Published: May 26, 2026 10:41 PM IST
2 minute Read
ചെന്നൈ ∙ ആഭ്യന്തര, ഐപിഎൽ ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് ലെഗ് സ്പിന്നർ മുരുകൻ അശ്വിൻ. ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ക്വാളിഫയർ പോരാട്ടത്തിന് മണിക്കൂറുകൾക്ക് മുൻപാണ് മുൻ ആർസിബി താരം കൂടിയായ മുരുകൻ അശ്വിന്റെ വിരമിക്കൽ പ്രഖ്യാപനം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വൈകാരികമായ ഒരു പോസ്റ്റിലൂടെയാണ് തമിഴ്നാട് താരമായ 35 വയസ്സുകാരൻ മുരുകൻ അശ്വിൻ തീരുമാനം അറിയിച്ചത്.
ആഭ്യന്തര ക്രിക്കറ്റിൽനിന്നും ഐപിഎലിൽനിന്നും പിന്മാറുമ്പോഴും, വിവിധ ടി20 ലീഗുകളിൽ മത്സര ക്രിക്കറ്റ് കളിക്കുന്നത് തുടരുമെന്ന് അശ്വിൻ വ്യക്തമാക്കി. 2016ൽ റൈസിങ് പുണെ സൂപ്പർ ജയന്റിനായി ഐപിഎലിൽ അരങ്ങേറ്റം കുറിച്ച മുരുകൻ അശ്വിൻ, ഒരു പതിറ്റാണ്ടു നീണ്ട കരിയറിൽ ഒന്നിലധികം ഫ്രാഞ്ചൈസികൾക്കായി കളിച്ചിട്ടുണ്ട്. ഡൽഹി ഡെയർഡെവിൾസ് (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്), മുംബൈ ഇന്ത്യൻസ്, കിങ്സ് ഇലവൻ പഞ്ചാബ് (ഇപ്പോൾ പഞ്ചാബ് കിങ്സ്), രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളുരു എന്നീ ടീമുകളെ താരം പ്രതിനിധീകരിച്ചു.
ക്രിക്കറ്റുമായി തനിക്കുള്ള ആജീവനാന്ത ബന്ധത്തെക്കുറിച്ചും ക്രിക്കറ്റ് വർഷങ്ങളായി തന്റെ വ്യക്തിത്വത്തെ എങ്ങനെ രൂപപ്പെടുത്തിയെന്നതിനെക്കുറിച്ചും ഹൃദയസ്പർശിയായ കുറിപ്പിൽ അശ്വിൻ വ്യക്തമാക്കി. ‘‘ആറാം വയസ്സിൽ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത് മുതൽ, ഞാൻ ഈ കളിയുമായി അഗാധമായ പ്രണയത്തിലാണ്, അത് എന്നെ സമൃദ്ധമായി അനുഗ്രഹിച്ചിട്ടുമുണ്ട്. ക്രിക്കറ്റ് എന്നെ ഇന്ന് ഞാൻ ആയിരിക്കുന്ന വ്യക്തിയായി രൂപപ്പെടുത്തുകയും മൈതാനത്ത് എന്നെത്തന്നെ യഥാർഥമായി പ്രകടിപ്പിക്കാൻ അനുവദിക്കുകയും ചെയ്തു. ഇത് ഇതുവരെ അവിശ്വസനീയമായ ഒരു യാത്രയായിരുന്നു, ആ ഒരു കാര്യത്താൽ, ഞാൻ നിങ്ങളെയല്ലാവരെയും ഒരു പുതിയ വിവരം അറിയിക്കാൻ ആഗ്രഹിക്കുന്നു. എന്റെ ആഭ്യന്തര ക്രിക്കറ്റ് കരിയറിനും ഐപിഎലിലെ എന്റെ യാത്രയ്ക്കും വിരാമമിടാൻ ഞാൻ തീരുമാനിച്ചതായി അറിയിക്കുന്നു.’’– ഇൻസ്റ്റഗ്രാം പോസ്റ്റിൽ അശ്വിൻ കുറിച്ചു.
തന്റെ ഐപിഎൽ കരിയറിൽ പ്രധാന പങ്കുവഹിച്ച ഫ്രാഞ്ചൈസികളോടും സീനിയർ ക്രിക്കറ്റർമാരോടും മുരുകൻ അശ്വിൻ നന്ദി രേഖപ്പെടുത്തി. 44 ഐപിഎൽ മത്സരങ്ങളിൽ നിന്നായി, 8.01 ഇക്കോണമി റേറ്റിൽ 33.20 ശരാശരിയിൽ 35 വിക്കറ്റുകളാണ് അശ്വിൻ നേടിയത്. 2020, 2021 സീസണുകളിൽ പഞ്ചാബ് കിങ്സിനൊപ്പമാണ് അശ്വിൻ ഏറ്റവും തിളങ്ങിയത്. ഒൻപത് മത്സരങ്ങളിൽ നിന്ന് 7.46 ഇക്കോണമി റേറ്റിൽ 10 വിക്കറ്റുകൾ താരം നേടി. ആർസിബിക്കൊപ്പമുള്ള ചെറിയ കാലയളവിൽ, രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്നു വിക്കറ്റാണ് അശ്വിൻ നേടിയത്. 2023 മേയ് 7ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ സഞ്ജു സാംസണു കീഴിയിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയായിരുന്നു അശ്വിന്റെ അവസാന ഐപിഎൽ മത്സരം.
തന്റെ ഐപിഎൽ ഓർമകൾ, ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾക്കൊപ്പം ഡ്രസിങ് റൂം പങ്കിട്ടത് അശ്വിൻ അനുസ്മരിച്ചു. ‘‘ഐപിഎലിലെ എന്റെ ഒരു പതിറ്റാണ്ട് നീണ്ട പരിചയസമ്പത്ത്, ചില മഹത്തായ താരങ്ങൾക്കൊപ്പം ഇടപഴകാനും എം.എസ്.ധോണി, വിരാട് കോലി, രവിചന്ദ്രൻ അശ്വിൻ, രോഹിത് ശർമ തുടങ്ങിയ ഇതിഹാസ ക്രിക്കറ്റ് താരങ്ങളുടെ നേതൃത്വത്തിന് കീഴിൽ കളിക്കാനും എന്നെ സഹായിച്ചു. ഈ അനുഭവങ്ങൾ എന്നെത്തന്നെ മെച്ചപ്പെടുത്താനും 2016ലെ എന്റെ അരങ്ങേറ്റത്തിന് ശേഷം ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനാകാനും സഹായിച്ചിട്ടുണ്ട്.’’– അശ്വിൻ കൂട്ടിച്ചേർത്തു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Instagram/ashwinmurugan/ എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:







English (US) ·