Published: March 30, 2026 09:15 AM IST
1 minute Read
സുസുക (ജപ്പാൻ) ∙ ഫോർമുല വൺ ഗ്രാൻപ്രിയിൽ പത്തൊമ്പതുകാരൻ കിമി ആന്റനെല്ലിക്കു തുടർച്ചയായ രണ്ടാം വിജയം. ഞായറാഴ്ച നടന്ന ജാപ്പനീസ് ഗ്രാൻപ്രിയിൽ മെഴ്സിഡീസ് ഡ്രൈവറായ ഇറ്റലിക്കാരൻ ആന്റനെല്ലി 13.7 സെക്കൻഡ് ലീഡോടെയാണ് അനായാസ വിജയം നേടിയത്. 2 ആഴ്ച മുൻപു നടന്ന ചൈനീസ് ഗ്രാൻപ്രിയിലും ആന്റനെല്ലിയായിരുന്നു ജേതാവ്. മക്‌ലാരൻ ഡ്രൈവർ ഓസ്കർ പിയാസ്ട്രി രണ്ടാമതും ഫെറാറി ഡ്രൈവർ ചാൾസ് ലെക്ലെയർ മൂന്നാമതുമെത്തി. 3 റേസുകളിൽനിന്ന് 72 പോയിന്റോടെ ഡ്രൈവേഴ്സ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിലും ഒന്നാമതാണ് ആന്റനെല്ലി.
സുസുകയിൽ ജോർജ് റസലിനൊപ്പം പോൾ പൊസിഷനിൽ ആന്റനെല്ലിക്കു റേസ് തുടങ്ങാനായെങ്കിലും ആദ്യ ടേണിൽത്തന്നെ ഇരുവരെയും ഓവർടേക്ക് ചെയ്ത് ഓസ്കർ പിയാസ്ട്രി ലീഡെടുത്തു. എന്നാൽ, 22–ാം ലാപ്പിൽ ഹാസ് ഡ്രൈവർ ഒളിവർ ബിയർമാന്റെ കാർ ടയർ ബാരിയറിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടതോടെ ട്രാക്കിൽ സേഫ്റ്റി കാർ രംഗപ്രവേശം ചെയ്തു.
ഈ അവസരം മുതലാക്കിയാണ് ലീഡ് തിരിച്ചുപിടിക്കാൻ തനിക്കു സാധിച്ചതെന്ന് ആന്റനെല്ലി മത്സരശേഷം വെളിപ്പെടുത്തി. അതേസമയം, അപകടത്തിൽപ്പെട്ട കാറിൽനിന്ന് മുടന്തി പുറത്തു കടന്ന ഒളിവർ ബിയർമാനു ഗുരുതരമായ പരുക്കുകളില്ലെന്നു പിന്നീടു സ്ഥിരീകരിച്ചു.
English Summary:








English (US) ·