Published: May 06, 2026 05:33 PM IST
1 minute Read
മുംബൈ∙ പരുക്കേറ്റതിനെത്തുടർന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരം കളിച്ചിരുന്നില്ല. പാണ്ഡ്യ കളിച്ചില്ലെങ്കിലും മുംബൈ സീസണിലെ മൂന്നാം വിജയം ലക്നൗവിനെതിരെ സ്വന്തമാക്കിയിരുന്നു. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ റായ്പുരിലാണ് മുംബൈയുടെ അടുത്ത പോരാട്ടം. മത്സരത്തിനായി മുംബൈ ഇന്ത്യൻസ് റായ്പുരിലേക്കു പോയെങ്കിലും, ക്യാപ്റ്റൻ പാണ്ഡ്യ ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല. റായ്പുരിലേക്ക് ടീമിനൊപ്പമുള്ള യാത്രയും പാണ്ഡ്യ ഒഴിവാക്കി. പരുക്കുണ്ടെങ്കിലും ആർസിബിക്കെതിരായ മത്സരത്തിൽ പാണ്ഡ്യ കളിക്കുമെന്നാണു വിവരം.
മുംബൈ വിമാനത്താവളത്തിൽ യാത്രയ്ക്കെത്തിയ താരങ്ങളില്‍ പാണ്ഡ്യയുണ്ടായിരുന്നില്ല. സീസണില്‍ മുംബൈയ്ക്കായി എട്ടു മത്സരങ്ങൾ കളിച്ച ക്യാപ്റ്റന്‍, 136.45 സ്ട്രൈക്ക് റേറ്റിൽ 146 റൺസ് മാത്രമാണ് ഇതുവരെ സ്വന്തമാക്കിയത്. ബോളിങ്ങിലും തിളങ്ങാന്‍ പാണ്ഡ്യയ്ക്കു സാധിച്ചിട്ടില്ല. തുടര്‍ച്ചയായി തോൽവികൾ ഏറ്റുവാങ്ങുകകൂടി ചെയ്തതോടെ പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ മുംബൈ ടീമിലെ സൂപ്പർ താരങ്ങൾ അസ്വസ്ഥരാണെന്നാണു പുറത്തുവരുന്ന വിവരം. ലക്നൗവിനെതിരായ മത്സരത്തിനു ശേഷം പാണ്ഡ്യയുടെ പരുക്കിനെക്കുറിച്ചു ചോദിച്ചപ്പോൾ, ഒന്നും അറിയില്ലെന്നായിരുന്നു മുംബൈ താരം റയാൻ റിക്കിൾട്ടനിന്റെ മറുപടി. ‘‘പാണ്ഡ്യ എന്നു തിരിച്ചുവരുമെന്ന് എനിക്ക് അറിയില്ല. അദ്ദേഹത്തിന് നടുവേദനയുണ്ടെന്ന വിവരം മാത്രമാണ് എനിക്കു ലഭിച്ചത്. അദ്ദേഹത്തിന്റെ അസുഖം മാറിയോ, പരുക്കിന്റെ ഗൗരവം എത്രത്തോളമുണ്ട് തുടങ്ങിയ കാര്യങ്ങളൊന്നും എനിക്ക് അറിയില്ല. റായ്പുരിൽ അദ്ദേഹം ടീമിനൊപ്പം ചേരുമെന്നാണു കരുതുന്നത്.’’– റയാൻ റിക്കിൾട്ടൻ വ്യക്തമാക്കി.
പത്ത് മത്സരങ്ങളിൽനിന്ന് മൂന്ന് വിജയങ്ങൾ മാത്രമുള്ള മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിലെ ഒൻപതാം സ്ഥാനക്കാരാണ്. ഇനി എല്ലാ മത്സരങ്ങളും ജയിച്ചാലും പ്ലേ ഓഫ് ഉറപ്പിക്കാൻ മുംബൈയ്ക്കു സാധിക്കില്ല. ഇന്ത്യയ്ക്കായി ട്വന്റി20 ലോകകപ്പ് വിജയിച്ച സൂര്യകുമാർ യാദവ്, മുംബൈയെ പലവട്ടം കിരീടം വിജയിപ്പിച്ച രോഹിത് ശർമ എന്നിവർ ടീമിലുണ്ടായിട്ടും, ഗുജറാത്ത് ടൈറ്റൻസിൽനിന്ന് ക്യാപ്റ്റൻസി വാഗ്ദാനം ചെയ്താണ് മുംബൈ മാനേജ്മെന്റ് പാണ്ഡ്യയെ തിരികെയെത്തിച്ചത്. എന്നാൽ പാണ്ഡ്യയ്ക്കു കീഴിൽ പ്രതീക്ഷിച്ച ഫലം മുംബൈയ്ക്കു ലഭിച്ചില്ല.
2024 ൽ 14 മത്സരങ്ങളിൽ നാലെണ്ണം മാത്രം ജയിച്ച മുംബൈ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്നു. കഴിഞ്ഞ സീസണില്‍ ആദ്യ നാലിൽ എത്തിയ മുംബൈ, രണ്ടാം ക്വാളിഫയർ തോറ്റു പുറത്തായി. മുംബൈയുടെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ വിജയ ശതമാനമുള്ള ക്യാപ്റ്റനാണ് പാണ്ഡ്യ. 40.54 ആണ് പാണ്ഡ്യയുടെ വിജയ ശതമാനം. നിലവിലെ സീസണിൽ പാണ്ഡ്യയിൽ തന്നെ മുംബൈ മാനേജ്മെന്റ് ഉറച്ചുനിൽക്കാനാണു സാധ്യത. എന്നാൽ അടുത്ത വർഷം ക്യാപ്റ്റൻസി മാറ്റം ഫ്രാഞ്ചൈസി പരിഗണിച്ചേക്കും.
English Summary:







English (US) ·