗ്ല താരങ്ങൾക്ക് അ‌തൃപ്തി; അടുത്ത നീക്കവുമായി ബിസിബി, അതും തള്ളും?

1 month ago 7

ഓൺലൈൻ ഡെസ്‌ക്

Published: January 23, 2026 08:19 PM IST

1 minute Read

ബംഗ്ലദേശ് ക്രിക്കറ്റ് ടീം. (Photo by Fadel SENNA / AFP)
ബംഗ്ലദേശ് ക്രിക്കറ്റ് ടീം. (Photo by Fadel SENNA / AFP)

ധാക്ക ∙ ട്വന്റി20 ലോകകപ്പിൽനിന്നു പിന്മാറിയതിനു പിന്നാലെ അടുത്ത നീക്കവുമായി ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി). ഐസിസി സ്വതന്ത്ര തർക്ക പരിഹാര സമിതിയുടെ (ഡിആർസി) ഇടപെടൽ ആവശ്യപ്പെട്ട് ബിസിബി കത്ത് നൽകിയതായാണ് റിപ്പോർട്ട്. ഐസിസിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്ന സമിതിയാണ് ഡിആർസി. സ്വതന്ത്ര അഭിഭാഷകടക്കം ഉൾപ്പെടുന്ന സമിതിയുടെ ആസ്ഥാനം ലണ്ടനാണ്. ഐസിസി സ്വീകരിക്കുന്ന നടപടികളുടെ നിയമവശം പരിശോധിക്കുന്ന സമിതിയാണിത്. എതിർപ്പുകളുണ്ടെങ്കിൽ അപ്പീൽ നൽകാനും സാധിക്കും. ഡിആർസിയുടെ തീരുമാനം അന്തിമമാണ്. ഈ സമിതിലൂടെ തങ്ങളുടെ ആവശ്യം സാധിച്ചെടുക്കാനാണ് ബിസിബിയുടെ പുതിയ നീക്കം.

ഫെബ്രുവരി 7ന് ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയിലേക്കു ടീമിനെ അയയ്ക്കില്ലെന്നു ബംഗ്ലദേശ് അറിയിച്ചിരുന്നു. ഇന്ത്യയിലെ മത്സരങ്ങളിൽ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കാൻ ഐസിസി ബംഗ്ലദേശിന് അനുവദിച്ച 24 മണിക്കൂർ സമയപരിധി വ്യാഴാഴ്ച അവസാനിച്ചിരുന്നു. ഇന്ത്യയിലേക്കു ടീമിനെ അയയ്ക്കില്ലെന്നു ബംഗ്ലദേശ് കായിക ഉപദേഷ്ടാവ് ആസിഫ് നസ്‌റുൽ ആണ് വ്യാഴാഴ്ച പ്രഖ്യാപിച്ചത്. ഐസിസി തീരുമാനം മാറ്റുമെന്നും മറ്റൊരു വേദിയിൽ ബംഗ്ലദേശിനു കളിക്കാൻ സാധിക്കുമെന്നാണ് ഇപ്പോഴും കരുതുന്നതെന്നും ആസിഫ് കൂട്ടിച്ചേർത്തു. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കം. എന്നാൽ ഐസിസി അംഗങ്ങൾ വോട്ടിനിട്ടു തള്ളിയ കാര്യത്തിൽ ഡിആർസി ഇടപെടാനുള്ള സാധ്യത വിരളമാണ്.

വെർച്വലായി നടത്തിയ ഐസിസി ബോർഡ് മീറ്റിങ്ങിൽ 14 അംഗ രാജ്യങ്ങളിൽ വേദിമാറ്റ ആവശ്യത്തെ എതിർത്ത് വോട്ടു ചെയ്തപ്പോൾ ബംഗ്ലദേശിനൊപ്പം നിന്നതു പാക്കിസ്ഥാൻ മാത്രം. ഇതിനു പിന്നാലെയാണ് ലോകകപ്പിൽനിന്നു പിന്മാറുകയാണെന്ന് ബംഗ്ലദേശ് അറിയിച്ചത്. ടീമംഗങ്ങളുമായുള്ള ചർച്ചയ്ക്കു ശേഷമാണ് ലോകകപ്പിൽനിന്നു പിന്മാറാനുള്ള തീരുമാനം ബംഗ്ലദേശ് അറിയിച്ചത്. എന്നാൽ മിക്ക കളിക്കാർക്കും ലോകകപ്പിൽ പങ്കെടുക്കണമെന്നായിരുന്നു ആഗ്രഹമെന്നും ഈ അഭിപ്രായം ചെവിക്കൊണ്ടില്ലെന്നുമാണ് വിവരം.

ബംഗ്ലദേശ് ട്വന്റി20 ടീം ക്യാപ്റ്റൻ ലിറ്റൻ ദാസും ടെസ്റ്റ് ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്റോയും ബിസിബിയുടെ യോഗത്തിൽ സംസാരിക്കുകയും ഇന്ത്യയിൽ ലോകകപ്പ് കളിക്കാൻ ടീം തയാറാണെന്ന് അറിയിക്കുകയും ചെയ്തെന്ന് ക്രിക്ക്ബസിന്റെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബിസിബി ഇതു നിഷേധിക്കുകയായിരുന്നു.

തങ്ങളുടെ അഭിപ്രായം സ്വീകരിക്കാനല്ല, തീരുമാനം അറിയിക്കുന്നതിനു മാത്രമാണ് വിളിച്ചതെന്ന് ഒരു ബംഗ്ലദേശ് താരം ക്രിക്‌ബസിനോടു പറഞ്ഞു. ‘‘ചോദ്യവും പറച്ചിലുമൊന്നുമുണ്ടായില്ല. എല്ലാം മുൻകൂട്ടി തീരുമാനിച്ച ശേഷമാണ് ഞങ്ങളെ വിളിച്ചത്. ഇതു സർക്കാരിൽനിന്ന് നേരിട്ടുള്ള ഉത്തരവായിരുന്നു. ക്രിക്കറ്റ് അവസാനിച്ചു. നമ്മൾ പോയില്ലെങ്കിൽ അത് നമ്മുടെ ക്രിക്കറ്റിന്റെ നഷ്ടമായിരിക്കും. ആരാണ് കാര്യമാക്കുന്നത്?.’’– ബംഗ്ലദേശ് താരം പറഞ്ഞു.

English Summary:

Bangladesh Cricket Board quality centers astir the BCB's entreaty to the ICC Dispute Resolution Committee (DRC) pursuing their withdrawal from the T20 World Cup. The withdrawal was reportedly owed to information concerns successful India, contempt players expressing their willingness to participate, fueling contention wrong the squad and the board.

Read Entire Article