Published: March 31, 2026 11:42 PM IST Updated: March 31, 2026 11:52 PM IST
1 minute Read
മുല്ലൻപുർ (ചണ്ഡിഗഡ്) ∙ ഐപിഎലിൽ ഈ സീസണിലെ ആദ്യ ത്രില്ലർ പോരിൽ ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി കഴിഞ്ഞ വർഷത്തെ റണ്ണറപ്പുമാരായ പഞ്ചാബ് കിങ്സ്. ആവേശം അവസാന ഓവർ നീണ്ട വരെ മത്സരത്തിൽ ഗുജറാത്ത് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം അഞ്ച് പന്ത് ശേഷിക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു. പഞ്ചാബിന് മൂന്നു വിക്കറ്റ് ജയം. ഐപിഎലിൽ അരങ്ങേറ്റ മത്സരം കളിച്ച 22 വയസ്സുകാരനായ ഓസീസ് ബാറ്റർ കൂപ്പർ കൊണോലിയുടെ (44 പന്തിൽ 72*) അർധസെഞ്ചറിയാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. പഞ്ചാബിനായി വിജയകുമാർ വൈശാഖ് മൂന്നു വിക്കറ്റും യുസ്‌വേന്ദ്ര ചെഹൽ രണ്ടു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ, രണ്ടാം ഓവറിൽ തന്നെ ഓപ്പണർ പ്രിയാംശ് ആര്യയെ (8 പന്തിൽ 7) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഒന്നിച്ച പ്രഭ്സിമ്രൻ സിങ്ങ്– കൂപ്പർ കൊണോലി സഖ്യം പഞ്ചാബിനെ മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുവരു ചേർന്ന് 76 റൺസാണ് കൂട്ടിച്ചേർത്തത്. 10–ാം ഓവറിൽ പ്രഭ്സിമ്രനെ പുറത്താക്കി റാഷിദ് ഖാനാണ് കൂട്ടുകെട്ട് പൊളിച്ചത്. 24 പന്തിസൽ 4 സിക്സുകളുടെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 37 റൺസാണ് പ്രഭ്സിമ്രൻ എടുത്തത്. പിന്നാലെയെത്തിയ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ.
രണ്ടു സിക്സടിച്ച് ശ്രേയസ്സ് നന്നായി തുടങ്ങിയെങ്കിലും 13–ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണ താരത്തെ വീഴ്ത്തി. 11 പന്തിൽ 18 റൺസു മാത്രായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. പിന്നീട് എട്ടു റൺസ് കൂടി കൂട്ടിചേർക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ കൂടി പഞ്ചാബിന് നഷ്ടമായി. നേഹൽ വധേര (6 പന്തിൽ 3), ശശാങ്ക് സിങ് (5 പന്തിൽ 4), മാർക്കസ് സ്റ്റോയിനിസ് (0) എന്നിവരെയാണ് പഞ്ചാബിനു നഷ്ടമായത്. ഇതോടെ പഞ്ചാബ് സമ്മർദത്തിലായെങ്കിലും ഒരറ്റത്ത് ഉറച്ചുനിന്ന കൊണോലി പഞ്ചാബിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മാർകോ യാൻസൻ (10 പന്തിൽ 9), സേവ്യർ ബാർട്ട്ലെറ്റ് (5 പന്തിൽ 11) എന്നിവരും കൊണോലിക്കു പിന്തുണ നൽകി. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ മൂന്നു വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനെ ക്യാപ്്റ്റൻ ശുഭ്മൻ ഗിൽ (27 പന്തിൽ 39), ജോസ് ബട്‌ലർ (33 പന്തിൽ 38), ഗ്ലെൻ ഫിലിപ്സ് (17 പന്തിൽ 25) എന്നിവരുടെ ഇന്നിങ്സാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ വിജയകുമാർ വൈശാഖും രണ്ടു വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചെഹലുമാണ് ഗുജറാത്തിനെ വരിഞ്ഞുമുറുക്കിയത്.
English Summary:








English (US) ·