‘ഞങ്ങൾ തീയും– തീയും, കെട്ടുറപ്പിന് പിന്നിൽ കേരള-പഞ്ചാബി സൗഹൃദം’; അഭിഷേകിനോട് മറ്റു താരങ്ങൾക്ക് ‘അസൂയ’: കാരണം വെളിപ്പെടുത്തി സഞ്ജു

1 week ago 2

ഓൺലൈൻ ഡെസ്‌ക്

Published: March 15, 2026 11:37 AM IST Updated: March 15, 2026 12:24 PM IST

1 minute Read

  ട്വന്റി20 ലോകകപ്പ് ഫൈനലിൽ സഞ്ജു സാംസണും അഭിഷേക് ശർമയും ബാറ്റിങ്ങിനിടെ.  (PTI Photo/Kunal Patil)
ട്വന്റി20 ലോകകപ്പ് ഫൈനലിൽ സഞ്ജു സാംസണും അഭിഷേക് ശർമയും ബാറ്റിങ്ങിനിടെ. (PTI Photo/Kunal Patil)

ന്യൂഡൽഹി ∙ ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിൽ ഓപ്പണിങ് പങ്കാളിയായ അഭിഷേക് ശർമയെ പ്രശംസിച്ച് മലയാളി താരം സഞ്ജു സാംസൺ. ക്രീസിൽ, തങ്ങൾ ‘തീയും തീയും’ ആണെന്നു വിശേഷിപ്പിച്ച സഞ്ജു, പൊതുവേയുള്ള കേരള-പഞ്ചാബി സൗഹൃദമാണ് ഈ കെട്ടുറപ്പിന് പിന്നിലെന്നും പറഞ്ഞു. ഒരു ഇംഗ്ലിഷ് മാധ്യമം സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

‘‘ഞങ്ങൾ ഐസുകട്ടയും തീയും അല്ല, ഞങ്ങൾ തീയും തീയും ആണ്. ചിലപ്പോൾ അവൻ ആഞ്ഞടിക്കും, ചിലപ്പോൾ ഞാൻ. അത്തരമൊരു കൂട്ടുകെട്ടാണ് ഞങ്ങളുടേത്. 2024 മുതൽ ഞങ്ങൾ ഇത് ചെയ്യുന്നു; മൈതാനത്ത് ഞങ്ങൾക്ക് ഒരു കേരള-പഞ്ചാബി സൗഹൃദമുണ്ട്. എല്ലാം ഞങ്ങൾക്ക് വളരെ സ്വാഭാവികമായി വരുന്നു, അതിനാൽ അത്ര പ്രയാസമില്ല. അവൻ എന്നോട് ചോദിക്കും,‘പന്ത് എങ്ങനെയാണ് വരുന്നത്?’. പന്ത് സാധാരണ രീതിയിലാണ് വരുന്നത് എന്ന് ഞാൻ അവനോട് പറയും, അവൻ അത് സിക്സറിന് പറത്തും. അവനുമായി കാര്യങ്ങൾ വളരെ ലളിതമാണ്. അഭിഷേക് വളരെ ധൈര്യശാലിയാണ്. അവന്റെ സ്വഭാവം എനിക്ക് ഇഷ്ടമാണ്. മൈതാനത്തും പുറത്തും അവനുമായുള്ള കൂട്ടുകെട്ട് ഞാൻ ശരിക്കും ആസ്വദിക്കുന്നു.’’സഞ്ജു സാംസൺ പറഞ്ഞു.

അഭിഷേകിന്റെ താരപ്രഭ കണ്ട് മറ്റ് ഇന്ത്യൻ താരങ്ങൾക്ക് ‘അസൂയ’ തോന്നിയിരുന്നതായും സഞ്ജു വെളിപ്പെടുത്തി. ‘‘നേരത്തെ, അഭിഷേകിന് ലഭിക്കുന്ന ആവേശാരവങ്ങൾ കണ്ട് മറ്റുള്ളവർക്ക് അസൂയ തോന്നുമായിരുന്നു. എവിടെയും അഭിഷേക്, അഭിഷേക് എന്നായിരുന്നു. ആളുകൾ അവനെ മാത്രമേ കാണുന്നുള്ളോ എന്നാണ് ഞങ്ങൾ വിചാരിച്ചിരുന്നത്. അവൻ ഇപ്പോൾ ടീമിലെ സൂപ്പർസ്റ്റാറാണ്. വേഗം വിവാഹം കഴിക്കൂ ഭായ്.’’– സഞ്ജു കൂട്ടിച്ചേർത്തു.

ട്വന്റി20 ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനെതിരെ ഇരുവരും ചേർന്ന് 98 റൺസിന്റെ തകർപ്പൻ തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. 255 റൺസെന്ന കൂറ്റൻ ടോട്ടൽ കണ്ടെത്താൻ ഇതു ടീമിനെ സഹായിച്ചു. ഫൈനലിൽ 96 റൺസിന് ജയിച്ച ഇന്ത്യ, മൂന്നാം തവണയും ലോകകപ്പ് കിരീടം നേടി ചരിത്രം കുറിച്ചു. സ്വന്തം നാട്ടിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമായും ഇന്ത്യ മാറി.

പ്ലേയിങ് ഇലവനിൽനിന്നു പുറത്തായിരുന്ന, സഞ്ജു ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. വെസ്റ്റിൻഡീസിനെതിരായ മത്സരം മുതൽ ഫൈനൽ വരെ മികച്ച പ്രകടനം നടത്തി അദ്ദേഹം ഇന്ത്യയുടെ ടോപ്പ് സ്കോററായി. 5 ഇന്നിങ്സുകളിൽ നിന്ന് 321 റൺസ് നേടിയ സഞ്ജു, ടൂർണമെന്റിലെ താരവുമായി. ടൂർണമെന്റിൽ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെങ്കിലും അഭിഷേക്, ഫൈനലിൽ ഉൾപ്പെടെ രണ്ട് അർധസെഞ്ചറി നേടി. 

English Summary:

Sanju Samson praises Abhishek Sharma's assertive batting, describing their opening concern successful the T20 World Cup arsenic 'fire and fire'. He attributes their on-field chemistry to their beardown Kerala-Punjabi friendship, making their collaboration consciousness earthy and effortless, starring to important contributions successful matches similar the T20 World Cup final.

Read Entire Article