തൂഫാൻ സിങ് ! ഇന്ത്യൻ അത്‍ലറ്റിക്സിന് പുതിയൊരു പറക്കും സിങ്– ഗുരിന്ദർവീർ

6 days ago 2

റാഞ്ചിയിൽനിന്ന് വിനോദ് ഗോപി

Published: May 26, 2026 01:15 PM IST

1 minute Read


100 മീറ്ററിൽ ദേശീയ റെക്കോർ‍ഡോടെ സ്വർണം നേടിയ ഗുരിന്ദർവീർ സിങ്, മത്സരത്തിനു മുൻപേ ബിബിനു പിന്നിൽ എഴുതിയ താൻ ലക്ഷ്യമിട്ട സമയം ഉയർത്തിക്കാട്ടുന്നു.
100 മീറ്ററിൽ ദേശീയ റെക്കോർ‍ഡോടെ സ്വർണം നേടിയ ഗുരിന്ദർവീർ സിങ്, മത്സരത്തിനു മുൻപേ ബിബിനു പിന്നിൽ എഴുതിയ താൻ ലക്ഷ്യമിട്ട സമയം ഉയർത്തിക്കാട്ടുന്നു.

‘പറക്കും സിങ്’ എന്നു പണ്ടു നമ്മൾ വിളിച്ചത് അന്തരിച്ച അത്‌ലീറ്റ് മിൽഖാ സിങ്ങിനെയാണ്. എന്നാൽ, കഴിഞ്ഞ ദിവസം റാഞ്ചിയിൽ മറ്റൊരു സിങ് ‘ട്രാക്കിൽ പറന്ന്’ ദേശീയ റെക്കോർഡ് റാഞ്ചി; പഞ്ചാബുകാരൻ ഗുരിന്ദർവീർ സിങ്. ദേശീയ സീനിയർ അത്‌ലറ്റിക്സിലെ ഗുരിന്ദർവീറിന്റെ ഫിനിഷ് ചരിത്രമാണ്; 10.09 സെക്കൻഡിൽ 100 മീറ്റർ ഫിനിഷ് ചെയ്ത ആദ്യ ഇന്ത്യക്കാരൻ! 100 മീറ്റർ 10 സെക്കൻഡിൽ താഴെ ഓടുന്നതു സ്വപ്നം കാണുന്ന ആ ഇരുപത്തഞ്ചുകാരനു കായികപ്രേമികൾക്കിടയിൽ മറ്റൊരു പേരുമുണ്ട്; ‘തൂഫാൻ സിങ്’.

ലോകത്തിൽ ഏറ്റവും വേഗത്തിൽ പറക്കുന്ന പ്രാപ്പിടിയൻ പക്ഷിയുടെ ചിത്രമാണു ഗുരിന്ദറിന്റെ മൊബൈൽ ഫോൺ വോൾ പേപ്പർ. അതിവേഗം പറന്നു ലക്ഷ്യം റാഞ്ചിയെടുക്കുന്ന പ്രാപ്പിടിയൻ. ആ ചിത്രത്തിൽ ഗുരിന്ദറിനു സ്വയം കാണാം. ആർക്കും കൂട്ടിലാക്കാൻ പറ്റാത്ത പറക്കും പക്ഷി!

ജലന്തറിനടുത്തു പട്യാൽ ഗ്രാമത്തിലെ റിട്ട. എഎസ്ഐ കമൽജിത് സിങ്ങിന്റെയും രൂപീന്ദർ കൗറിന്റെയും മകനാണു ഗുരിന്ദർ. ജലന്തറിലെ സർവൻ സിങ്ങും സരബ്ജിത് സിങ്ങുമാണ് ആദ്യകാല പരിശീലകർ. മുംബൈ റിലയൻസ് ഫൗണ്ടേഷനിൽ അത്‌ലറ്റിക്സ് ഡയറക്ടർ ജയിംസ് ഹിലിയയ്ക്ക് ഒപ്പമാണു നിലവിൽ പരിശീലനം. വേഗം കൂട്ടാനായി ഓഫ് സീസണിൽ 16 മണിക്കൂർ വരെ പട്ടിണി കിടന്നാണു ശരീരത്തിലെ കൊഴുപ്പ് കുറച്ചത്. ലക്ഷ്യം നേടാൻ ഏതു കഠിന ദൗത്യവും ഗുരിന്ദർ ഏറ്റെടുക്കുമെന്നതിനു തെളിവ്.

ഫൈനലിൽ ഗുരിന്ദർ നെഞ്ചിൽ കുത്തിയ ബിബ് നമ്പറിനു പിന്നിൽ കുറിച്ച വാക്കുകളിൽ ആ പോരാട്ടവീര്യമുണ്ട്– ‘ലക്ഷ്യം 10.10 സെക്കൻഡ്. ഒന്നും അവസാനിച്ചിട്ടില്ല. ഞാനിവിടെയുണ്ട്’. അതിനും താഴെ, 10.09 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഗുരിന്ദറിനു മുന്നിൽ ഇനി ബാക്കിയുള്ളത് 10 സെക്കൻഡ് എന്ന സ്വപ്ന സമയം മാത്രം!

English Summary:

Punjab’s Gurindervir Singh becomes fastest Indian live and breaks Milkha Singh’s grounds

Read Entire Article