‘ടീമിനെ പ്രഖ്യാപിച്ചെന്ന് മാത്രം, ലോകകപ്പ് കളിക്കുമെന്ന് ഉറപ്പില്ല’: ഐസിസിക്ക് വഴങ്ങിയിട്ടും ഉരുണ്ടുകളിച്ച് പാക്കിസ്ഥാന്‍

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: January 25, 2026 05:38 PM IST

1 minute Read

പിസിബി ഡയറക്ടറും സിലക്ഷന്‍ കമ്മിറ്റി അംഗവുമായ ആഖിബ് ജാവേദ് (ഇടത്), പാക്കിസ്ഥാൻ ട്വന്റി20 ടീം ക്യാപ്റ്റൻ സല്‍മാന്‍ അലി ആഗ(വലത്) (Photo by Aamir QURESHI / AFP)
പിസിബി ഡയറക്ടറും സിലക്ഷന്‍ കമ്മിറ്റി അംഗവുമായ ആഖിബ് ജാവേദ് (ഇടത്), പാക്കിസ്ഥാൻ ട്വന്റി20 ടീം ക്യാപ്റ്റൻ സല്‍മാന്‍ അലി ആഗ(വലത്) (Photo by Aamir QURESHI / AFP)

ലഹോർ∙ ബഹിഷ്കരണ ഭീഷണികള്‍ക്കിടെ ട്വന്‍റി20 ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). സല്‍മാന്‍ അലി ആഗ നായകനായിട്ടുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചു. സൂപ്പർ താരം ബാബര്‍ അസമും പേസർ ഷഹീന്‍ ഷാ അഫ്രീദിയും ടീമിലേക്ക് മടങ്ങിയെത്തി. എന്നാൽ സീനിയർ താരങ്ങളായ മുഹമ്മദ് റിസ്‌വാനും ഹാരിസ് റൗഫിനും ടീമിലിടമില്ല. ബാബര്‍ മടങ്ങിയെത്തുന്നതു ബാറ്റിങ് നിരയ്ക്കു കരുത്താകും. ഷഹീനും നസീം ഷായും പേസ് ആക്രമണത്തിനു നേതൃത്വം നൽകും. ഫിറ്റ്നസില്ലാത്തതിനെ തുടര്‍ന്നാണ് ഹാരിസ് റൗഫ് ടീമിന് പുറത്തായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബംഗ്ലദേശിനെ ട്വന്റി20 ലോകകപ്പിൽനിന്നു പുറത്താക്കിയതിനു പിന്നാലെ ബഹിഷ്കരണ ഭീഷണിയുമായി പാക്കിസ്ഥാനും രംഗത്തെത്തിയിരുന്നു. ലോകകപ്പിലെ പാക്ക് ടീമിന്റെ പങ്കാളിത്തം സംബന്ധിച്ച് പാക്കിസ്ഥാൻ സർക്കാർ അന്തിമ തീരുമാനമെടുക്കുമെന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്‍വി പ്രതികരിച്ചത്. ‘വിഷയം പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉപദേശം തേടും. സർക്കാർ എതിർത്താൽ പാക്കിസ്ഥാൻ ലോകകപ്പിൽനിന്ന് പിൻമാറും. ഐസിസിക്ക് മറ്റൊരു ടീമിനെ ക്ഷണിക്കേണ്ടിവരും– പാക്കിസ്ഥാനിൽ മന്ത്രികൂടിയായ നഖ്‍വി വ്യക്തമാക്കി.

എന്നാൽ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചാൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ലീഗിൽ (പിസിഎൽ) വിദേശ താരങ്ങളെ അനുവദിക്കില്ലെന്നും രാജ്യാന്തര മത്സരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും ഏഷ്യാ കപ്പില്‍നിന്നു പുറത്താക്കുമെന്നും ഐസിസി മുന്നറിയിപ്പ് നല്‍കി. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാൻ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. എന്നാൽ ബഹിഷ്കരണ ഭീഷണയിൽനിന്നു പൂർണമായും പിന്നോട്ടില്ലെന്നാണ് ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ടീം പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ പിസിബി ഡയറക്ടറും സിലക്ഷന്‍ കമ്മിറ്റി അംഗവുമായ ആഖിബ് ജാവേദ് വ്യക്തമാക്കിയത്. ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പങ്കാളിത്തം നൂറു ശതമാനം ഉറപ്പാക്കാനായിട്ടില്ലെന്ന് ജാവേദ് പറഞ്ഞു.

‘‘ഞങ്ങള്‍ സിലക്ടര്‍മാരാണ്, ഞങ്ങളുടെ ജോലി ടീമിനെ തിരഞ്ഞെടുക്കുകയാണ്. അവസാന തീയതിക്ക് മുന്‍പ് ഞങ്ങള്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമിന്റെ പങ്കാളിത്തം സര്‍ക്കാര്‍ തീരുമാനിക്കും, ഇതിനെ പറ്റി എനിക്കൊന്നും പറയാന്‍ സാധിക്കില്ല. ചെയർമാൻ പറഞ്ഞതും അതാണ്, അതിനാൽ അവരുടെ തീരുമാനത്തിനായി ഞങ്ങൾ കാത്തിരിക്കും’’– ജാവേദ് വ്യക്തമാക്കി. ക്യാപ്റ്റൻ സൽമാൻ ആഗ, മുഖ്യപരിശീലകൻ മൈക്കൽ ജെയിംസ് ഹെസ്സൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ലോകകപ്പിനുള്ള പാക്കിസ്ഥാൻ ടീം:സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), അബ്രാര്‍ അഹ്മദ്, ബാബര്‍ അസം, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഖ്വാജ മുഹമ്മദ് നാഫി, മുഹമ്മദ് നവാസ്, മുഹമ്മദ് സല്‍മാന്‍ മിര്‍സ, നസീം ഷാ, ഷാഹിബ്സദ ഫര്‍ഹാന്‍ (വിക്കറ്റ് കീപ്പര്‍),സയിം അയൂബ്, ഷഹീന്‍ ഷാ അഫ്രീദി, ഷദബ് ഖാന്‍, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഉസ്മാന്‍ താരിഖ്.

ലോകകപ്പിൽ പാക്കിസ്ഥാന്‍റെ മല്‍സരങ്ങള്‍:ഫെബ്രുവരി 7– പാക്കിസ്ഥാന്‍ vs നെതര്‍ലന്‍ഡ്സ്, ഫെബ്രുവരി 10– പാക്കിസ്ഥാന്‍ vs യുഎസ്എ, ഫെബ്രുവരി 15– പാക്കിസ്ഥാന്‍ vs ഇന്ത്യ, ഫെബ്രുവരി 18– പാക്കിസ്ഥാന്‍ vs നമീബിയ. പാക്കിസ്ഥാന്‍റെ എല്ലാം മത്സരങ്ങളും കൊളംബോയിൽ.

English Summary:

Pakistan T20 World Cup Team has been announced amidst boycott threats. The squad is led by Salman Ali Agha, and features the instrumentality of Babar Azam and Shaheen Shah Afridi. Despite the squad announcement, information is not 100% guaranteed, pending authorities decision.

Read Entire Article