തകർത്തുകളിച്ചിട്ടും തുടക്കത്തിൽ ഗോൾ വഴങ്ങിയതാണ് ദക്ഷിണാഫ്രിക്കയ്ക്ക് ചെക്ക് റിപ്പബ്ലിക്കിനെതിരെ തിരിച്ചടിയായത്. ആറാം മിനിറ്റിൽ മിച്ചൽ സാദിലെകിന്റെ ഗോളിലാണ് മത്സരത്തിൽ ചെക്ക് റിപ്പബ്ലിക് മുന്നിലെത്തിയത്. പിന്നീടങ്ങോട്ട് ദക്ഷിണാഫ്രിക്കൻ താരങ്ങൾ നിരന്തരം സമ്മര്‍ദം ചെലുത്തിയിട്ടും രണ്ടാം പകുതിയിലെ പെനാൽറ്റി ഗോളോടെയാണ് ടീം സമനില കണ്ടെത്തിയത്. 83–ാം മിനിറ്റിൽ തെബോഹോ മോകുവെനയാണ് ദക്ഷിണാഫ്രിക്കയ്ക്കായി വല കുലുക്കിയത്.
ഗ്രൂപ്പിലെ ആദ്യ മത്സരങ്ങളിൽ ചെക്ക് റിപ്പബ്ലിക് ദക്ഷിണ കൊറിയയോടും (2–1), ദക്ഷിണാഫ്രിക്ക (2–0) മെക്സിക്കോയോടും തോറ്റിരുന്നു. സമനിലയോടെ ഒരു പോയിന്റുള്ള ചെക്ക് റിപ്പബ്ലിക്കും ദക്ഷിണാഫ്രിക്കയും ഗ്രൂപ്പ് എയിൽ മൂന്നും നാലും സ്ഥാനങ്ങളിലാണ്. മത്സരത്തിൽ 541 പാസുകളും 61 ശതമാനം പന്തടക്കവും 17 ഷോട്ടുകളും കണ്ടെത്തിയ ദക്ഷിണാഫ്രിക്ക ഒരു ഗോളിനു പിന്നിൽനിന്ന ശേഷമാണു കഷ്ടിച്ച് സമനില ഗോൾ കണ്ടെത്തിയത്. ആദ്യ മിനിറ്റിൽ തന്നെ ഗോൾ വഴങ്ങേണ്ടിവന്നത് അവരെ കുറച്ചൊന്നുമല്ല സമ്മർദത്തിലാക്കിയത്. പിന്നിൽനിന്നു തിരിച്ചടിച്ച് സമനില പിടിച്ചെങ്കിലും ലീഡെടുക്കാൻ ദക്ഷിണാഫ്രിക്ക അവസാന മിനിറ്റുവരെ പൊരുതിനോക്കി, പക്ഷേ ലക്ഷ്യത്തിലെത്തിയില്ല.
What you should work next
ഗോൾ വീണപ്പോൾ ഉണർന്ന് ദക്ഷിണാഫ്രിക്ക, ആദ്യ പകുതിയിൽ ചെക്ക്
ചെക് റിപ്പബ്ലിക്കിന്റെ ഗോൾ നീക്കത്തോടെയാണു മത്സരം തുടങ്ങിയത്. ദക്ഷിണാഫ്രിക്കയുടെ ദുർബലമായ പ്രതിരോധം മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ പൊളിച്ചടുക്കാൻ ചെക് റിപ്പബ്ലിക്കിനു സാധിച്ചു. പോസ്റ്റിന്റെ വലതു വിങ്ങിൽ നിന്ന് പിന്നിലേക്ക് ലഭിച്ച പാസ് അലക്സാണ്ടർ സോജ്കാ മിച്ചൽ സാദിലെകിന് ഇട്ടു നൽകുകയായിരുന്നു. ദക്ഷിണാഫ്രിക്ക പ്രതിരോധ താരങ്ങളെ മറികടന്ന് പെനാൽറ്റി ഏരിയയിലേക്കു കയറിയ സാദിലെക് ദക്ഷിണാഫ്രിക്കൻ ഗോളി റോൺവെൻ വില്യംസനെ പരാജയപ്പെടുത്തി ലക്ഷ്യം കണ്ടു. സ്കോർ 1–0. ഗോൾ വീണതിനു പിന്നിലെ സമനില പിടിക്കുന്നതിനുള്ള ശ്രമങ്ങൾ ദക്ഷിണാഫ്രിക്ക ആരംഭിച്ചു. 12–ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കൻ താരം ഒസ്‍വിൻ അപ്പോലിസിന്റെ ഷോട്ട് ഗതിമാറി ലക്ഷ്യത്തിലെത്താതെ പോയി. പിന്നാലെ ദക്ഷിണാഫ്രിക്കൻ താരങ്ങളായ മോഡിബയും റയ്നിയർസും ഗോൾ നീക്കങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല.
ഗോൾ വീണതോടെ ചെക് റിപ്പബ്ലിക്കിന്റെ നീക്കങ്ങളിൽ കാര്യമായ കുറവു സംഭവിച്ചിരുന്നു. 41–ാം മിനിറ്റിൽ ചെക് ഫോർവേഡ് പാട്രിക് ഷിക്കിനെ ഫൗൾ ചെയ്തതിന് ദക്ഷിണാഫ്രിക്കൻ താരം ടലെന്റ് മബാതയ്ക്ക് യെല്ലോ കാർഡ് ലഭിച്ചു. പിന്നാലെ ലഭിച്ച ഫ്രീകിക്ക് മുതലെടുക്കാന്‍ ചെക്ക് താരങ്ങൾക്കു സാധിച്ചില്ല. കിക്ക് ദക്ഷിണാഫ്രിക്കയ്ക്കു ഭീഷണിയായാകാതെ ബാറിനു മുകളിലൂടെ പുറത്തേക്കുപോയി. മത്സരം 40–ാം മിനിറ്റ് പിന്നിട്ടതോടെ ദക്ഷിണാഫ്രിക്ക തുടർച്ചയായ കോർണറുകൾ സ്വന്തമാക്കിയെങ്കിലും ഒന്നും ഗോളിലേക്കു മാറ്റിയെടുക്കാൻ അവർക്കു സാധിച്ചില്ല. ആദ്യ പകുതിക്ക് നാലു മിനിറ്റായിരുന്നു അധിക സമയം. ആദ്യ പകുതിയിൽ 56 ശതമാനം പന്തടക്കവും, 311 പാസുകളുമായി ചെക്ക് റിപ്പബ്ലിക്കിനെക്കാളും മുന്നിലായിരുന്നു ദക്ഷിണാഫ്രിക്ക. അഞ്ച് ഷോട്ടുകൾ ദക്ഷിണാഫ്രിക്ക ഗോൾ ലക്ഷ്യമാക്കി പായിച്ചെങ്കിലും ‘ഓൺ ടാർഗറ്റ്’ ഒന്നുമില്ല.
What you should work next
സമനില തെറ്റാതെ ദക്ഷിണാഫ്രിക്ക
ചെക്ക് താരങ്ങളായ വ്ലാദിമിർ ദരീദ, ലുകാസ് കെർവ് എന്നിവരുടെ ആക്രമണങ്ങളോടെയാണു രണ്ടാം പകുതിക്കു തുടക്കമായത്. 48–ാം മിനിറ്റിൽ പാട്രിക് ഷിക് ചെക്ക് റിപ്പബ്ലിക്കിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്താൻ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. കോർണറിൽനിന്ന് ലഭിച്ച പന്ത് പാട്രിക് ഹെഡ് ചെയ്തെങ്കിലും, നേരെ പോയത് ദക്ഷിണാഫ്രിക്കൻ ഗോള്‍ കീപ്പറുടെ കൈകളിലേക്കായിരുന്നു. 50–ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കൻ താരം എംബെകെസെലി എംബൊകാസി ഗോൾ നീക്കം നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. രണ്ടാം പകുതി 70 മിനിറ്റ് പിന്നിട്ടിട്ടും സമനില ഗോളടിക്കാൻ ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചിരുന്നില്ല. അതേസമയം കിട്ടുന്ന അവസരങ്ങളിലെല്ലാം ദക്ഷിണാഫ്രിക്കയെ സമ്മർദത്തിലാക്കുന്ന നീക്കങ്ങൾ ചെക്ക് റിപ്പബ്ലിക് നടത്തുന്നുമുണ്ട്.
74–ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കായി എവിഡൻസ് മക്ഗോപയുടെ ഗോൾ നീക്കം. ഹൈബോളായി വന്ന പന്ത് എവിഡൻസ് ഹെഡ് ചെയ്തെങ്കിലും ചെക് ഗോൾ കീപ്പർ പിടിച്ചെടുത്തു. 75–ാം മിനിറ്റിലെ ഫൗളിൽ ചെക്ക് താരം ലാഡിസ്‍ലാവ് ക്രെജിക്ക് യെല്ലോ കാർഡ് കണ്ടു. പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് ഫ്രീകിക്ക് ലഭിച്ചെങ്കിലും പെനാൽറ്റി ഏരിയയിലേക്കു പന്തു കടത്താൻ പോലും അവർക്കു സാധിച്ചില്ല. 79–ാം മിനിറ്റിൽ ചെക്ക് റിപ്പബ്ലിക് മധ്യനിരയുടെ പിഴവിൽ പന്തു പിടിച്ചെടുത്ത ദക്ഷിണാഫ്രിക്കൻ താരങ്ങൾ മുന്നോട്ടു കുതിക്കാൻ ശ്രമിച്ചെങ്കിലും ചെക് പ്രതിരോധം രക്ഷപെടുത്തി.
83–ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കൻ താരം താപെലോ മസെകോ അടിച്ച പന്തു പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ പെനാൽറ്റി ഏരിയയിൽ വച്ച് ചെക്ക് മധ്യനിര താരം പവേൽ സുൽകിന്റെ അബദ്ധത്തിൽ ഹാൻഡ് ബോളായി. ദക്ഷിണാഫ്രിക്കൻ താരങ്ങള്‍ അപ്പീൽ ചെയ്തതോടെ റഫറി പെനാൽറ്റി അനുവദിച്ചു. കിക്കെടുത്ത ടെബോഹോ മൊകോയെന പിഴവുകളില്ലാതെ പന്തു ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ സ്കോർ 1–1. ഏഴു മിനിറ്റാണ് രണ്ടാം പകുതിക്ക് അധിക സമയമായി അനുവദിച്ചത്. ദക്ഷിണാഫ്രിക്കന്‍ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ പുറത്തുനിന്ന് പന്തെടുത്ത ചെക് താരം ലുകാസ് പ്രോവോദ് വീണ്ടും ലീഡെടുക്കാൻ ശ്രമിച്ചെങ്കിലും പോസ്റ്റിന് പുറത്തേക്കാണു പന്തു പോയത്. പിന്നാലെ ചെക് ബോക്സിന്റെ വലതു ഭാഗത്തുനിന്ന് ദക്ഷിണാഫ്രിക്കൻ താരം എവിഡൻസ് മകോപയുടെ ഷോട്ട് ചെക് ഗോളി പിടിച്ചെടുത്തു. പിന്നീടും ചെക് ബോക്സിലേക്ക് തുടർച്ചയായി പന്തെത്തി. മോഡിബയും എംബോകാസിയും ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ലീഡെടുക്കാൻ ശ്രമിച്ചെങ്കിലും എല്ലാം പാഴായി.
English Summary:





English (US) ·