Published: April 14, 2026 11:59 AM IST
1 minute Read
മുംബൈ ∙ ആരാധകർ കാത്തിരുന്ന ആ നിമിഷത്തിന് ഇനി ഏറെനാൾ ബാക്കിയില്ല. ഇന്ത്യൻ ക്രിക്കറ്റിലെ വണ്ടർ ബോയ്, 15 വയസ്സുകാരനായ വൈഭവ് സൂര്യവംശി ദേശീയ സീനിയർ ടീമിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകുകയാണെന്നാണ് റിപ്പോർട്ട്. ഐപിഎലിനു ശേഷം നടക്കുന്ന ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിലാകും വൈഭവിനെ ടീമിലേക്ക് പരിഗണിക്കുകയെന്നാണ് സൂചന.
മറ്റു പല പ്രമുഖ താരങ്ങൾക്കൊപ്പം അയർലൻഡ് പര്യടനത്തിനുള്ള സാധ്യതാ പട്ടികയിൽ വൈഭവിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷൻ കമ്മിറ്റി ടീമിന്റെ ബെഞ്ച് കരുത്ത് പരിശോധിക്കാൻ താല്പര്യപ്പെടുന്നതിനാൽ, ഈ പര്യടനത്തിൽ ഇന്ത്യുടെ രണ്ടാം നിര ടീമിനെയായിരിക്കും അണിനിരത്തുക.
‘‘വൈഭവ് അയർലൻഡ് പര്യടനത്തിനുള്ള ടീമിലേക്ക് പരിഗണനയിലുണ്ട്. മറ്റു പല കളിക്കാർക്കൊപ്പം സെലക്ടർമാർ അദ്ദേഹത്തിന്റെ പേരും ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.’’– ബിസിസിഐയുടെ അടുത്തവൃത്തം പറഞ്ഞു. അയർലൻഡ് പര്യടനത്തിനു ശേഷം ജൂലൈയിൽ നടക്കുന്ന സിംബാബ്‌വെ പര്യടനത്തിലേക്കും വൈഭവ് തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അയർലൻഡ് പര്യടനത്തിന് വൈഭവ് തിരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യൻ പുരുഷൻ സീനിയർ ടീമിൽ ഇടംപിടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കും. നിലവിൽ 16 വയസ്സും 205 ദിവസവും പ്രായമുള്ളപ്പോൾ അരങ്ങേറ്റം കുറിച്ച സച്ചിൻ തെൻഡുൽക്കറാണ് രാജ്യാന്തര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരം. 15 വയസ്സും ഏഴു മാസവും 27 ദിവസവും പ്രായമുള്ളപ്പോൾ ഇന്ത്യൻ വനിതാ ടീമിനായി അരങ്ങേറ്റം കുറിച്ച ഷഫാലി വർമയുടെ പേരിലാണ് ദേശീയ റെക്കോർഡ്. ഈ റെക്കോർഡും വൈഭവ് മറികടക്കും.
രണ്ട് ട്വന്റി20 മത്സരങ്ങൾ അടങ്ങുന്നതാണ് ഇന്ത്യയുടെ അയർലൻഡ് പര്യടനം. ജൂൺ 26നും 28നുമാണ് മത്സരങ്ങൾ. ഇതിനു മുൻപ് അഫ്ഗാനിസ്ഥാനെതിരെ ടെസ്റ്റും ഏകദിനവും അടങ്ങുന്ന പരമ്പര ഇന്ത്യ കളിക്കുന്നുണ്ട്. അയർലൻഡ് പര്യടനത്തിനു ശേഷം ജൂലൈ 1 മുതൽ അഞ്ച് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും കളിക്കുന്നതിനായി ഇന്ത്യ ഇംഗ്ലണ്ട് പര്യടനവും നിശ്ചയിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിനായി സീനിയർ താരങ്ങളെ ബിസിസിഐ തിരികെ കൊണ്ടുവരാനാണ് സാധ്യത.
English Summary:








English (US) ·