ഞാൻ തകർന്നുപോയിരുന്നു, മനസ്സ് പിടിവിട്ടുപോയി; മാനസിക പിന്തുണ നൽകിയത് സച്ചിൻ സർ: വെളിപ്പെടുത്തി സഞ്ജു–വിഡിയോ

1 week ago 3

ഓൺലൈൻ ഡെസ്‌ക്

Published: March 09, 2026 12:06 AM IST Updated: March 09, 2026 07:33 AM IST

1 minute Read

c X/CricCrazyJohns/)
ട്വന്റി20 ലോകകപ്പിലെ പ്ലെയർ ഓഫ് ദ് ടൂർണമെന്റ് പുരസ്കാരം സ്വീകരിച്ച ശേഷം സഞ്ജു സാംസൺ സംസാരിക്കുന്നു. ചിത്രം:c X/CricCrazyJohns/)

അഹമ്മദാബാദ് ∙ ട്വന്റി20 ലോകകപ്പ് ടൂർണമെന്റിലെ താരമായതിനു പിന്നാലെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ടീം താരം സഞ്ജു സാംസൺ. ഇന്ത്യൻ ടീമിലെ പല മുൻ മുതിർന്ന താരങ്ങളുടെയും മാർഗനിർദേശങ്ങളാണ് തനിക്ക് സഹായകമായതെന്നും സച്ചിൻ തെൻഡുൽക്കർക്കറെ നിരന്തരം ബന്ധപ്പെടുകയും ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നതായും സഞ്ജു പറഞ്ഞു.

‘‘ഇന്ത്യൻ ടീമിലെ മുൻ മുതിർന്ന താരങ്ങളുടെ മാർഗനിർദേശങ്ങളും നിർദേശങ്ങളും എനിക്ക് വലിയ സഹായമായിരുന്നു. ഒരു കാര്യം ഇവിടെ തുറന്നുപറയാമെന്ന് ഞാൻ കരുതുന്നു: കഴിഞ്ഞ കുറച്ച് മാസങ്ങളായി, സച്ചിൻ സാറുമായി ഞാൻ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയിൽ കളിക്കാതെ പുറത്തിരുന്നപ്പോൾ, സ്വീകരിക്കേണ്ട മാനസികാവസ്ഥയെക്കുറിച്ചു ഞാൻ ചിന്തിച്ചു. അങ്ങനെ ഞാൻ സാറിനെ സമീപിക്കുകയും ഒരുപാട് സംസാരിക്കുകയും ചെയ്തു. ഇന്നലെ പോലും ഞാൻ എങ്ങനെയുണ്ട് എന്ന് ചോദിക്കാൻ അദ്ദേഹം എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തെപ്പോലെയുള്ള ഒരാളിൽനിന്നു മാർഗനിർദേശം ലഭിക്കുക എന്നത് വലിയ കാര്യമാണ്. കളിയിലുള്ള ആ വ്യക്തത, തയാറെടുപ്പ് എന്നിവയ്ക്കെല്ലാം എന്നെ പിന്തുണച്ച എല്ലാവരോടും എനിക്ക് നന്ദിയുണ്ട്.’’– സഞ്ജു പറഞ്ഞു.

ലോകകപ്പിൽ വെറും അഞ്ച് മത്സങ്ങൾ മാത്രം കളിച്ച സഞ്ജു, 80.25 ശരാശരിയിൽ മൂന്ന് അർധസെഞ്ചറികൾ ഉൾപ്പെടെ 321 റൺസാണ് അടിച്ചുകൂട്ടിയത്. റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള സഞ്ജു, മികച്ച സ്ട്രൈക്ക് റേറ്റുള്ളവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് (199.38). നേട്ടത്തിന് ഒരുപാട് നന്ദിയുണ്ടെന്നും ഇതൊരു സ്വപ്നം പോലെ തോന്നുന്നെന്നും സഞ്ജു പറഞ്ഞു. ‘‘സത്യം പറഞ്ഞാൽ, ഇതൊരു സ്വപ്നം പോലെ തോന്നുന്നു. വളരെയധികം സന്തോഷം, ഒരുപാട് നന്ദി. വാക്കുകൾക്കും വികാരങ്ങൾക്കും അതീതമാണ്. ഞാൻ ഇതിലൂടെ കടന്നുപോകുകയാണ്, അതുകൊണ്ട് തന്നെ ഒരു മായക്കാഴ്ച പോലെ തോന്നുന്നു.

വളരെ സത്യസന്ധമായി പറഞ്ഞാൽ ഇതെല്ലാം തുടങ്ങുന്നത് ഒന്ന് രണ്ട് വർഷങ്ങൾക്ക് മുൻപാണെന്ന് ഞാൻ കരുതുന്നു. 2024ൽ വെസ്റ്റിൻഡീസിൽ ലോകകപ്പ് നേടിയ ടീമിനൊപ്പം ഉണ്ടായിരുന്നെങ്കിലും എനിക്ക് ഒരു മത്സരം പോലും കളിക്കാൻ കഴിഞ്ഞില്ല. എങ്കിലും ഞാൻ സ്വപ്നം കണ്ടുകൊണ്ടേയിരുന്നു. ഞാൻ പരിശ്രമിച്ചുകൊണ്ടേയിരുന്നു. അന്നത്തെ എന്റെ ആഗ്രഹം ഇതായിരുന്നു. ഇങ്ങനെയൊരു നേട്ടം കൈവരിക്കാൻ അത്രത്തോളം കഠിനാധ്വാനം ചെയ്യണമെന്ന് ഞാൻ ചിന്തിച്ചു. ദൈവാനുഗ്രഹത്താൽ, ഇന്ന് കാര്യങ്ങൾ മാറിമറിഞ്ഞു. ന്യൂസീലൻഡ് പരമ്പരയ്ക്ക് ശേഷം ഞാൻ ആകെ തകർന്നുപോയി. എന്റെ മനസ്സ് പിടിവിട്ടു പോയി. എന്റെ സ്വപ്നങ്ങൾ തകർന്നെന്ന് ഞാൻ കരുതി. ഇനി എന്ത് ചെയ്യാൻ കഴിയും എന്നോർത്തു. പക്ഷേ ദൈവത്തിന് മറ്റ് പദ്ധതികളുണ്ടായിരുന്നു. നിർണായകമായ മത്സരങ്ങളിലേക്ക് ഞാൻ പെട്ടെന്ന് തിരിച്ചുവരികയും രാജ്യത്തിന് വേണ്ടി ചെയ്യാൻ കഴിയുന്നത് ചെയ്യുകയും ചെയ്തു. അതിനാൽ, ഇതേക്കുറിച്ച് സ്വപ്നം കാണാനുള്ള ധൈര്യം കാണിച്ചതിൽ എനിക്ക് വലിയ അഭിമാനവും സന്തോഷവുമുണ്ട്. കാര്യങ്ങൾ എനിക്ക് അനുകൂലമായി ഭവിച്ചു. ഒരുപാട് നന്ദിയുണ്ട്.’’– സഞ്ജു കൂട്ടിച്ചേർത്തു.

English Summary:

Sanju Samson credits cricketing fable Sachin Tendulkar for his occurrence successful the T20 World Cup, emphasizing the invaluable guidance received from elder players. He expressed gratitude for Tendulkar's accordant enactment and advice, which helped him mentally hole for the tournament.

Read Entire Article