Published: February 17, 2026 11:04 AM IST
1 minute Read
കൊളംബോ ∙ ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ പൂർണ ആധിപത്യം നേടിയാണ് ഇന്ത്യ വിജയിച്ചത്. ജയത്തോടെ സൂപ്പർ എട്ട് റൗണ്ടിലേക്ക് ഇന്ത്യ യോഗ്യത നേടുകയും ചെയ്തു. എന്നാൽ പാക്കിസ്ഥാനെതിരായ മത്സരത്തിനു ശേഷം ഇന്ത്യൻ താരങ്ങളായ സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് കാര്യവും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ഹാർദിക്കും സൂര്യകുമാറും കുൽദീപിനോട് കയർക്കുന്ന വിഡിയോ പ്രചരിച്ചതോടെ പല ഊഹാപോഹങ്ങളും നിറഞ്ഞു.
പാക്ക് ഇന്നിങ്സിന്റെ 18–ാം ഓവറിൽ ഷഹീൻ അഫ്രീദിയുടെ ക്യാച്ച് കുൽദീപ് ബൗണ്ടറി ലൈനിനു സമീപം കൈവിട്ടിരുന്നു. ഇത് സിക്സാകുകയും ചെയ്തു. ഈ ഓവറിന്റെ അവസാന പന്തിൽ തന്നെ ഉസ്‌മാൻ താരിഖിനെ ബൗൾഡ് ആക്കി ഹാർദിക് പാക്കിസ്ഥാനെ ഓൾഔട്ടാക്കിയെങ്കിലും മത്സരശേഷം ക്യാച്ച് ഡ്രോപ് ചെയ്തത് സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമായെന്നാണ് സൂചന.
എന്താണു സംസാരിച്ചതെന്നു വ്യക്തമല്ലെങ്കിലും, രോഷം നിറഞ്ഞ മുഖഭാവത്തോടെയായിരുന്നു ഹാർദിക്കിന്റെ പ്രതികരണം. പ്രശ്നം പരിഹരിക്കുന്നതിനായി തിലക് വർമയും റിങ്കു സിങ്ങുംം ഇടപെടുന്നതും ദൃശ്യങ്ങളിലുണ്ട്. തൊട്ടുപിന്നാലെ താരങ്ങൾ പരസ്പരമുള്ള പതിവു ഹസ്തദാനത്തിനിടെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ദേഷ്യത്തോടെയാണ് കുൽദീപിനോടു സംസാരിച്ചത്. ഇതോടെ ഇന്ത്യൻ ക്യാംപിൽ കാര്യങ്ങൾ അത്ര പന്തിയില്ലെന്നു വരെ അഭ്യൂഹങ്ങൾ പരന്നു.
പക്ഷേ, ആരാധകർ കരുതുന്നത് പോലെ പ്രശ്നങ്ങളില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന ഒരു വിഡിയോ വ്യക്തമാക്കുന്നത്. ഗ്രൗണ്ടിൽ വച്ച് നടന്നത് പുനരാവിഷ്കരിക്കുന്ന രീതിയിൽ സൂര്യകുമാർ യാദവും കുൽദീപ് യാദവും ചേർന്നുള്ള രസകരമായ വിഡിയോയാണ് പുറത്തുവന്നത്. സൂര്യകുമാർ തന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ച വിഡിയോ വൈറലാകുകയും ചെയ്തു. തനിക്കു നേരെ നടന്നുവരുന്ന ക്യാപ്റ്റന്റെ പുറത്തൊരു തട്ട് കൊടുത്ത് കുൽദീപ് അരിശത്തോടെ നടന്നു നീങ്ങുന്നതും സൂര്യ ഇത് കണ്ട് അമ്പരന്നു നിൽക്കുന്നതുമാണ് റീലിലുള്ളത്. ‘‘ദേഷ്യപ്പെടുന്നത് നിർത്തൂ, സഹോദരാ’’ എന്ന അടിക്കുറിപ്പോടെയാണ് സൂര്യ റീൽ പങ്കുവച്ചത്.
English Summary:







English (US) ·