Published: May 25, 2026 03:07 PM IST Updated: May 25, 2026 03:22 PM IST
2 minute Read
ചെന്നൈ ∙ ഐപിഎലിൽനിന്ന് സഞ്ജു സാംസന്റെ ടീമായ ചെന്നൈ സൂപ്പർ കിങ്സ് പ്ലേഓഫ് കാണാതെ പുറത്തായെങ്കിലും സമൂഹമാധ്യമത്തിൽ താരത്തിന്റെ സാന്നിധ്യത്തിന് കുറവൊന്നുമില്ല. വിമ്പിൾഡൻ ചാംപ്യഷിപ് കഴിഞ്ഞദിവസം യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ഒരു വിഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് ‘ദ് റോൾ റിവേഴ്സൽ ചാലഞ്ച് പാർട്ട് 1’ എന്ന വിഡിയോയിൽ സഞ്ജു സാംസനൊപ്പം ഇന്ത്യൻ ടെന്നിസ് ഇതിഹാസം രോഹൻ ബൊപ്പണ്ണയുമുണ്ട്. ഇരുവരും ഒന്നിച്ചുള്ള രസകരമായ നിമിഷങ്ങളാണ് ഒൻപതു മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയിലുള്ളത്. ഷാഹിബ ബാലിയാണ് പരിപാടിയുടെ അവതാരക.
ക്രോസ്ഓവർ ചാലഞ്ച് എന്ന തികച്ചും വ്യത്യസ്തമായ ആശയമാണ് വിഡിയോയിലുള്ളത്. ഇരുവരും ടെന്നിസ് റാക്കറ്റ് ഉപയോഗിച്ച് ബോൾ ചെയ്യുകയും ഒരോവർ പരമാവധി റൺസ് നേടാൻ ശ്രമിക്കുകയുമായിരുന്നു വേണ്ടത്. ആദ്യ ബൊപ്പണ്ണയാണ് ബോൾ ചെയ്തത്, ക്രീസിൽ സഞ്ജുവും. ഒരു വൈഡിലൂടെയാണ് ബൊപ്പണ്ണ തുടങ്ങിയത്. അതിനുശേഷം സഞ്ജു ഒരു സിംഗിൾ എടുത്തുകൊണ്ട് ‘വെല്ലുവിളി’ ഏറ്റെടുത്തു. താളം കണ്ടെത്തിയതോടെ, ഗ്രൗണ്ടിന് നേരെ മുകളിലൂടെ ഒരു കൂറ്റൻ സിക്സറും, തുടർന്ന് ഫൈൻ ലെഗിലൂടെ മനോഹരമായ ഒരു ഫോറും സഞ്ജു പായിച്ചു. പിന്നീട് ‘ട്രാക്ക്’ മാറ്റിയ ബൊപ്പണ്ണ, മണിക്കൂറിൽ 101 കിലോമീറ്റർ വേഗതയുള്ള ഒരു പന്ത് എറിഞ്ഞ് സഞ്ജുവിനെ ക്ലീൻ ബൗൾഡ് ആക്കി. അവിടെയും നിർത്തിയില്ല, മണിക്കൂറിൽ 131 കിലോമീറ്റർ വേഗതയുള്ള ഒരു പന്തെറിഞ്ഞാണ് ബൊപ്പണ്ണ ഓവർ അവസാനിപ്പിച്ചത്. ആകെ 15 റൺസാണ് ഓവറിൽ ബൊപ്പണ്ണ വഴങ്ങിയത്.
തുടർന്ന് ബൊപ്പണ്ണയ്ക്കായിരുന്നു ബാറ്റിങ്ങിനുള്ള ഊഴം. ആദ്യ പന്ത് തന്നെ മിസ് ആകുകയും പാഡിൽ പന്ത് കൊള്ളുകയും ചെയ്തു. എന്നാൽ പിന്നീട് തുടർച്ചയായ ബൗണ്ടറികളുമായി താരം തിരിച്ചുവന്നു. സഞ്ജുവിന് ഒരു ഡോട്ട് ബോൾ എറിയാൻ കഴിഞ്ഞെങ്കിലും ആറു പന്തുകൾ നേരിട്ട ബൊപ്പണ്ണ നാല് ഫോറുകളോടെയാണ് കളി അവസാനിപ്പിച്ചത്. ആകെ 16 റൺ സഞ്ജു വഴങ്ങിയെങ്കിലും ഇതിൽ യഥാർഥ വിജയികൾ ആരുമുണ്ടായിരുന്നില്ല.
ചാലഞ്ചിനേക്കാളുപരി വിഡിയോയിൽ ഇരു താരങ്ങളുടെയും നർമത്തിൽ പൊതിഞ്ഞുള്ള സംസാരവും പരസ്പര ബഹുമാനവുമാണ് കാഴ്ചക്കാരെ ആകർഷിച്ചത്. ടെന്നിസുമായി എന്തെങ്കിലും ബന്ധമുണ്ടോ, മുൻപ് കളിച്ചിട്ടുണ്ടോ എന്ന അവതരാകയുടെ ചോദ്യത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. രസകരമായ മറുപടിയാണ് സഞ്ജു ഇതിനു നൽകുന്നത്. ‘‘ടെന്നിസുമായുള്ള ബന്ധം ഇപ്പോൾ തുടങ്ങിയതേയള്ളൂ, ഞാൻ വളരെ ആവേശത്തിലാണ്.’’ എന്നാണ് സഞ്ജു മറുപടി നൽകിയത്. ഏറ്റവും ഇഷ്ടപ്പെട്ട ടെന്നിസ് താരമെന്ന ചോദ്യത്തിന് ‘രോഹൻ ബൊപ്പണ്ണ’ എന്നായിരുന്നു ചിരിച്ചുകൊണ്ട് സഞ്ജുവിന്റെ മറുപടി. ഏറ്റവും ഇഷ്ടപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം ആരാണെന്ന് ബൊപ്പണ്ണയോട് ചോദിച്ചപ്പോൾ, ‘എനിക്കു ശേഷം’ എന്ന സഞ്ജു മുൻകൂട്ടി പറയുകയും ചെയ്തു. താൻ ആർസിബി ആരാധകനായതിനാൽ വിരാട് കോലിയെന്നാണ് ബൊപ്പണ്ണയുടെ മറുപടി.
പിന്നീട് വിഡിയോയിലുടനീളം കൊടുക്കൽ – വാങ്ങലുകൾ കാണാമായിരുന്നു. ചാലഞ്ച് ആരംഭിക്കുന്നതിന് മുൻപ് ‘ഒരു ടെസ്റ്റ് താരത്തെ പോലെയാണ് എനിക്ക് തോന്നുന്നത്, വളരെ അപൂർവ്വമായി സംഭവിക്കുന്നത്’ എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. വിഡിയോയുടെ ആദ്യ ഭാഗം തന്നെ ആരാധകർ ഏറ്റെടുത്ത സ്ഥിതിക്ക് രണ്ടാം ഭാഗം ഉടൻ വരുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഡബിൾസ് ടെന്നിസ് കളിക്കാരിൽ ഒരാളാണ് രോഹൻ ബൊപ്പണ്ണ. പുരുഷ ഡബിൾസിൽ ലോക ഒന്നാം നമ്പർ റാങ്കിലെത്തിയ താരം, മാത്യു എബ്ഡനൊപ്പം 2024ലെ ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് കിരീടം നേടിയിയിരുന്നു. ഓപ്പൺ ഇറയിലെ ഏറ്റവും പ്രായം കൂടിയ ഗ്രാൻഡ്‌സ്‌ലാം ചാംപ്യനാണ് രോഹൻ ബൊപ്പണ്ണ. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ, ബൊപ്പണ്ണ ഒന്നിലധികം എടിപി മാസ്റ്റേഴ്സ് കിരീടങ്ങൾ നേടുകയും ഒളിംപിക്സ്, ഡേവിസ് കപ്പ്, ഏഷ്യൻ ഗെയിംസ് എന്നിവയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തു. ഇന്ത്യൻ ടെന്നീസിന് നൽകിയ സംഭാവനകൾ പരിഗണിച്ച് അദ്ദേഹത്തിന് രാജ്യം പത്മശ്രീ, അർജുന അവാർഡുകൾ നൽകി ആദരിച്ചിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീമംഗമായ മലയാളി താരമായ സഞ്ജു സാംസൺ, ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ ‘പ്ലെയർ ഓഫ് ദ് ടൂർണമെന്റ്’ ആയിരുന്നു. ഐപിഎൽ സീസണിൽ സഞ്ജുവിന്റെ ടീമായ ചെന്നൈ സൂപ്പർ കിങ്സ് പുറത്തായെങ്കിലും, ടൂർണമെന്റിൽ രണ്ടു സെഞ്ചറികളും ഒരു അർധസെഞ്ചറിയും നേടി സഞ്ജു തിളങ്ങിയിരുന്നു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Youtube/Wimbledonൽ നിന്ന് എടുത്തതാണ്.
English Summary:







English (US) ·