തോൽവി ശാപം തീർത്തു, പക്ഷേ ജയിച്ചില്ല! കാനഡയ്ക്ക് ലോകകപ്പിലെ ആദ്യ പോയിന്റ്; സമനില അത്ര മോശമല്ല

1 month ago 4

കാർത്തിക്ക് തെക്കേമഠം

കാർത്തിക്ക് തെക്കേമഠം

Published: June 13, 2026 03:02 AM IST Updated: June 13, 2026 07:40 AM IST

3 minute Read

 COLE BURSTON / AFP
കാനഡ, ബോസ്നിയ മത്സരത്തിൽനിന്ന്. Photo: COLE BURSTON / AFP

കാനഡയുടെ ഫുട്ബോൾ ചരിത്രത്തിലെ മൂന്നാം ലോകകപ്പാണിത്. മുൻപ് 1986ലെ മെക്സിക്കോ ലോകകപ്പിലും 2022 ലെ ഖത്തർ ലോകകപ്പിലുമാണ് കാനഡ കളിച്ചത്. രണ്ടു തവണയും മൂന്നു മത്സരങ്ങൾ വീതം തോറ്റ് ആകെ ആറു തോൽവി. യുഎസിനും മെക്സിക്കോയ്ക്കുമൊപ്പം ലോകകപ്പിലെ ആതിഥേയരാകാനുള്ള അവസരമൊരുങ്ങിയപ്പോൾ ഹോം ഗ്രൗണ്ടില്‍ ഒരു വിജയം അവർ ആശിച്ചതാണ്. പക്ഷേ ആദ്യ പകുതിയിൽ തകർത്തുകളിച്ച ബോസ്നിയ ഹെർസഗോവിനയ്ക്കെതിരെ തോൽക്കാതെ രക്ഷപെട്ടതു ഭാഗ്യം. സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നെങ്കിലും ലോകകപ്പിലെ ആദ്യ പോയിന്റ് കാനഡ ഈ മത്സരത്തിൽ സ്വന്തമാക്കി. ആദ്യം ജോവോ ലുക്കിച്ചിന്റെ ഹെഡർ ഗോളിലൂടെ മുന്നിലെത്തിയ ബോസ്നിയയെ, 77–ാം മിനിറ്റിൽ കൈൽ ലാറിന്റെ ഗോളിലാണ് കാന‍ഡ പിടിച്ചുകെട്ടിയത്. യൂറോപ്യൻ പ്ലേ ഓഫ് ഫൈനലിൽ ഇറ്റലിയെ ഷൂട്ടൗട്ടിൽ 4–1ന് തോൽപിച്ചാണ് ബോസ്‍നിയ ലോകകപ്പിനു യോഗ്യത നേടിയത്. നാലു തവണ ലോകകപ്പ് വിജയിച്ച ഇറ്റലി ബോസ്നിയയുടെ പോരാട്ട വീര്യത്തിനു മുന്‍പിൽ അന്ന് മുട്ടുമടക്കിയതാണ്. അങ്ങനെയൊരു ടീമിനെ സമനിലയിൽ കുരുക്കിയിട്ടതു മാത്രമല്ല, ആദ്യം പിന്നിൽ പോയെങ്കിലും കളിയുടെ നിയന്ത്രണം രണ്ടു പകുതികളിലും ഏറക്കുറെ കാനഡയുടെ കയ്യിലായിരുന്നു.

What you should work next

ആദ്യ ഗോൾ ലോകകപ്പില്‍, ലുക്കിച്ച് സൂപ്പറാ

കിക്കോഫിനു പിന്നാലെ കാനഡയുടെ കോർണറോടെയാണു കളി തുടങ്ങിയത്. മൂന്നാം മിനിറ്റിൽ അമാർ മെമികിന്റെ ഗോൾ നീക്കത്തോടെ ബോസ്നിയയും സജീവമായി. ഹോം ഗ്രൗണ്ടിലെ സപ്പോർട്ട് ഊർജമാക്കി കുതിച്ച കാനഡയ്ക്ക് ആദ്യ മിനിറ്റുകളിൽ ആക്രമണമല്ലാതെ മറ്റൊരു മാർഗമുണ്ടായിരുന്നില്ല. എന്നാൽ ഒന്നിലേറെ തവണ പന്തുമായി ബോക്സിലെത്തിയ ബോസ്നിയ താരങ്ങൾ നിലപാടു വ്യക്തമാക്കി. 11-ാം മിനിറ്റിൽ ബോസ്നിയൻ താരം മെമികിനെതിരായ ഫൗളിന്റെ പേരില്‍ കാനഡയുടെ അലിസ്റ്റർ ജോൺസൺ മത്സരത്തിലെ ആദ്യ യെല്ലോ കാര്‍ഡ് കണ്ടു. ബോസ്നിയയുടെ പ്രതിരോധ താരത്തിന്റെ പിഴവിൽ ജൊനാഥൻ ഡേവിഡ് പോസ്റ്റിലേക്ക് അടിച്ച ദുർബലമായ ഷോട്ട് ബോസ്നിയ ഗോളി പിടിച്ചെടുത്തു. കാനഡയുടെ തുടർച്ചയായുള്ള ഗോൾ ശ്രമങ്ങൾക്കിടെ 21–ാം മിനിറ്റിൽ ബോസ്നിയ വിശ്വരൂപം പുറത്തെടുത്തു. ഡേവിഡിന്റെ പാഴായ അവസരത്തിനു പിന്നാലെ ജോവോ ലുക്കിച്ച് കാന‍ഡയുടെ നെഞ്ചു തകര്‍ത്തു. ടൊറന്റോയിലെ ബിഎംഒ ഫീൽഡ് സ്റ്റേഡിയത്തിൽ നിറഞ്ഞ ചുവപ്പുകുപ്പായക്കാർ നിശബ്ദരായി നിന്ന നിമിഷം.

 COLE BURSTON / AFP)

കാനഡ - ബോസ്നിയ മത്സരത്തിൽ നിന്ന് (Photo: COLE BURSTON / AFP)

ഇവാന്‍ ബാസിച്ച് എടുത്ത കോർണർ കിക്കാണ് ബോസ്‍നിയയുടെ ഗോളിലേക്കുള്ള വഴി തുറന്നത്. പോസ്റ്റിന്റെ വലതു ഭാഗത്തുനിന്ന് സീഡ് കോലാസിനാച്ച് പന്ത് തലകൊണ്ട് പിന്നിലേക്കു നൽകി. പോസ്റ്റിന്റെ ഏകദേശം മധ്യഭാഗത്തായി കാനഡ പ്രതിരോധ താരങ്ങൾക്കൊപ്പം നിന്ന ജോവോ ലുക്കിച്ച് പന്ത് വലയിലേക്ക് അളന്നുമുറിച്ച് തട്ടിയിട്ടു. താരത്തിന്റെ കരിയറിലെ ആദ്യ രാജ്യാന്തര ഗോളാണിത്. 12 വർഷത്തിനു ശേഷം ലോകകപ്പ് കളിക്കുന്ന ബോസ്‍നിയയുടെ ആദ്യ ഗോള്‍ ഒരു തുടക്കക്കാരന്റെ വക! വൈകാതെ 28–ാം മിനിറ്റിൽ ജൊനാഥൻ ഡേവിഡും ഇസ്മായിൽ കോനെയും കാന‍ഡയ്ക്കായി ഗോള്‍ നീക്കങ്ങൾ നടത്തി നോക്കിയെങ്കിലും ലക്ഷ്യം കണ്ടില്ല. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ സമനില ഗോൾ പിടിക്കുന്നതിനായി കാനഡ ആക്രമണങ്ങൾക്ക് പരമാവധി വേഗം കൂട്ടി. 31–ാം മിനിറ്റില്‍ ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് പാസ് ചെയ്തു നൽകിയ പന്ത് കാനഡ താരം ഒലുവാസേയി ബോസ്നിയ പോസ്റ്റ് ലക്ഷ്യമാക്കിപായിച്ചു. പക്ഷേ താരത്തിന്റെ ഷോട്ട് ബാറിനു മുകളിലൂടെ അതിവേഗം പുറത്തേക്കാണു കുതിച്ചത്. നാലു മിനിറ്റാണ് മത്സരത്തിന്റെ ആദ്യ പകുതിയിൽ അധികസമയമായി അനുവദിച്ചത്. ഈ സമയത്തും രണ്ടാമതൊരു ഗോൾ വരാതിരുന്നതോടെ ടൊറന്റോയിൽ ആദ്യ പകുതിയുടെ വിസിൽ മുഴങ്ങി. ആതിഥേയർ ഒരു ഗോളിനു പിന്നിൽ. ആദ്യ പകുതിയിൽ എട്ടു കോർണറുകളാണ് കാനഡയ്ക്കു ലഭിച്ചത്. കാനഡ എട്ടു കോർണറുകളും പാഴാക്കിയപ്പോൾ കിട്ടിയ ഒരേയൊരു കോർണർ ഗോളിലേക്ക് ‘കൺവേർട്ട്’ ചെയ്തു ബോസ്നിയ.

പകരക്കാരനായി വന്നു, കൈൽ ലാറിൻ രക്ഷകന്‍

രണ്ടാം പകുതിയുടെ തുടക്കത്തിലും മുന്നേറ്റത്തില്‍ കാനഡ തന്നെ മികച്ചുനിന്നു. 53–ാം മിനിറ്റിൽ ബോസ്നിയൻ ഗോൾ മുഖത്തെ മനോഹരമായ നീക്കങ്ങൾക്കൊടുവിൽ കാനഡ താരം റിച്ചി ലരിയ തൊടുത്ത ഷോട്ട് ബോസ്നിയ പ്രതിരോധ താരത്തിലും ബാറിലും തട്ടി ഗതി മാറി നേരിയ വ്യത്യാസത്തിലാണു ഗോളാകാതെ പോയത്. തൊട്ടുപിന്നാലെ ബോസ്നിയയുടെ മറുപടി നീക്കം നയിച്ച എർമെദിൻ ഡെമിറോവിച്ചിനെ കനേ‍ഡിയൻ ഗോളി മാക്സിം ക്രെപിയു തടഞ്ഞുനിർത്തി. പ്രതിരോധത്തിൽ വലിയ പിഴവു സംഭവിച്ചെങ്കിലും ഗോളിയുടെ മികവു കൊണ്ടു മാത്രം കാനഡ രക്ഷപെട്ടു. 61–ാം മിനിറ്റിൽ ജോവോ ലുകിച്, ഇവാന്‍ ബേസിച് എന്നിവരെ പിൻവലിച്ച ബോസ്നിയ സമെഗ് ബസ്ദാറിനെയും അർമിൻ ഗിഗോവിച്ചിനെയും കളത്തിലിറക്കി. കാനഡയും സ്ക്വാഡിൽ രണ്ടു മാറ്റങ്ങൾ വരുത്തി. ലിയാം മില്ലറിനും ടജോൺ ബുക്കാനനും പകരം ജേക്കബ് ഷെഫൽബെർഗും അലി അഹമ്മദും ഇറങ്ങി. പകരക്കാരുടെ കരുത്തിൽ കാന‍ഡ നിരന്തരം ബോസ്നിയൻ‍ ഗോൾ മുഖം വിറപ്പിച്ചു. പക്ഷേ നിക്കോള വാസിച് എന്ന ഗോൾകീപ്പറെയും പ്രതിരോധ കോട്ടയെയും മറികടക്കുക എളുപ്പമായിരുന്നില്ല.

ഗോൾ നീക്കത്തിനിടെ ബോസ്നിയൻ ഗോളി വാസിച്ചും കാനഡയുടെ ഒലുവാസെയും രണ്ടാം പകുതിയിൽ പരുക്കേറ്റു ഗ്രൗണ്ടിൽ വീണു. പന്ത് ഹെഡ് ചെയ്യാൻ ലക്ഷ്യമിട്ട് ഒലുവാസെ കുതിച്ചപ്പോൾ, തട്ടിമാറ്റിയ ബോസ്നിയൻ ഗോളി കാന‍ഡ താരവുമായി കൂട്ടിയിടിക്കുകയായിരുന്നു. 76–ാം മിനിറ്റിൽ ടാനി ഒലുവാസെയിയെ പിൻവലിച്ച കാന‍ഡ കൈൽ ലാറിനെ പകരക്കാരനായി ഇറക്കി. അതു ക്ലിക്കായി. രണ്ടു മിനിറ്റുകൾക്കപ്പുറം ലാറിൻ കാനഡയ്ക്കായി സമനില പിടിച്ചു. പകരക്കാരൻ പ്രോമിസ് ഡേവിഡ് അതിവേഗം പിന്നിലേക്ക് തട്ടിയിട്ട പന്ത് ബോസ്നിയൻ ഗോൾ മുഖത്തുനിന്ന് വെട്ടിത്തിരിഞ്ഞ് കൈൽ ലാറിൻ വലയിലെത്തിക്കുകയായിരുന്നു. ബോസ്നിയൻ ഗോൾ കീപ്പർ മികച്ചൊരു ഡൈവ് നടത്തിയെങ്കിലും പന്ത് കൈപ്പിടിയിലാക്കാൻ സാധിച്ചില്ല. സ്കോർ 1–1. രാജ്യാന്തര തലത്തിൽ ലാറിന്റെ 31–ാം ഗോളാണിത്. സമനിലയെത്തിയതോടെ ലീഡ് ലക്ഷ്യമിട്ട് കാനഡ നീക്കങ്ങൾക്ക് വേഗമേറ്റി. ഇതോടെ പ്രതിരോധിക്കാൻ ബോസ്നിയ പാടുപെട്ടു. 88,89,90 മിനിറ്റുകളിൽ തുടർച്ചയായി മൂന്നു ഫൗളുകളാണ് ബോസ്നിയ താരങ്ങളിൽനിന്നുണ്ടായത്. ആറു മിനിറ്റ് അധികസമയമാണ് റഫറി രണ്ടാം പകുതിക്ക് അനുവദിച്ചത്. ലീ‍ഡെടുക്കുക ലക്ഷ്യമിട്ട് കാനഡ ജൊനാഥൻ ഒസോരിയോയെ രംഗത്തിറക്കി. അവസാന മിനിറ്റുകളിൽ ബോസ്നിയയ്ക്ക് സ്വന്തം ബോക്സിൽ പിടിപ്പതു പണിയായിരുന്നു. എങ്കിലും കാന‍ഡയെ വിജയിക്കാൻ അനുവദിക്കാതെ പിടിച്ചുനിൽക്കാൻ ബോസ്നിയയ്ക്കു സാധിച്ചു. ലോകകപ്പിൽ വിജയമില്ലെന്ന ശാപം മാറ്റിയെടുക്കാൻ കാന‍ഡയ്ക്ക് ഹോം ഗ്രൗണ്ടിലെ പോരാട്ടത്തിലും സാധിച്ചില്ല. എങ്കിലും സമനിലയോടെ ചരിത്രത്തിലാദ്യമായി ഒരു പോയിന്റു നേടാൻ കാനഡയ്ക്കായി. അതു ഹോം ഗ്രൗണ്ടിൽ തന്നെയാണെന്ന പ്രത്യേകതയുമുണ്ട്.

English Summary:

Canada's shot squad secured their first-ever World Cup constituent successful a historical match, drafting against Bosnia and Herzegovina. Despite falling down successful the archetypal half, a important equalizer from Kyle Larin successful the 2nd fractional ensured Canada avoided decision connected location soil, marking a important accomplishment successful their World Cup history.

Read Entire Article