Published: January 30, 2026 08:35 PM IST Updated: January 31, 2026 07:52 AM IST
1 minute Read
മെൽബൺ∙ 25–ാം ഗ്രാൻസ്‌ലാം കിരീടമെന്ന നൊവാക് ജോക്കോവിച്ചിന്റെ സ്വപ്നം ഒരു വിജയമകലെ. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് സെമിഫൈനലിൽ നിലവിലെ ജേതാവ് ഇറ്റലിയുടെ യാനിക് സിന്നറിനെ 3–6, 6–3, 4–6, 6–4, 6–4നു തോൽപിച്ച് ജോക്കോവിച്ച് ഫൈനലിലെത്തി. ജർമൻതാരം അലക്സാണ്ടർ സ്വരേവിനെ 6-4, 7-6, 6-7, 6-7, 7-5നു കീഴ്പ്പെടുത്തിയ സ്പാനിഷ് താരം കാർലോസ് അൽകാരസാണ് നാളെ നടക്കുന്ന ഫൈനലിലെ എതിരാളി.
11–ാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടം തേടിയാണു സെർബിയൻ താരം ജോക്കോ ഇറങ്ങുന്നതെങ്കിൽ, തന്റെ ആദ്യ ഓസ്ട്രേലിയൻ ഓപ്പൺ ലക്ഷ്യമിട്ടാണ് അൽകാരസ് ഒരുങ്ങുന്നത്. ഇരുവർക്കും ഫൈനലിലെ പ്രധാന വെല്ലുവിളി കാലിലെ പരുക്കാണ്. പരുക്കിനെ പടിക്കു പുറത്താക്കി ആരു കപ്പടിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ടെന്നിസ് ആരാധകർ.
ഒടുവിൽ ജയംഇതിനു മുൻപ് നാലാം സീഡ് ജോക്കോയും രണ്ടാം സീഡ് സിന്നറും നേർക്കുന്നേർ വന്ന 5 മത്സരങ്ങളിലും സിന്നറിനൊപ്പമായിരുന്ന വിജയം. എന്നാൽ മൂന്നാം റൗണ്ടിലും ക്വാർട്ടറിലും എതിരാളികൾ പരുക്കേറ്റു പിന്മാറിയതോടെ സെമിയിലേക്ക് അനായാസം വോക്ക്ഓവർ ലഭിച്ച ജോക്കോവിച്ച് വെല്ലുവിളി നേരിട്ടത് സിന്നറുമായി നടന്ന 4 മണിക്കൂറിലേറ നീണ്ട സെമി പോരാട്ടത്തിൽ മാത്രമാണ്. ഓസ്ട്രേലിയൻ ഓപ്പൺ ചരിത്രത്തിൽ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമാണു മുപ്പത്തിയെട്ടുകാരൻ ജോക്കോ.
മടങ്ങിവരവ്മൂന്നാം സെറ്റ് 4–4ൽ നിൽക്കെ വലതു കാലിലെ പേശിവലിവ് കാരണം അൽകാരസ് മുടന്തിത്തുടങ്ങിയിരുന്നു. കരിയർ ഗ്രാൻസ്‌ലാം എന്ന ചരിത്രനേട്ടം വിളിപ്പാട് അകലെ കൈവിട്ടുപോകുമോ എന്നു തോന്നിയ നിമിഷം അൽകാരസ് കഠിനാധ്വാനത്തിൽ വിശ്വസിച്ചു. ഡ്രോപ് ഷോട്ടും ബിഗ് ഹിറ്റിങ് ഷോട്ടുകളും മാറിമാറിപ്പായിച്ച ഇരുപത്തിരണ്ടുകാരൻ, അലക്സാണ്ടർ സ്വരേവിനെതിരെ 5-4നു ലീഡ് നേടി. പക്ഷേ, പിന്നീട് ഒരടി പോലും മുന്നോട്ടുവയ്ക്കാൻ പറ്റാതെ മെഡിക്കൽ ബ്രേക്ക് എടുത്ത അൽകാരസ് പിന്നീട് ഉജ്വലപ്രഭാവത്തോടെ തിരിച്ചുവരുന്നു.
ഓസ്ട്രേലിയൻ ഓപ്പൺ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സെമിഫൈനലിൽ, 5 മണിക്കൂർ 27 മിനിറ്റിൽ സ്വരേവിനെ മറികടന്ന് അൽകാരസ് ഫൈനലുറപ്പിച്ചു. 5–4നു മുന്നിൽ നിന്ന സ്വരേവിനെ മറികടക്കാൻ തനിക്കെതിരെ വന്ന ഡ്രോപ് ഷോട്ട് മികച്ച ഒരു ഫോർഹാൻഡ് വിന്നറാക്കി അൽകാരസ് തിരിച്ചടിച്ചപ്പോൾ ഗാലറി ആർത്തിരമ്പി, ‘വാമോസ് അൽകാരസ്’.
English Summary:







English (US) ·