ന്യൂഡൽഹി ∙ ബാറ്റിങ്ങിൽ ഒടുക്കം ഒന്ന് ‘ഒതുക്കി’ എങ്കിലും വിജയിക്കാൻ ആ വീര്യം മാത്രം മതിയായിരുന്നില്ല. ട്വന്റി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് നമിബീയ 18.2 ഓവറിൽ 116 റൺസിന് ഓൾഔട്ടായി. ഇന്ത്യയ്ക്ക് 93 റൺസ് വിജയം. മൂന്നു വിക്കറ്റെടുത്ത മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയും രണ്ടു വിക്കറ്റെടുത്ത അക്ഷർ പട്ടേലും ചേർന്നാണ് നമീബിയയെ കറക്കിവീഴ്ത്തിയത്. ഹാർദിക് പാണ്ഡ്യയും രണ്ടു വിക്കറ്റെടുത്തപ്പോൾ അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു. ഒരാൾ ഹിറ്റ് വിക്കറ്റായി. റൺസ് അടിസ്ഥാനത്തിൽ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് ഇത്. 2012 ലോകകപ്പിൽ ഇംഗ്ലണ്ടിനതിരെ നേടിയ 90 റൺസ് ജയമായിരുന്നു ഇതുവരെ ഒന്നാമത്. ജയത്തോടെ ഗ്രൂപ്പ് എയിൽ രണ്ടു മത്സരങ്ങളിൽനിന്ന് രണ്ടു ജയവുമായി ഇന്ത്യ, പാക്കിസ്ഥാനെ മറികടന്ന് ഒന്നാമതായി. 15ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
മറുപടി ബാറ്റിങ്ങിൽ, സാമാന്യം ഭേദപ്പെട്ട തുടക്കമാണ് നമീബിയയ്ക്ക് ലഭിച്ചത്. ഓപ്പണർമാർ ചേർന്ന് 33 റൺസ് കൂട്ടിച്ചേർത്തു. നാലാം ഓവറിൽ അർഷ്ദീപ് സിങ്ങാണ് നമീബിയയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. 15 പന്തിൽ 22 റൺസെടുത്ത ജാൻ ഫ്രൈലിങ്കാണ് പുറത്തായത്. പിന്നീട് പവർപ്ലേയിൽ വിക്കറ്റ് വീഴ്ത്താതെ നമീബിയ സൂക്ഷിച്ചു. പവർപ്ലേ അവസാനിക്കുമ്പോൾ 1ന് 57 എന്ന നിലയിലായിരുന്നു അവർ. എട്ടാം ഓവറിൽ വരുൺ ചക്രവർത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്. 29 റൺസെടുത്ത ലോറൻ സ്റ്റീൻകാംപിന്റെ കുറ്റിയാണ് വരുൺ തെറിപ്പിച്ചത്. നമീബിയയുടെ ടോപ് സ്കോററും ലോറൻ തന്നെ. പത്താം ഓവറിൽ വരുണിന്റെ ഇരട്ടപ്രഹരത്തോടെ നമീബിയ പൂർണമായും അടിയറവ് പറഞ്ഞു.
ഒരു പന്തിന്റെ ഇടവേളയിൽ ജാൻ നിക്കോൾ ലോഫ്റ്റി-ഈറ്റൺ (13), ജെ.ജെ.സ്മിത്ത് (0) എന്നിവരാണ് പുറത്തായത്. തൊട്ടടുത്ത ക്യാപ്റ്റൻ ജെറാര്‍ഡ് ഇറാസ്മസിനെ (18) അക്ഷർ പട്ടേലും വീഴ്ത്തി. പിന്നീടാർക്കും അധികനേരം പിടിച്ചുനിൽക്കാനായില്ല. മലാൻ ക്രൂഗർ (5), റൂബൻ ട്രംപൽമാൻ (6), ബെർണാഡ് ഷോൾട്സ് (4), ബെൻ ഷിക്കോംഗോ (0) എന്നിവർ രണ്ടക്കം കാണാതെ വീണു. വിക്കറ്റ് കീപ്പർ സെയ്ൻ ഗ്രീൻ (11) പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും 17–ാം ഓവറിൽ ‘ഹിറ്റ്’ വിക്കറ്റായി. അതോടെ നമീബിയയുടെ ഇന്നിങ്സിനും അവസാനമായി.
∙ ഒടുക്കം ‘ഒതുക്കി’സഞ്ജുവിന്റെ ഉജ്വല തുടക്കം, അതേറ്റെടുത്ത ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയും; പക്ഷേ ഒടുക്കം തുടരെ വിക്കറ്റുകൾ കളഞ്ഞുകുളിച്ച് കൂറ്റൻ സ്കോർ എന്ന ലക്ഷ്യം ഇന്ത്യ ‘നശിപ്പിച്ചു’. ട്വന്റി20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ നമീബിയയ്ക്കെതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് 209 റണ്‍സെടുത്തത്. ഒരുഘട്ടത്തിൽ മുന്നൂറിനടുത്തു വരെ എത്തുമെന്ന് തോന്നിച്ച സ്കോറാണ് കൃത്യമായ ഇടവേളകളിലും പിന്നീട് അവസാന രണ്ട് ഓവറിൽ വെറും നാല് റൺസിനിടെ 5 വിക്കറ്റ് വീഴ്ത്തിയും നമീബിയ ‘ഒതുക്കിയത്’.
ആദ്യ പത്ത് ഓവറിൽ 120 റൺസ് നേടിയ ഇന്ത്യയ്ക്ക് അവസാന പത്ത് ഓവറിൽ 89 റൺസ് നേടാനെ സാധിച്ചുള്ളൂ. അർധസെഞ്ചറി നേടിയ ഇഷാൻ കിഷൻ (24 പന്തിൽ 61), ഹാർദിക് പാണ്ഡ്യ (28 പന്തിൽ 52) എന്നിവരാണ് ഇന്ത്യയ്ക്കു വേണ്ടി തിളങ്ങിയത്. ഓൾറൗണ്ടർ ശിവം ദുബെ 16 പന്തിൽ 23 റൺസെടുത്തപ്പോൾ ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസൺ എട്ടു പന്തിൽ 22 റൺസെടുത്തു. നമീബിയയ്ക്കു വേണ്ടി ക്യാപ്റ്റൻ ജെറാര്‍ഡ് ഇറാസ്മസ് നാലു വിക്കറ്റെടുത്തു.
ടോസ് നഷ്ടപ്പെട്ട്, ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ഓവർ മുതൽ നമീബിയ ബോളർമാരെ പ്രഹരിച്ചു. ആദ്യ ഓവറിലെ അവസാന പന്തിൽ സിക്സടിച്ച് സഞ്ജു സാംസൺ ആണ് തുടങ്ങിയത്. ട്വന്റി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ, ഇതോടെ സിക്സടിച്ച് അക്കൗണ്ട് തുറക്കാൻ താരത്തിനായി. തൊട്ടടുത്ത ഓവറിൽ നേരിട്ട ആദ്യ രണ്ടു പന്തും സഞ്ജു സിക്സടിച്ചതോടെ ഹാട്രിക് സിക്‌സായി. അടുത്ത പന്ത് ബൗണ്ടറിയും നേടി. എന്നാൽ തൊട്ടടുത്ത പന്ത് വീണ്ടും സിക്സടിക്കാൻ ശ്രമിച്ച സഞ്ജു പുറത്തായി. 8 പന്തിൽ മൂന്നു സിക്സും ഒരു ബൗണ്ടറിയും സഹിതം 22 റൺസാണ് സഞ്ജുവിന് നേടാനായത്.
എന്നാൽ ഇതിനുശേഷമാണ് ഇഷാൻ കിഷൻ കത്തിക്കയറിയത്. ബൗണ്ടറികളും സിക്സറുകളുമായി ഇഷാൻ കളം നിറഞ്ഞതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. പവർപ്ലേയ്ക്കുള്ളിൽ തന്നെ വെറും 20 പന്തിൽ താരം അർധസെഞ്ചറി നേടുകയും ചെയ്തു. ആറാം ഓവറിൽ തുടർച്ചയായ നാല് സിക്സും ഒരു ബൗണ്ടറിയും സഹിതം 28 റൺസാണ് താരം അടിച്ചുകൂട്ടിയത്. ആകെ അഞ്ച് സിക്സും ആറു ഫോറുമടിച്ച താരം എട്ടാം ഓവറിലാണ് പുറത്തായത്. അപ്പോഴേയ്ക്കും ഇന്ത്യൻ സ്കോർ 104ൽ എത്തിയിരുന്നു.
എന്നാൽ അധികം വൈകാതെ തന്നെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും (13 പന്തിൽ 12) തിലക് വർമയും (21 പന്തിൽ 25) അടുത്തടുത്ത ഓവറുകളിൽ പുറത്തായതോടെ ഇന്ത്യയുടെ സ്കോറിങ് വേഗം കുറഞ്ഞു. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും ചേർന്നാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. ഇരുവരും ചേർന്ന് 89 റൺസാണ് കൂട്ടിച്ചേർത്ത്. 4 സിക്സും 4 ഫോറും സഹിതം 28 പന്തിൽ അർധസെഞ്ചറി നേടിയ ഹാർദിക്, ഇതിനു തൊട്ടുപിന്നാലെ പുറത്തായത് ഇന്ത്യയ്ക്കു തിരിച്ചടിയായി. 18.1 ഓവറിൽ 4ന് 205 എന്ന നിലയിലായിരുന്ന ഇന്ത്യ ഒറ്റയടിക്ക് 9ന് 209 എന്ന നിലയിലേക്ക് വീണു. ശിവം ദുബെ (16 പന്തിൽ 23), അക്ഷർ പട്ടേൽ (0), റിങ്കു സിങ് (6 പന്തിൽ 1), അർഷ്ദീപ് സിങ് (2 പന്തിൽ 2) എന്നിവരാണ് ഹർദിക്കിനു പിന്നാലെ ഔട്ടായത്. ഇതോടെ 230 എങ്കിലും കടക്കേണ്ട സ്കോർ വെറും 209ൽ ഒതുങ്ങി.
∙ സഞ്ജുവിന് അരങ്ങേറ്റംടോസ് നേടിയ നമീബിയ ക്യാപ്റ്റൻ ജെറാര്‍ഡ് ഇറാസ്മസ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായരുന്നു. ഓപ്പണർ അഭിഷേക് ശർമയ്ക്കു പകരം മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ എത്തി. സഞ്ജുവിന്റെ ആദ്യ ലോകകപ്പ് മത്സരമാണ് ഇത്. പേസർ ജസ്പ്രീത ബുമ്ര തിരിച്ചെത്തിയതോടെ മുഹമ്മദ് സിറാജ് പുറത്തായി. എന്നാൽ പരുക്കു മാറി തിരിച്ചെത്തിയ ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദർ പ്ലേയിങ് ഇലവനിലില്ല. നമീബിയ ടീമിലും രണ്ടു മാറ്റമുണ്ട്.
English Summary:







English (US) ·