ജയിക്കാൻ കൊതിച്ച്, ഇന്ന് കേരള ബ്ലാസ്റ്റേഴ്സ്– ഈസ്റ്റ് ബംഗാൾ പോരാട്ടം

1 week ago 2

മനോജ് മാത്യു

മനോജ് മാത്യു

Published: March 14, 2026 03:22 PM IST

1 minute Read

കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ദവീദ് കറ്റാല പരിശീലനത്തിനിടെ
കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ദവീദ് കറ്റാല പരിശീലനത്തിനിടെ

കൊച്ചി ∙ കളത്തിൽ മാത്രമല്ല, പുറത്തും തിളച്ചു മറിയുന്ന സമ്മർദത്തിനു നടുവിലാണു കേരള ബ്ലാസ്റ്റേഴ്സും കോച്ച് ദവീദ് കറ്റാലയും. ആദ്യ 4 മത്സരത്തിലും തോൽവി. സമ്പാദ്യം ഒരേയൊരു ഗോൾ. ഐഎസ്എൽ ചരിത്രത്തിൽ എക്കാലത്തെയും മോശപ്പെട്ട തുടക്കം! ഇന്നു വൈകിട്ട് 5നു കൊൽക്കത്ത സോൾട്ട് ലേക് സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ബൂട്ടണിയുമ്പോൾ ബ്ലാസ്റ്റേഴ്സ് ടീമും ആരാധകരും പ്രാർഥിക്കുന്നത് ഒന്നു മാത്രം; ഇന്നെങ്കിലും ജയിക്കാൻ കഴിഞ്ഞെങ്കിൽ...

ഇന്നലെ സോൾട്ട് ലേക് സ്റ്റേഡിയത്തിലെ വാർത്താ മുറിയിൽ ദവീദ് കറ്റാല പറയാതെ പറഞ്ഞതും ഈ പ്രാർഥന തന്നെ. ‘‘ അതെ, വളരെ മോശം സ്ഥിതിയിലാണു ഞങ്ങൾ. കളിക്കാരെ സംബന്ധിച്ചിടത്തോളം തീർച്ചയായും കഠിനമാണത്. പക്ഷേ, ഞങ്ങൾ മെച്ചപ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ടു കളികളിലും അതു പ്രകടമായിരുന്നു. ഗോളുകൾ വരുന്നില്ലെന്നതു ശരിയാണെങ്കിലും ഒട്ടേറെ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു’’ – കറ്റാല പ്രതീക്ഷയിലാണ്. ഇന്നു ജയിച്ചാൽ 13–ാം സ്ഥാനത്തു നിന്നു 10–ാം സ്ഥാനത്തേക്കു കയറാം. മത്സരം സോണി സ്പോർട്സ് 2 ചാനലിലും ഫാൻകോഡ് ആപ്പിലും തൽസമയം.

ഇന്നെങ്കിലും....?

ഗോളടിക്കാൻ കഴിയുന്നില്ലെന്നതു മാത്രമല്ല, കറ്റാലയെ സമ്മർദത്തിലാക്കുന്നത്. എത്ര ശ്രമിച്ചിട്ടും പ്രതിരോധത്തിലെ വിള്ളലുകൾ അടയ്ക്കാൻ കഴിയുന്നില്ല. ആദ്യ മൂന്നു കളികളിലും സെന്റർ ബാക്ക് സ്ഥാനത്തു കളിച്ച ഉമർ ബായെ ഒഴിവാക്കി സെനഗൽ സെന്റർ ബാക്ക് ഫാലൂ എൻഡിയയെ തിരക്കിട്ടു ടീമിലെത്തിച്ചതിനു വേറൊരു കാരണമില്ല. മധ്യനിരയെ നയിക്കാൻ കഴിയുന്ന താരത്തിന്റെ അഭാവം പ്രകടം. മുന്നേറ്റ നിരയിൽ തുളച്ചു കയറാൻ ഒരു വജ്രായുധമില്ല. ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിൽ എതിർതാരത്തിനെതിരെ ‘കൈമുട്ട്’ പ്രയോഗം നടത്തിയ ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ വിക്ടർ ബെർതോമ്യുവിനു സസ്‌പെൻഷൻ മൂലം പുറത്തിരിക്കേണ്ടി വരുന്നതു ടീമിനു തിരിച്ചടിയാകും. മികച്ച 11 പേരുടെ ‘കോംബോ’ കണ്ടെത്താനുള്ള കറ്റാലയുടെ ശ്രമം ഇന്നെങ്കിലും ഫലം കണ്ടില്ലെങ്കിൽ സംഭവം ശോകമാകും. ബ്ലാസ്റ്റേഴ്സ് ‘സെക്കൻഡ് ഹാഫ്’ ടീമായി ചുരുങ്ങുന്നതാണ് എല്ലാ മത്സരങ്ങളിലും കണ്ടത്. തുടക്കത്തിൽ തന്നെ ഹൈ പ്രസിങ് ഗെയിം കളിക്കാനും ഗോളടിക്കാനും കഴിഞ്ഞാൽ ആത്മവിശ്വാസം തിരിച്ചു കിട്ടുമെന്നുറപ്പ്.

English Summary:

Kerala Blasters is facing immense pressure, some connected and disconnected the field, with a winless streak successful their archetypal 4 matches and a struggling offense. Coach David Catala is optimistic astir the team's improvement, contempt the existent challenging situation.

Read Entire Article