Published: June 15, 2026 08:28 AM IST Updated: June 15, 2026 09:50 AM IST
1 minute Read
ഗ്വാദലൂപെ ∙ ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ ആഫ്രിക്കൻ സംഘമായ തുനീസിയെ ‘പഞ്ചർ’ ആക്കി യൂറോപ്യൻ കരുത്തരായ സ്വീഡന് വൻ വിജയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് സ്വീഡന്റെ ആധികാരിക വിജയം. യാസിൻ അയാരി (7', 90+6'), അലക്സാണ്ടർ ഇസാക് (30'), വിക്ടർ ഗ്യോകോറെസ് (59'), മത്യാസ് സ്വാൻബെർഗ് (84') എന്നിവർ സ്വീഡനു വേണ്ടി ഗോൾ നേടിയപ്പോൾ ഒമർ റെകിക് (43') ആണ് തുനീസിയയുടെ ആശ്വാസ ഗോൾ നേടിയത്. പന്തടക്കത്തിൽ തുനീസിയ മുന്നിട്ടുനിന്നെങ്കിലും ഷോട്ടുകൾ പായിക്കാൻ അവർ പിന്നിലാകുകയായിരുന്നു. തകർപ്പൻ വിജയത്തോടെ ഗ്രൂപ്പ് എഫിൽ 3 പോയിന്റുമായി സ്വീഡൻ ഒന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നെതർലൻഡ്‌സും ജപ്പാനും 2-2നു സമനിലയിൽ പിരിഞ്ഞിരുന്നു.
What you should work next
മത്സരം തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ സ്വീഡൻ ആദ്യ ഗോൾ നേടി. മിഡ്ഫീൽഡർ യാസിൻ അയാരി ഉഗ്രൻ ലോങ് റേഞ്ചർ ഷോട്ടിലൂടെയാണ് തുനീസിയൻ ഗോൾകീപ്പറെ കബളിപ്പിച്ച് ടീമിന് ലീഡ് സമ്മാനിച്ചത്. സ്ട്രൈക്കർ വിക്ടർ ഗ്യോകോറെസിന്റെ ഒരു ഷോട്ട് തുനീസിയൻ പ്രതിരോധ താരം ഗോൾ ലൈനിൽ വച്ച് തടുത്തിട്ടെങ്കിലും, റീബൗണ്ടായി വന്ന പന്ത് ബോക്സിന് പുറത്ത് ഏകദേശം 20 യാർഡ് അകലെ നിന്നിരുന്ന യാസിൻ അയാരിക്ക് ലഭിച്ചു.
തകർപ്പൻ ഷോട്ടിലൂടെ അയാരി പന്ത് തുനീസിയൻ ഗോൾവലയുടെ ടോപ് കോർണറിലേക്ക് തൊടുത്തുവിടുകയായിരുന്നു. ലോകകപ്പിലെ ആദ്യ ഗോൾ നേടിയിട്ടും 22 വയസ്സുകാരനായ യാസിൻ അയാരി ആഘോഷപ്രകടനങ്ങൾ നടത്തിയില്ല. തന്റെ പിതാവിന്റെ തുനീസിയൻ വേരുകൾ കാരണമായിരുന്നു അത്.
30–ാം മിനിറ്റിൽ സ്വീഡൻ ലീഡ് ഇരട്ടിയാക്കി. വിക്ടർ ഗ്യോകോറെസ് നൽകിയ മനോഹരമായ ഒരു അസിസ്റ്റിൽ നിന്നാണ് ഗോൾ പിറന്നത്. തുനീസിയൻ പ്രതിരോധ നിരയെ ഭേദിച്ച് ബോക്സിലേക്ക് എത്തിയ പന്ത് സ്റ്റാർ സ്‌ട്രൈക്കർ അലക്സാണ്ടർ ഇസാക് വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ തുനീസിയ ഒരു ഗോൾ മടക്കി. മിഡ്ഫീൽഡർ ഹാനിബാൾ മെജ്ബ്രി എടുത്ത ഫ്രീകിക്ക് സ്വീഡിഷ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ഡിഫൻഡർ ഒമർ റെകിക് കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
ആദ്യ പകുതിയിൽ ഒരു ഗോൾ വഴങ്ങിയതിന്റെ കുറവ്, നികത്തിയായിരുന്നു രണ്ടാം പകുതിയിൽ സ്വീഡന്റെ മുന്നേറ്റം. 59–ാം മിനിറ്റിൽ രണ്ടു ഗോളിന്റെ ലീഡ് സ്വീഡൻ വീണ്ടെടുത്തു. തുനീസിയൻ ക്യാപ്റ്റൻ എലീസ് സ്ഖിരിക്ക് സംഭവിച്ച ഗുരുതരമായ പിഴവ് മുതലെടുത്ത് ഇസാക് നൽകിയ പാസ് വിക്ടർ ഗ്യോകോറെസ് സുന്ദരമായി ഫിനിഷ് ചെയ്ത് സ്കോർ 3-1 ആക്കി. പകരക്കാരനായി ഇറങ്ങിയ മത്യാസ് സ്വാൻബെർഗാണ് നാലാം ഗോൾ നേടിയത്. ഇസാക്കിന്റെ അസിസ്റ്റിൽനിന്നു നേടി ഈ ഗോളിൽ റഫറി ആദ്യം ഓഫ്‌സൈഡ് എന്ന് സംശയിച്ചെങ്കിലും വാർ പരിശോധനയ്ക്ക് ശേഷം റഫറി ഗോൾ അനുവദിക്കുകയായിരുന്നു.
ഇൻജറി ടൈമിലായിരുന്നു തുനീസിയയുടെ മുറിവിൽ ഉപ്പുപുരുട്ടി സ്വീഡന്റെ അഞ്ചാം ഗോൾ പിറന്നത്. തുനീസിയൻ പ്രതിരോധത്തെ നിഷ്പ്രഭമാക്കി യാസിൻ അയാരി തന്റെ രണ്ടാം ഗോൾ നേടി 5-1ൽ മത്സരം പൂർത്തിയാക്കുകയായിരുന്നു.
English Summary:





English (US) ·