ലൊസാഞ്ചലസ്∙ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ ലോകകപ്പിൽ ഏറ്റവും ശ്രദ്ധയാകർഷിച്ച ഇറാനും ന്യൂസീലൻഡും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി. മത്സരത്തിന്റെ ഏഴാം മിനിറ്റിലും 55–ാം മിനിറ്റിലും സ്കോർ ചെയ്ത് ന്യൂസീലൻഡ് ലീഡ് നേടിയപ്പോൾ 32–ാം മിനിറ്റിലും 64–ാം മിനിറ്റിലും തിരിച്ചടികൾ നൽകിയാണ് ഇറാൻ ഒപ്പമെത്തിയത്. ഏലിയാ ജസ്റ്റാണ് കിവീസിന്റെ രണ്ടു ഗോളും നേടിയത്. രണ്ട് തവണ മുന്നിലെത്തിയിട്ടും ലീഡ് നിലനിർത്താൻ സാധിക്കാതിരുന്ന ന്യൂസീലൻഡിനെ മികച്ച പോരാട്ടവീര്യത്തോടെയാണ് ഇറാൻ തളച്ചത്.
What you should work next
ലോകകപ്പിൽ തുടർച്ചയായ നാലാം മത്സരമാണ് സമനിലയിൽ അവസാനിക്കുന്നത്. നേരത്തെ, സ്പെയിൻ– കേപ് വെർഡി, ബൽജിയം–ഈജിപ്‌ത്, യുറഗ്വായ്– സൗദി അറേബ്യ മത്സരങ്ങളും സമനിലയിൽ പിരിഞ്ഞിരുന്നു. ഗ്രൂപ്പ് ജിയിൽ ന്യൂസീലൻഡ് ഒന്നാമതായി. ഇറാൻ രണ്ടാം സ്ഥാനത്താണ്
ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ ഗോൾ നേടി ന്യൂസീലൻഡാണ് ആദ്യ ഞെട്ടിച്ചത്. പിന്നാലെ തുടരെ നടത്തിയ ആക്രമണങ്ങൾക്കൊടുവിൽ 32–ാം മിനിറ്റിലാണ് ഇറാൻ ഗോൾ മടക്കിയത്. മത്സരത്തിന്റെ കിക്ക്-ഓഫ് മുതൽ ഇറാൻ ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. ആദ്യ മിനിറ്റിൽ തന്നെ ന്യൂസീലൻഡ് ബോക്സിലേക്ക് തുടർച്ചയായ ക്രോസുകൾ എത്തിക്കാൻ ഇറാനു സാധിച്ചു. മൂന്നാം മിനിറ്റിൽ യൂസഫിയെ ജോ ബെൽ ഫൗൾ ചെയ്തതിനെ തുടർന്ന് ഇറാന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും അത് മുതലാക്കാൻ അവർക്കായില്ല. ആറാം മിനിറ്റിൽ സമൻ ഗോദോസ് നൽകിയ മനോഹരമായ പാസിൽ നിന്ന് യൂസഫി ബോക്സിനുള്ളിലേക്ക് കടന്ന് ഷോട്ടുതിർത്തുവെങ്കിലും ന്യൂസീലൻഡ് ഗോൾകീപ്പർ ക്രോകോംബ് പ്രതിരോധിച്ചു.
ഏഴാം മിനിറ്റിൽ ന്യൂസീലൻഡിന്റെ അപ്രതീക്ഷിത ഗോൾ പിറന്നത്. പ്രതിരോധത്തിൽ നിന്നുള്ള ഒരു ലോങ് ബോൾ ക്യാപ്റ്റൻ ക്രിസ് വുഡ് കൃത്യമായി നിയന്ത്രണത്തിലാക്കി. വുഡ് നൽകിയ പാസ് സ്വീകരിച്ച ഇന്ത്യൻ വംശജനായ താരം സർപ്രീത് സിങ് അത് വീണ്ടും വുഡിന് തന്നെ ചിപ്പ് ചെയ്തു നൽകി. ബോക്സിനുള്ളിൽ വച്ച് വുഡ് നൽകിയ അസിസ്റ്റിൽ നിന്നും ഏലിയാ ജസ്റ്റ് പന്ത് ഇറാന്റെ വലയിലെത്തിക്കുകായിരുന്നു. സ്കോർ 1–0.
ഗോൾ വഴങ്ങിയതോടെ ഇറാൻ കൂടുതൽ ആക്രമണകാരികളായി മാറി. 22-ാം മിനിറ്റിൽ ഇറാന് ഗോൾ നേടാൻ സുവർണ്ണാവസരം ലഭിച്ചു. ഇറാന്റെ അപകടകാരിയായ സ്ട്രൈക്കർ മെഹ്ദി തരേമി കൗണ്ടർ അറ്റാക്കിലൂടെ പന്തുമായി മുന്നേറി ന്യൂസീലൻഡ് ബോക്സിന് തൊട്ടുപുറത്തുനിന്ന് ഒരു ഗ്രൗണ്ട് ഷോട്ടുതിർത്തു. എന്നാൽ നിർഭാഗ്യവശാൽ പന്ത് പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു. ഇതിനിടെ ഇന്ത്യൻ വംശജനായ ന്യൂസീലൻഡ് താരം സർപ്രീത് സിങും മികച്ചൊരു മുന്നേറ്റം നടത്തിയെങ്കിലും ഗോളാക്കാൻ സാധിച്ചില്ല.
32-ാം മിനിറ്റിലാണ് ഇറാൻ ഗോൾ മടക്കിയത്. സമൻ ഗോദോസ് ബോക്സിലേക്ക് നൽകിയ പാസ് തടയാൻ ന്യൂസീലൻഡ് പ്രതിരോധം ശ്രമിച്ചെങ്കിലും പന്ത് കൃത്യമായി ഇറാന്റെ റമീൻ റെസയാന്റെ പക്കലെത്തി. ബോക്സിന്റെ നടുവിൽനിന്നു താരം ഉതിർത്ത മനോഹരമായ റൈറ്റ്-ഫൂട്ടഡ് ഷോട്ട് ന്യൂസീലൻഡ് കീപ്പർ മാക്സ് ക്രോകോംബിനെ മറികടന്ന് വലയുടെ താഴെ ഇടത് കോണിലേക്ക് കയറുകയായിരുന്നു. സ്കോർ ലെവൽ 1–1
ഇറാൻ സമനില പിടിച്ചതോടെ ഗാലറിയുടെ ചില ഭാഗങ്ങളിൽനിന്ന് കൂക്കിവിളികളും രാഷ്ട്രീയ മുദ്രാവാക്യങ്ങളും ഉയർന്നു. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ കിവീസ് പ്രതിരോധ താരം ലിബറേറ്റോ കകാസെയെ ഇറാന്റെ ആര്യ യൂസഫി ഫൗൾ ചെയ്തു. ബോക്സിന് പുറത്ത് ഇടതുവശത്തുനിന്നു ന്യൂസീലൻഡിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചു. ക്രിസ് വുഡ് എടുത്ത ഫ്രീ കിക്ക് ഇറാന്റെ പ്രതിരോധമതിലിൽ തട്ടി തെറിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇറാൻ തന്ത്രപരമായ മാറ്റങ്ങൾ വരുത്തി. ഡിഫെൻഡർ ആര്യ യൂസഫിക്ക് പകരം അറ്റാക്കിങ് താരം മെഹ്ദി ഘായെദിയെ കോച്ച് കളത്തിലിറക്കി. മുൻനിര ശക്തമാക്കാൻ സ്ട്രൈക്കർ ഷഹരിയാർ മൊഗാൻലൂവിനെ പകരം അലി അലിപുറിനെയും ഇറക്കി. തൊട്ടുപിന്നാലെ 55–ാം മിനിറ്റിൽ ന്യൂസീലൻഡ് വീണ്ടും ലീഡ് നേടി. ക്യാപ്റ്റൻ ക്രിസ് വുഡ് നൽകിയ മനോഹരമായ രണ്ടാമത്തെ അസിസ്റ്റിലൂടെ ഏലിയ ജസ്റ്റ് തന്നെയാണ് വീണ്ടും സ്കോർ ചെയ്തത്. ആദ്യ ഗോളിന്റെ റീപ്ലേ പോലെ ഒന്ന്. ജസ്റ്റിന്റെ ഡബളിൽ കിവീസ് (2–1).
എന്നാൽ ന്യൂസീലൻഡിന്റെ ലീഡ് പത്തുമിനിറ്റ് പോലും നീണ്ടുനിന്നില്ല. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ഇറാന്റെ മധ്യനിര താരം മുഹമ്മദ് മൊഹേബി പന്ത് കിവീസ് വലയിലെത്തിച്ച് ഇറാന് വീണ്ടും സമനില സമ്മാനിച്ചു. വലതുവിങ്ങിൽനിന്ന് ആദ്യ ഗോൾ സ്കോററായ റമീൻ റെസയാൻ ബോക്സിലേക്ക് ഒരു ക്രോസ് നൽകി. കിവീസ് പ്രതിരോധ നിരയെ മറികടന്ന് ഉയർന്നുചാടിയ മുഹമ്മദ് മൊഹേബി ഉജ്ജ്വലമായ ഒരു ഹെഡ്ഡറിലൂടെ പന്ത് ഗോൾവലയുടെ ഇടത് കോണിലേക്ക് പായിക്കുകയായിരുന്നു. സ്കോർ വീണ്ടു ലെവൽ (2–2).
ഇറാൻ രണ്ടാമതും സമനില പിടിച്ചതോടെ കിവീസ് ഇരട്ട സബ്സ്റ്റിറ്റ്യൂഷൻ നടത്തി. കാസെക്ക് പകരം ബെൻ ഓൾഡും, മക്കോവാട്ടിന് പകരം റയാൻ തോമസും കളത്തിലിറങ്ങി. അവസാനനിമിഷം വിജയഗോളിനായി ഇറാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ന്യൂസീലൻഡ് പ്രതിരോധനിര എല്ലാ ശ്രമങ്ങളും തടുത്തു. തൊണ്ണൂറാം മിനിറ്റിലേക്ക് അടുക്കുമ്പോൾ ഇറാന് അനുകൂലമായി ഒരു കോർണർ കിക്ക് ലഭിച്ചു. കിവീസ് ബോക്സിനുള്ളിലേക്ക് എത്തിയ പന്ത് മുഹമ്മദ് മൊഹേബി പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും ന്യൂസീലൻഡ് കീപ്പർ മാക്സ് ക്രോകോംബ് അത് സുരക്ഷിതമായി കൈപ്പിടിയിലൊതുക്കി കിവീസിനെ രക്ഷിച്ചു. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ മത്സരം സമനിലയിൽ.
English Summary:







English (US) ·