Published: June 29, 2026 03:16 PM IST Updated: June 29, 2026 05:08 PM IST
3 minute Read
തുല്ല്യ ശക്തികളുടെ പോരാട്ടമെന്നു തോന്നിച്ച ഫിഫ ലോകകപ്പ് 2026ലെ ആദ്യ നോക്കൗട്ട് മത്സരം കാണികള്‍ക്ക് ഇടിവെട്ട് കളിയാണ് സമ്മാനിച്ചത്. ഇന്‍ജറി ടൈമില്‍ നേടിയ ഗോളിലൂടെ സഹആതിഥേയരായ കാനഡ അവരുടെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായി പ്രീക്വാർട്ടറിലേക്ക് കടന്നുവെങ്കില്‍, ഇത്തവണ നോക്കൗട്ട് റൗണ്ടില്‍ പുറത്താകുന്ന ആദ്യ ടീമായി ദക്ഷിണാഫ്രിക്ക. ഒപ്പത്തിനൊപ്പമുള്ള പോരാട്ടമെന്നു പറയാമെങ്കിലും കൂടുതല്‍ വിജയേച്ഛ പ്രദര്‍ശിപ്പിച്ചത് ടീം കാനഡയായിരുന്നു. കളിയിലേറെ സമയത്തും അവര്‍ എതിര്‍ ഗോള്‍മുഖത്തെത്തുകയും ചിലപ്പോഴൊക്കെ അവസരം കഷ്ടിച്ച് നഷ്ടപ്പെടുത്തുകയുമായിരുന്നു. അതിനാല്‍ രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ (90+2) സ്റ്റീഫൻ എസ്റ്റക്വിയോ ബോക്‌സിനു തൊട്ടുപുറത്തുനിന്ന് ഒരു റോക്കറ്റ് തൊടുത്ത് വിജയ ഗോള്‍ നേടിയപ്പോള്‍ ആഹ്ലാദം അണപൊട്ടി. ലേ റൂഷ് (Les Rouges കാനഡ ഫുട്‌ബോള്‍ ടീമിന്റെ ഓമനപ്പേര്) പ്രീക്വാർട്ടറിലേക്കും കടന്നു.
What you should work next
ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്തായി പോയ കാനഡ, ദൗര്‍ഭാഗ്യവശാല്‍ സ്വന്തം മണ്ണില്‍ നോക്കൗട്ട് കളിക്കാന്‍ സാധിക്കാതെ പോയ ആദ്യത്തെ അതിഥേയ രാജ്യമായി. എന്നാല്‍ മത്സരം നടന്ന ലൊസാഞ്ചലസ് ഇംഗിൾവുഡ് സ്‌റ്റേഡിയത്തില്‍ ഇളകി മറിഞ്ഞ കാണികളെ നോക്കിയാല്‍ ഒരു കാര്യം സ്പഷ്ടമായിരുന്നു-ചുവപ്പു വസ്ത്രമണിഞ്ഞ് എത്തിയ കാനഡയുടെ ആരാധകര്‍ അവിടം ഒരു ചെങ്കടല്‍ ആക്കിയിരുന്നു. ഇരു ടീമുകളും ലോകകപ്പില്‍ ആദ്യമായാണ് നോക്കൗട്ട് കളിക്കുന്നത് എന്നതിനാല്‍ തന്നെ കളി തുടങ്ങുന്നതിനു മുൻപു തന്നെ അവര്‍ക്ക് ഈ മത്സരം ഒരു ചരിത്ര നിമിഷമായിരുന്നു.
കിക്ക് ഓഫിന് വിസില്‍ മുഴങ്ങിയപ്പോള്‍ മുതല്‍ ദക്ഷിണാഫ്രിക്ക ആയിരുന്നു പന്തടക്കത്തില്‍ മേല്‍ക്കോയ്മ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍, ഈ ലോകകപ്പില്‍ നമ്മള്‍ ഇതുവരെ കണ്ടതു പോലെ, എതിരാളിയുടെ ഗോള്‍ മുഖത്തിനടുത്തേക്ക് ചെന്നെത്താന്‍ ആകുന്നില്ലെങ്കില്‍ എത്ര നേരം തമ്മില്‍ തമ്മില്‍ പന്തും ഉരുട്ടിക്കൊണ്ടു നടന്നു എന്നതില്‍ ഒരു കാര്യവുമില്ല. അവിടെയാണ് ഏറ്റുമുട്ടിയ രണ്ടു ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസവും. ഓരോ തവണയും പന്തു കൈവശപ്പെടുത്തിയാല്‍ കാനഡ കൃത്യമായ ഉദ്ദേശത്തോടെ ആക്രമിച്ചു കയറുന്നത് കാണാമായിരുന്നു. ഗോള്‍രഹിത സ്തംഭനാവസ്ഥ അവസാനിപ്പിക്കണം എന്ന ലക്ഷ്യത്തോടെ കാനഡ കളിച്ചെങ്കില്‍, എങ്ങനെയെങ്കിലും ഗോള്‍ വഴങ്ങാതെ നോക്കണം എന്നതിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ ശ്രദ്ധ എന്നു തോന്നി. ദൗര്‍ഭാഗ്യവശാല്‍ നോക്കൗട്ട് ഘട്ടത്തില്‍ അങ്ങനെ പിന്‍വലിഞ്ഞു കളിച്ചിട്ട് കാര്യമില്ല. കളിയില്‍ മിക്ക സമയത്തും നിങ്ങള്‍ മികച്ച രീതിയില്‍ പ്രതിരോധിച്ചാല്‍ പോലും എപ്പോഴെങ്കിലും വന്നു പോയേക്കാവുന്ന ഒരു പിഴവു മതി കഥ കഴിയാന്‍. ആ പാഠമാണ് ദക്ഷിണാഫ്രിക്ക ഹൃദയവേദനയോടെ പഠിച്ചത്.
മുന്‍ കളികളിലെന്നപോലെ ഹ്യൂഗോ ബ്രൂസിന്റ (Hugo Broos) കുട്ടികള്‍ പ്രതിരോധത്തില്‍ ഉന്നത നിലവാരം പുലര്‍ത്തി. അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കനേഡിയന്‍ ആക്രമണത്തെ തുരത്തി. മധ്യ നിരയിലെ ജോടികളായ എംബെക്കെലെസി എംബുകാസിയും (Mbekelezi Mbokazi) ഇമേ ഓകോണും (Ime Okon) ആണെങ്കിലും, ഫുള്‍ബാക്കുകളായ മോഡിബായും മുഡാവുവുമാണെങ്കിലും, ഓരോ തവണയും കാനഡ ഗോളടിച്ചേക്കാമെന്നു തോന്നിപ്പിച്ചപ്പോഴൊക്കെ തടഞ്ഞു എന്നു കാണാം. എന്നാല്‍, കളി മുന്നോട്ടു പോയപ്പോള്‍ ഒന്നല്ലെങ്കില്‍ മറ്റൊരു പിഴവ് അവര്‍ വരുത്തുകയും ചെയ്തു. അവരുടെ നീക്കങ്ങള്‍ ഭാവനാത്മകമായിരുന്നില്ല. പാസുകള്‍ പലപ്പോഴും ഉദ്ദേശിച്ചിടത്ത് എത്താതെ പോയിട്ടുണ്ട്. അതിനൊക്കെ പുറമെ കാനഡയുടെ ഗോള്‍ മുഖത്ത് മിക്കപ്പോഴും ശാന്തത കളിയാടുകയും ചെയ്തു. തങ്ങള്‍ കളിക്കുന്നത് മറ്റൊരു ഗ്രൂപ്പ് മത്സരമാണ് എന്ന തോന്നലാണ് ദക്ഷിണാഫ്രക്കയ്ക്ക് ഉണ്ടായിരുന്നതെന്ന് പറഞ്ഞാല്‍ തെറ്റില്ല-സമനില നേടാന്‍ യത്‌നിക്കുന്ന ടീമാണ് തങ്ങള്‍ എന്ന തോന്നലാണ് അവര്‍ ഉണ്ടാക്കിയത്. പന്തടക്കം ഫുട്‌ബോള്‍ കളിയുടെ മുഖ്യ ഭാഗങ്ങളിലൊന്നാണ്. എന്നാല്‍, അത് ഒരു ആക്രമണത്തിന് തുടക്കമിടാനുള്ള ആദ്യ പടിയുമാണ്. ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാമത്തെ ഗിയറിലേക്ക് വരാന്‍ കഴിഞ്ഞില്ല.
മറുവശത്ത് കാനഡയാകട്ടെ തങ്ങളുടെ എതിരാളികളുടെ ആക്രമണവീര്യമില്ലായ്മയുടെ മുതലും പലിശയും തീര്‍ത്തു. തങ്ങളുടെ കൈവശം ഓരോ തവണയും പന്തെത്തിയാല്‍ അവര്‍ അത് ആക്രമണത്തിന് തന്നെ മിക്കപ്പോഴും ഉപയോഗിച്ചു. മത്സരത്തിന്റെ 90 മിനിറ്റിലുടനീളം എതിര്‍ ഗോള്‍മുഖത്ത് അവസരം തേടിയെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. അവര്‍ 14 ഷോട്ടുകളാണ് ഉതിര്‍ത്തത്. അതില്‍ 7 എണ്ണം ഗോള്‍ വലയെ ലക്ഷ്യമാക്കിയായിരുന്നു. ദക്ഷിണാഫ്രിക്ക ആകെ ആറു ഷോട്ടുകള്‍ തൊടുത്തു. അവയില്‍ രണ്ടെണ്ണം മാത്രമാണ് വലയ്ക്കു നേരെ ചെന്നത്. ദക്ഷിണാഫ്രിക്കയെ അപേക്ഷിച്ച് കുറച്ചു തവണ മാത്രമാണ് പന്ത് അവര്‍ക്ക് കിട്ടിയത് എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഇക്കാര്യത്തില്‍ കോച്ച് ജെസെ മാര്‍ഷിനും (Jesse Marsch) കിട്ടണം കയ്യടി. സബസ്റ്റിറ്റ്യൂട്ടുകളെ സമയാസമയങ്ങളില്‍ ഇറക്കി തങ്ങളുടെ ആക്രമണത്തിന്റെ ചലനവേഗം നിലനിര്‍ത്താന്‍ കളിയിലുടനീളം ശ്രമിച്ചു. അദ്ദേഹം അത്തരത്തിലൊരു സബ്‌സ്റ്റിറ്റ്യൂഷന്‍ നടത്തിയത് കളിയുടെ 74-ാം മിനിറ്റിലായിരുന്നു. സ്‌റ്റേഡിയം അത് ആരവത്തോടെയാണ് എതിരേറ്റത്. ലേ റൂഷിന്റെ താരമാണ് അദ്ദേഹം. ഇക്കഴിഞ്ഞെ മേയിൽ പരുക്കേറ്റ അദ്ദേഹത്തിന് കാനഡയില്‍ വച്ചു നടന്ന ഗ്രൂപ്പ് മത്സരങ്ങളിലൊന്നും ബൂട്ടണിയാന്‍ സാധിച്ചില്ല. വിജയ ഗോളിന് നേരിട്ട് അദ്ദേഹത്തിന്റെ വക സംഭാവന ഒന്നും ലഭിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം കനേഡിയന്‍ ആക്രമണത്തിന്റെ വീറ് വര്‍ധിപ്പിച്ചച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് ഡേവിസിനെ മാര്‍ക്ക് ചെയ്യാന്‍ രണ്ടു പേരെ നിയോഗിക്കേണ്ടി വന്നു. അതിനാല്‍ തന്നെ മറ്റു കനേഡിയന്‍ ഫോര്‍വേഡുകള്‍ക്ക് കൂടുതല്‍ വഴി തുറന്നു കിട്ടി.
ആദ്യ നോക്കൗട്ട് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് പോയേക്കുമെന്ന് തോന്നിച്ചപ്പോള്‍ സ്റ്റീഫൻ എസ്റ്റക്വിയോ ലോകകപ്പ് മഹത്തായ നിമിഷങ്ങള്‍ സൃഷ്ടിക്കുന്ന വേദി കൂടെയാണെന്ന് എല്ലാവരെയും ഓര്‍മപ്പെടുത്തി. വിങ്ങര്‍ ജേക്കബ് ഷാഫെല്‍ബര്‍ഗ് ബോക്‌സിനുള്ളിലേക്ക് അയച്ച ചുഴിഞ്ഞിറങ്ങുന്ന ക്രോസ് മഞ്ഞ മതിലിനുള്ളല്‍ ഒരു ചുവപ്പു ഷര്‍ട്ടുകാരന്റെയടുത്തും എത്തിയില്ല. എന്നാല്‍, അത് ഹെഡ് ചെയ്തകറ്റിയ ഡിഫന്‍ഡര്‍ ഒകോണ്‍ വരുത്തിയ പിഴവാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിനയായത്. പന്ത് എസ്റ്റക്വിയോയുടെ പാതയിലേക്കാണ് പതിച്ചത്. തന്റെ മുന്നില്‍ എതിരാളികളില്ലാതെ ധാരാളം ഇടം കിടക്കുന്നതിനാല്‍ എസ്റ്റക്വിയോ ഒരു ടച്ച് എടുത്ത് പന്ത് തന്റെ നിയന്ത്രണത്തില്‍ കൊണ്ടുവന്നു. അടുത്ത അടി ഒരു റോക്കറ്റ് പോലെ ദക്ഷിണാഫ്രിക്കന്‍ വലയുടെ ഇടത് മൂലയില്‍ പതിച്ചു. അതുവരെ മികച്ച പ്രകടനം നടത്തിവന്ന ദക്ഷിണാഫ്രിക്കന്‍ ഗോള്‍കീപ്പര്‍ റൊണ്‍വെന്‍ വില്ല്യംസിന് ഷോട്ട് തടയാനുള്ള അവസരം ഇല്ലായിരുന്നു. സ്‌റ്റേഡിയം വിജയാരവത്തില്‍ മുങ്ങി. ഈ ടൂര്‍ണമെന്റില്‍ കാനഡ എത്ര മുന്നേറുമെന്നതൊന്നും കണക്കിലെടുക്കേണ്ട, ആ ഗോള്‍ അവരുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ സുപ്രധാന നിമിഷങ്ങളിലൊന്നായിരിക്കും. ഫുട്‌ബോളിലേക്ക് താരതമ്യേന താമസിച്ച് എത്തിയ കാനഡ തങ്ങളുടെ മൂന്നാമത്തെ ലോകകപ്പാണ് ഇപ്പോള്‍ കളിക്കുന്നത്. നോക്കൗട്ട് റൗണ്ടിലെ ഈ വിജയത്തോടെ എസ്റ്റക്വിയോ ഉറപ്പായും കാനഡക്കാരുടെ ആരാധാനപാത്രമാകുകയും ചെയ്യും.
ദക്ഷിണാഫ്രിക്കയ്ക്ക് ഇത് ഹൃദയഭേദകമായ നിമിഷമാണ്. മത്സരത്തിന്റെ നല്ലൊരു പങ്കും മുറുക്കമുള്ള പ്രതിരോധം അവര്‍ കാഴ്ച്ചവയ്ക്കുകയും ചെയ്തു. എന്നാല്‍ ലോകപ്പിലും മറ്റും എല്ലാം കീഴ്‌മേല്‍ മറിയാന്‍ ഒറ്റ നിമിഷം മതി. അത്തരം ഒരു അവസരം കാനഡ പാഴാക്കിയുമില്ല. ബഫാന ബഫാന ഇപ്പോള്‍ ലോകകപ്പില്‍ നിന്ന് ഔദ്യോഗികമായി പുറത്തായി. അവരെ പുറത്താക്കിയ കാനഡ ഇനി നെതര്‍ലൻഡ്സും മൊറോക്കോയും തമ്മില്‍ നടക്കുന്ന മത്സത്തിലെ വിജയിയെ ജൂലൈ 4ന് നേരിടും. ആ കളി ആരു ജയിച്ചാലും കാനഡയ്ക്ക് കടുപ്പമുള്ള എതിരാളി തന്നെയാകും പ്രീക്വാര്‍ട്ടറില്‍. എന്നാൽ ഈ ലോകകപ്പിന്റെ സഹആതിഥേയര്‍ക്ക് മറ്റൊരു മാന്ത്രിക നിമിഷം കൂടി സമ്മാനിച്ച് തങ്ങളുടെ ചരിത്ര നേട്ടം തുടരാനായെങ്കിലോ?
English Summary:





English (US) ·