‘ദൈവത്തിന്റെ കൈ’ പന്തിൽ തട്ടിയിട്ട് 40 വർഷം; അർജന്റീന തീർത്തത് ഇംഗ്ലണ്ടിനോടുള്ള മധുരപ്രതികാരം

4 weeks ago 8

തിരൂർ∙ ‘ദൈവത്തിന്റെ കൈ’ പന്തിൽ തട്ടി ഗോളായിട്ട് ഇന്നേക്ക് 40 വർഷം തികയുന്നു. നൂറ്റാണ്ടിന്റെ ഗോളിനും ഇതേ പ്രായം. ഒരു കളിയിൽ രണ്ടുമടിച്ചത് ഒരാൾ – സാക്ഷാൽ ഡിയേഗോ മറഡോണ. ആദ്യ ഗോൾ വിവാദമായപ്പോൾ രണ്ടാമത്തേത് അതിന്റെ പ്രായശ്ചിത്തമായി മാറി! 1986 ജൂൺ 22ന് നടന്ന ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിലാണ് ഈ ഗോളുകൾ പിറന്നത്. അർജന്റീനയും ഇംഗ്ലണ്ടും തമ്മിലായിരുന്നു മത്സരം. ആദ്യപകുതിയി‍ൽ ഒന്നും സംഭവിച്ചില്ല. രണ്ടാം പകുതി പക്ഷേ അങ്ങനെയല്ലായിരുന്നു. കളിയുടെ 51–ാം മിനിറ്റിലാണത് സംഭവിച്ചത്. ഇംഗ്ലിഷ് മധ്യനിരയിലെ സ്റ്റീവ് ഹോഡ്ജ് പെനൽറ്റി ബോക്സിനരികിലേക്ക് ഒരു പാസ് നൽകാനുള്ള ശ്രമത്തിലായിരുന്നു.

എന്നാൽ പന്ത് ഉയർന്നുപൊങ്ങി. 6 അടിയിലേറെ പൊക്കമുള്ള ഇംഗ്ലണ്ട് ഗോൾകീപ്പർ പീറ്റർ ഷിൽറ്റൻ പന്തു തട്ടിമാറ്റാനായി ഉയർന്നുചാടി. അതേ സമയം 5 അടി 5 ഇഞ്ച് ഉയരമുള്ള മറഡോണയും ഉയർന്നുചാടിയിരുന്നു. പന്ത് അതാ ഇംഗ്ലണ്ടിന്റെ ഗോൾ പോസ്റ്റിൽ. എല്ലാം സംഭവിച്ചത് ഒന്നോ രണ്ടോ സെക്കൻഡുകൾക്കുള്ളിൽ.

അർജന്റീനയുടെ ആരാധകർ കരുതിയത് അത് മറഡോണ ഹെഡ് ചെയ്ത് ഗോളാക്കിയെന്നാണ്. എന്നാൽ എല്ലാം കൃത്യമായി കണ്ട ഇംഗ്ലണ്ട് താരങ്ങൾ ഫൗളിനായി ആർത്തുവിളിച്ചു. മറഡോണ ആ ഗോൾ കൈ കൊണ്ട് തട്ടിയിട്ടതാണെന്നു വാദിച്ചു. എന്നാൽ റഫറി അലി ബിൻ നാസർ അക്കാഴ്ച കണ്ടിരുന്നില്ല. റഫറി അത് ഗോളാണെന്നു വിധിച്ചു.

മത്സരശേഷം മറഡോണ തന്നെ പറഞ്ഞു – ‘ആ ഗോൾ പിറന്നത് അൽപം മറഡോണയുടെ തല കൊണ്ടും അൽപം ദൈവത്തിന്റെ കൈ കൊണ്ടുമാണ്’. അതെ പീറ്റർ ഷിൽറ്റനൊപ്പം ഉയർന്നുപൊങ്ങിയ മറഡോണ തന്റെ ഇടതുകൈ കൊണ്ട് ആ പന്ത് ഗോൾ പോസ്റ്റിലേക്കു തട്ടിയിടുകയായിരുന്നു. പിന്നീടതു ദൈവത്തിന്റെ കൈ എന്ന പേരിലാണ് അറിയപ്പെട്ടത്. ഇത് വലിയ വിവാദവുമായി. ഈ സംഭവത്തിനു ശേഷം പീറ്റർ ഷിൽറ്റൻ മരണം വരെ മറഡോണയെ കാണാനോ സംസാരിക്കാനോ തയാറായിരുന്നില്ല. എന്നാൽ അതേ മത്സരത്തിൽ തന്നെ മറ്റൊരു ഗോൾ പിറന്നിരുന്നു, നൂറ്റാണ്ടിന്റെ ഗോൾ.

ദൈവത്തിന്റെ കൈ ഗോൾ പിറന്ന് നാലു മിനിറ്റിനു ശേഷമാണ് ആ ലോകോത്തര ഗോൾ പിറന്നത്. അതും മറഡോണയുടെ കാലിൽനിന്നു തന്നെ. അർജന്റീനയുടെ പകുതിയിൽനിന്ന് മറഡോണയുടെ കാലിലേക്കു പന്തെത്തി. മുന്നിലുണ്ടായിരുന്ന ഇംഗ്ലണ്ട് താരങ്ങളായ പീറ്റർ ബിയേഡ്സ്‍ലിയെയും പീറ്റർ റീഡിനെയും ടേൺ ചെയ്ത് കബളിപ്പിച്ച് മറഡോണ മുന്നോട്ടോടി. ടെറി ബുച്ചറിനെയും ടെറി ഫെൻവിക്കിനെയും ഡ്രിബിൾ ചെയ്തു പിന്നെയും മുന്നോട്ടോടി. പെനൽറ്റി ബോക്സിനു മുന്നിൽ ഗോളി പീറ്റർ ഷിൽറ്റനെയും കബളിപ്പിച്ച് പന്ത് നേരെ ഇംഗ്ലണ്ടിന്റെ വലയിലേക്കിട്ടു. 60 മീറ്ററോളം ദൂരം 10 സെക്കൻഡ് കൊണ്ട് താണ്ടിയിട്ട ആ ഗോളിനെ പിന്നീട് നൂറ്റാണ്ടിന്റെ ഗോളായി പ്രഖ്യാപിച്ചു. വിവാദമായ ആദ്യ ഗോളിനുള്ള പ്രായശ്ചിത്തമായി അതു മാറി. ആ വർഷത്തെ ലോകകപ്പിൽ അർജന്റീന ചാംപ്യന്മാരുമായി. ഇന്ന് രാത്രി 10.30ന് അർജന്റീന വീണ്ടും കളിക്കാനിറങ്ങുമ്പോ‍ൾ ഈ ഗോളുകളും ഓർമയിലെത്തും.

ഒരു മധുരപ്രതികാരം

ദൈവത്തിന്റെ കൈ, നൂറ്റാണ്ടിന്റെ ഗോൾ എല്ലാമുണ്ടായ മത്സരത്തിൽ ജയിച്ചതോടെ അർജന്റീന തീർത്തത് ഇംഗ്ലണ്ടിനോടുള്ള മധുരപ്രതികാരം കൂടിയാണെന്നത് പരസ്യമായ രഹസ്യമാണ്. അറ്റ്ലാ‍ന്റിക് സമുദ്രത്തിലെ ഫോക‍്‍ലൻഡ് ദ്വീപുകൾ ഇംഗ്ലണ്ടിന്റെ അധീനതയിലായിരുന്നു. അർജന്റീനയും അവകാശം ഉന്നയിച്ചു. 1982ൽ അർജന്റീന ദ്വീപ് പിടിച്ചെടുക്കാൻ ശ്രമിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം നടന്നു. 74 ദിവസം നീണ്ട യുദ്ധത്തിൽ ഇംഗ്ലണ്ട് ജയിച്ചു. അർജന്റീനയുടെ 649 സൈനികർ മരിച്ചു. പിന്നീട് ആദ്യമായി ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയത് ‘ദൈവത്തിന്റെ കൈ’ ഗോളുണ്ടായ ഫുട്ബോൾ മത്സരത്തിലാണ്. ഏതു വിധേനയും ജയിച്ച് ഇംഗ്ലണ്ടിനോടു പ്രതികാരം ചെയ്യുകയെന്ന രഹസ്യ ലക്ഷ്യം അർജന്റീനയുടെ ടീമിനുണ്ടായിരുന്നു. മറഡോണ അതു തന്റെ ആത്മകഥയിൽ സൂചിപ്പിച്ചിട്ടുമുണ്ട്.

ജഴ്സിക്ക് തീവില

മത്സരശേഷം ഇംഗ്ലിഷ് താരം സ്റ്റീവ് ഹോഡ്ജും മറഡോണയും തമ്മിൽ ജഴ്സികൾ കൈമാറിയിരുന്നു. സ്റ്റീവ് ഹോഡ്ജ് സൂക്ഷിച്ച, മറഡോണ ധരിച്ച ജഴ്സി 2022ൽ ലേലത്തിൽ വിറ്റിരുന്നു. 75 കോടിയിലധികം രൂപയ്ക്കാണ് ഇതു വിറ്റുപോയത്. ഇതൊരു റെക്കോർഡായിരുന്നു.

English Summary:

Diego Maradona's infamous 'Hand of God' extremity and his breathtaking 'Goal of the Century' some occurred 40 years agone successful the 1986 World Cup quarter-final betwixt Argentina and England. These iconic moments, marked by contention and sheer brilliance, stay etched successful shot history.

Read Entire Article