ട്വിസ്റ്റ്, ടൈ, തർക്കം, പിന്നെ സൂപ്പർ ഓവർ; ത്രില്ലർ പോരിൽ ലങ്കയ്ക്ക് മുന്നിൽ വീണ് ഇന്ത്യ; തുടർച്ചയായ രണ്ടാം തോൽവി

19 hours ago 1

ധാംബുള്ള ∙ അടിമുടി ട്വിസ്റ്റുകളും വാക്കുതർക്കങ്ങളും നിറഞ്ഞ ‘സൂപ്പർ’ മത്സരത്തിനു പിന്നാലെ നടന്ന സൂപ്പർ ഓവറിൽ ഇന്ത്യ എയെ തോൽപ്പിച്ച് ശ്രീലങ്ക എ. സൂപ്പർ ഓവറിൽ ശ്രീലങ്ക എ ഉയർത്തിയ 19 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ എയ്ക്ക് 9 റൺസെടുക്കാനെ സാധിച്ചുള്ളൂ. സൂപ്പർ ഓവറിൽ ബാറ്റിങ്ങിനിറങ്ങിയ വൈഭവ് സൂര്യവംശി ഒരു ബൗണ്ടറി നേടിയപ്പോൾ സൂര്യാൻഷ് ഷെഡ്ഗെയ്ക്ക് ബൗണ്ടറി കണ്ടെത്താനായില്ല. ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ ഇന്ത്യ എയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ എയോടും തോറ്റിരുന്നു.

What you should work next

266 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ ഇന്നിങ്സ് 50 ഓവറിൽ ഇന്ത്യയുടെ അതേ സ്കോറായ 265ൽ തന്നെ അവസാനിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. അവസാന ഓവറിൽ 5 റൺസാണ് ശ്രീലങ്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. അർഷദ് ഖാൻ എറിഞ്ഞ ആദ്യ പന്തിൽ സദീര സമരവിക്രമയ്ക്ക് റണ്ണൊന്നും എടുക്കാനായില്ല. എന്നാൽ രണ്ടാം പന്തിൽ സമരവിക്രമയെ (113 പന്തിൽ 93) പുറത്താക്കി അർഷാദ് കളി തിരിച്ചു.

പിന്നീടെത്തിയ മുഹമ്മദ് ഷിറാസ് അടുത്ത പന്തിൽ സിംഗിളെടുത്തു. നാലാം പന്തിൽ ചാമിക ഗുണശേഖരയും സിംഗിളെടുത്തു. ഇതോടെ വിജയലക്ഷ്യം 2 പന്തിൽ 3 റൺസായി. അഞ്ചാം പന്തിൽ വീണ്ടും ഷിറാസിന്റെ വക സിംഗിൾ. അവസാന പന്തിൽ വിജയത്തിലേക്ക് വേണ്ടത് 2 റൺസ്. അർഷാദ് എറിഞ്ഞ ലോ ഫുൾ ടോസ് നേരിട്ട ഗുണശേഖര, ഫ്ലിക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എങ്കിലും റൺസിനായി ഓടി. സിംഗിൾ പൂർത്തിയാക്കിയെങ്കിലും വിജയറൺ നേടാനായില്ല. വിക്കറ്റ് കീപ്പർ പ്രഭ്‌സിമ്രൻ സിങ്ങിന്റെ ത്രോയിൽ ഗുണശേഖര റണ്ണൗട്ട്.

സിംഗിൾ പൂർത്തിയാക്കിയില്ലെന്ന് ക്യാപ്റ്റൻ തിലക് വർമ വാദിച്ചെങ്കിലും അംപയർമാർ ഒരു റൺ അനുവദിച്ചു. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീളുകയായിരുന്നു. വെളിച്ചക്കുറവ് മൂലം സൂപ്പർ ഓവർ നടത്തണമോ എന്ന കാര്യത്തിലും സംശയമുണ്ടായിരുന്നു. നീണ്ട ചർച്ചയ്ക്കു ശേഷമാണ് സൂപ്പർ ഓവർ നടത്താൻ തീരുമാനിച്ചത്. പകൽ മത്സരമായതിനാൽ ഫ്ലെഡ് ലൈറ്റ് ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നില്ല.

മറുപടി ബാറ്റിങ്ങിന് ഇറങ്ങും മുൻപേ ശ്രീലങ്കയ്ക്ക് 10 റൺസ് ലഭിച്ചിരുന്നു. ഇന്ത്യൻ ഇന്നിങ്സിനിടെ ബാറ്റർ വിപ്രജ് നിഗമിന് പിച്ചിനു നടുവിലൂടെ ഓടിയതിനാണ് ഇന്ത്യയ്ക്ക് 10 റൺസ് പെനൽറ്റി വിധിച്ചത്. ഈ റൺസ് മത്സരത്തിൽ നിർണായകമായി. ഓപ്പണർമാരായ നിരോഷൻ ദിക്ക്‌വെല്ല (33 പന്തിൽ 37), അവിഷ്‌ക ഫെർണാണ്ടോ (14 പന്തിൽ 22) എന്നിവർ ചേർന്നു മികച്ച തുടക്കമാണ് ശ്രീലങ്കയ്ക്കു നൽകിയത്.

ഇരുവരും പുറത്തായതിനു പിന്നാലെ നാലാമനായി ഇറങ്ങിയ സദീര സമരവിക്രമ (113 പന്തിൽ 93) അവസാനം വരെ നടത്തിയ പോരാട്ടമാണ് ലങ്കയ്ക്ക് തുണയായത്. അവസാന ഓവറിൽ സമരവിക്രമ പുറത്തായതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. ഇന്ത്യയ്ക്കായി ആയുഷ് ബദോനി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ അർഷദ് ഖാൻ, നിഷാന്ത് സിന്ധു, വിപ്രജ് നിഗം, അനുകുൽ റോയ്, സൂര്യാൻഷ് ഷെഡ്ഗെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

∙ രക്ഷകനായി സൂര്യാൻഷ്ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 49.2 ഓവറിൽ 265 റൺസിന് ഓൾഔട്ടാകുകയായിരുന്നു. അർധസെഞ്ചറി നേടിയ സൂര്യാൻഷ് ഷെഡ്ഗെ (66 പന്തിൽ 72), വിപ്രജ് നിഗം (49 പന്തിൽ 51) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. 7ന് 143 എന്ന നിലയിൽ തകർന്ന ഇന്ത്യയെ ഇരുവരും ചേർന്നുള്ള 104 റൺസ് കൂട്ടുകെട്ടാണ് 250 കടത്തിയത്. വൈസ് ക്യാപ്റ്റൻ ഋതുരാജ് ഗെയ്‍ക്‌വാദ് (42 പന്തിൽ 37), ക്യാപ്റ്റൻ തിലക് വർമ (32 പന്തിൽ 23) എന്നിവരും പൊരുതി. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ വിജയകാന്ത് വ്യാസ്‌കാന്ത്, മുഹമ്മദ് ഷിറാസ് എന്നിവരാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്.

ശ്രീലങ്ക എയ്‌ക്കെതിരായ മത്സരത്തിനിടെ ഇന്ത്യ എ താരങ്ങളായ ഋതുരാജ് ഗെയ്‌‌ക്‌വാദും തിലക് വർമയും (Facebook/IndianCricketTeam/)

ശ്രീലങ്ക എയ്‌ക്കെതിരായ മത്സരത്തിനിടെ ഇന്ത്യ എ താരങ്ങളായ ഋതുരാജ് ഗെയ്‌‌ക്‌വാദും തിലക് വർമയും (Facebook/IndianCricketTeam/)

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണിങ് സഖ്യ ഇന്നും കാര്യമായി ഒന്നും ചേരാനായില്ല. നാലാം ഓവറിൽ തന്നെ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയെ (14 പന്തിൽ 21) നഷ്ടമായി. ഒരു സിക്സും രണ്ടു ഫോറുമായി വൈഭവ് പ്രതീക്ഷ നൽകിയെങ്കിലും ഇന്നിങ്സ് നീണ്ടില്ല. അധികം വൈകാതെ മറ്റൊരു ഓപ്പണർ പ്രഭ്‍സിമ്രാൻ സിങ്ങിനെയും (13 പന്തിൽ 11) നഷ്്ടമായി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഗെയ്‌ക്‌വാദ് – തിലക് വർമ സഖ്യം 52 റൺസ് കൂട്ടിച്ചേർത്തു. 16–ാം ഓവറിൽ തിലക് പുറത്തായതോടെ ടോട്ടൽ നൂറു കടക്കും മുൻപ് ഇന്ത്യയ്ക്ക് അടുത്ത വിക്കറ്റും നഷ്ടമായി.

20–ാം ഓവറിൽ ഗെയ്‍ക്‌വാദ് പുറത്തായതിനു പിന്നാലെ ആയുഷ് ബദോനി (35 പന്തിൽ 15), നിഷാന്ത് സിന്ധു (12 പന്തിൽ 6), അനുകുൽ റോയ് (27 പന്തിൽ 8) എന്നിവരും അധികം വൈകാതെ മടങ്ങി. ഇതോടെ 32.1 ഓവറിൽ 7ന് 143 എന്ന നിലയിലായി ഇന്ത്യ. ഇതിനുശേഷമാണ് എട്ടാം വിക്കറ്റിൽ സൂര്യാൻഷ് ഷെഡ്ഗെയും വിപ്രജ് നിഗവും ഒന്നിച്ചത്. 90 പന്തുകളിൽനിന്നാണ് ഇവർ 104 റൺസെടുത്തത്.

66 പന്തിൽ രണ്ടു സിക്സറുകളുടെയും മൂന്നു ഫോറുകളുടെയും അകമ്പടിയോടെയാണ് ഐപിഎലിൽ പഞ്ചാബ് കിങ്സ് താരമായ സൂര്യാൻഷ് 72 റൺസെടുത്തത്. ഡൽഹി ക്യാപിറ്റൽസ് താരമായ വിപ്രജ് ആറു ഫോറുകളോടെയാണ് 49 പന്തിൽ 51 റൺസെടുത്തത്. 48–ാം ഓവറിൽ വിപ്രജ് പുറത്തായതോടെയാണ് കൂട്ടുകെട്ട് തകർന്നത്. അപ്പോഴേയ്ക്കു സ്കോർ 247ൽ എത്തിയിരുന്നു. അധികം വൈകാതെ സൂര്യാൻഷും അർഷാദ് ഖാൻ (2 പന്തിൽ 2) കൂടി വീണതോടെ ഇന്ത്യൻ ഇന്നിങ്സിന് അവസാനമായി. യഷ് ഠാക്കൂർ(4 പന്തിൽ 2*) പുറത്താകാതെനിന്നു.

English Summary:

Tri Nation A Series successful Sri Lanka 2026: Sri Lanka A vs India A, 4th Match

Read Entire Article