‘താങ്കളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു, ദയവായി എല്ലാ കളിയിലും വരണം’: സെഞ്ചറിക്ക് ശേഷം മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

1 month ago 8

ഓൺലൈൻ ഡെസ്‌ക്

Published: April 11, 2026 10:09 PM IST Updated: April 11, 2026 10:19 PM IST

1 minute Read

 ഡൽഹിക്കെതിരെ സെഞ്ചറി നേടിയ ശേഷം സംസാരിക്കുന്ന സഢഞ്ജു സാംസൺ (X/@mufaddal_vohra)
ഡൽഹിക്കെതിരെ സെഞ്ചറി നേടിയ ശേഷം സംസാരിക്കുന്ന സഢഞ്ജു സാംസൺ (X/@mufaddal_vohra)

ചെന്നൈ ∙ ഐപിഎൽ സീസണിലെ ആദ്യ സെഞ്ചറി തികച്ചതിനു പിന്നാലെ രവി ശാസ്ത്രിക്കും പിച്ച് ക്യുറേറ്റർക്കും നന്ദി പറഞ്ഞ് ചെന്നൈ സൂപ്പർ കിങ്സ് താരം സഞ്ജു സാംസൺ. ചെപ്പോക്ക് സ്റ്റേഡിയത്തിൽ ‍ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജു (56 പന്തിൽ 115*) സെഞ്ചറി തികച്ചത്. ഇന്നിങ്സിനുശേഷം, ബ്രോഡ്‌കാസ്റ്റർക്കു വേണ്ടി രവി ശാസ്ത്രിയോട് സംസാരിച്ചപ്പോഴാണ്, മുൻ ഇന്ത്യൻ താരത്തിനും സഞ്ജു നന്ദി പറഞ്ഞത്. ‘‘താങ്കൾക്ക് നന്ദി. ഓരോ കളിക്ക് മുൻപും നിങ്ങളെ കാണുന്നത് എനിക്ക് ഭാഗ്യമാണെന്ന് തോന്നുന്നു, അതുകൊണ്ട് ദയവായി എല്ലാ കളിയിലും വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’’– സഞ്ജു പറഞ്ഞു. മത്സരം തുടങ്ങുന്നതിനു മുൻപ് രവി ശാസ്ത്രിയുമായി സംസാരിച്ചതു സൂചിപ്പിച്ചായിരുന്നു സഞ്ജുവിന്റെ വാക്കുകൾ.

പിച്ചൊരുക്കിയ ക്യുറേറ്റർക്കും താരം നന്ദി പറഞ്ഞു. ‘‘ഇതൊരു മികച്ച വിക്കറ്റാണ്. ഇത്രയും നല്ല വിക്കറ്റ് ഒരുക്കിയതിന് ക്യുറേറ്ററോട് നന്ദി പറയുന്നു. അതുകൊണ്ട് ഈ സ്കോർ ഞങ്ങൾക്ക് പ്രതിരോധിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.’’ സഞ്ജു പറഞ്ഞു. ‘‘സത്യം പറഞ്ഞാൽ, നമ്മൾ എത്ര ഫോമിലായാലും രാജ്യത്തിനായി എത്ര മത്സരങ്ങൾ വിജയിപ്പിച്ചാലും, ഒന്നോ രണ്ടോ പരാജയങ്ങൾ മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉണ്ടാക്കും. പക്ഷേ എനിക്ക് തിരിച്ചുപോയി എന്റെ അടിസ്ഥാന കാര്യങ്ങൾ ചെയ്യാനും എന്നിൽ തന്നെ വിശ്വസിക്കാനും എന്റെ സ്കോറിങ് രീതികളിൽ ഉറച്ചുനിൽക്കാനും ആയിരുന്നു താൽപ്പര്യം. ഒരുപാട് ചിന്തകൾ മനസ്സിൽ വന്നു, തുടക്കത്തിൽ തന്നെ കൂടുതൽ ആക്രമിച്ച് കളിക്കണമോ അതോ എന്റെ ഗെയിംപ്ലാൻ മാറ്റണോ എന്നൊക്കെ. പക്ഷേ എനിക്ക് ഗുണകരമായിരുന്ന കാര്യങ്ങളിൽ തന്നെ ഉറച്ചുനിൽക്കാൻ ഞാൻ ആഗ്രഹിച്ചു, ഭാഗ്യവശാൽ അത് ഇന്നു മനോഹരമായി നടന്നു.’’– സഞ്ജു കൂട്ടിചേർത്തു.

‘‘തുടക്കത്തിൽ പന്ത് അൽപം ഹോൾഡ് ചെയ്യുന്നുണ്ടായിരുന്നു. പവർപ്ലേയിൽ അക്ഷർ ബോൾ ചെയ്തപ്പോൾ പുതിയ പന്ത് ഹോൾഡ് ചെയ്യുകയായിരുന്നു. എന്നാൽ പന്ത് പഴയതായപ്പോൾ ബാറ്റിങ്ങിനു മികച്ച വിക്കറ്റായി ഇത് മാറി. ഞങ്ങൾ അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധിച്ചു. ആയുഷുമായി നല്ലൊരു കൂട്ടുകെട്ടുണ്ടാക്കാൻ കഴിഞ്ഞു. അവൻ മികച്ച താരമാണ്. അവനോടൊപ്പം ബാറ്റ് ചെയ്യുന്നത് ഞാൻ ശരിക്കും ആസ്വദിച്ചു. ഇപ്പോൾ മനസ്സിൽ ഒരു ടാർഗറ്റ് നിശ്ചയിക്കാൻ കഴിയില്ല. ഒരിക്കൽ ക്രീസിൽ നിലയുറപ്പിച്ചു കഴിഞ്ഞാൽ, ബോർഡിൽ എത്ര വലിയ സ്കോർ എത്തിക്കാൻ കഴിയുമോ അത്രയും നോക്കുക എന്നതാണ് പ്രധാനം. അതായിരുന്നു ഞങ്ങളുടെ പ്ലാൻ - മുന്നോട്ട് പോയിക്കൊണ്ടിരിക്കുക. ഞങ്ങൾക്ക് അധികം വിക്കറ്റുകൾ നഷ്ടമായില്ല. ബാറ്റിങ്ങിന് ഇനിയും ഒരുപാട് പേർ വരാനുണ്ടായിരുന്നു. അതിനാൽ കൃത്യമായ ബോളർമാരെയും ഓപ്ഷനുകളും തിരഞ്ഞെടുത്ത് ടീമിനായി പരമാവധി സംഭാവന നൽകുക എന്നതായിരുന്നു ലക്ഷ്യം.’’– സഞ്ജു വ്യക്തമാക്കി.

English Summary:

Sanju Samson's IPL period was a singular achievement, starring to him expressing gratitude to Ravi Shastri and the transportation curator. He highlighted the value of sticking to his crippled program and trusting his abilities, particularly aft pre-match discussions with Shastri.

Read Entire Article