നമുക്കും ഉണ്ടെടാ ആള്...! വാഷിങ്ടൻ സുന്ദർ (23 പന്തിൽ 49*), 4 സിക്സ്, 3 ഫോർ; ഓസീസിനെ 5 വിക്കറ്റിന് തകർത്ത് ഇന്ത്യ

6 months ago 18

ഹൊബാർട്ട് ∙ മൂന്നാം മത്സരത്തിൽ മൂന്നു മാറ്റങ്ങളാണ് ഇന്ത്യ പ്ലേയിങ് ഇലവനിൽ വരുത്തിയത്. ആ മൂന്നു മാറ്റങ്ങളും ടീമിനെ വിജയത്തിലേക്കു നയിക്കുന്നതിനാണ് ഹൊബാർട്ടിലെ ബെല്ലെറിവ് ഓവൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആദ്യം ബോളിങ്ങിൽ മൂന്നു വിക്കറ്റുമായി അർഷ്‌ദിപ് സിങ്ങും പിന്നീട് ബാറ്റിങ്ങിൽ വാഷിങ്ടൻ സുന്ദറും (23 പന്തിൽ 49*) സുന്ദറിന് ഉറച്ച പിന്തുണ നൽകിയ ജിതേഷ് ശർമയും (13 പന്തിൽ 22*). മൂന്നാം ട്വന്റി20 മത്സരത്തിൽ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. ഓസീസ് ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 18.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ആറാം വിക്കറ്റിൽ ഒന്നിച്ച വാഷിങ്ടൻ– ജിതേഷ് സഖ്യമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇതോടെ പരമ്പരയിൽ 1–1ന് ഇന്ത്യ ഒപ്പമെത്തി. 

മറുപടി ബാറ്റിങ്ങിൽ, മികച്ച തുടക്കമാണ് ഓപ്പണിങ് ജോഡിയായ അഭിഷേക് ശർമ– ശുഭ്മാൻ ഗിൽ സഖ്യം ഇന്ത്യയ്ക്കു നൽകിയത്. ഇരുവരും ചേർന്ന് 33 റൺസ് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തു. പതിവു പോലെ ബാറ്റർമാരെ പ്രഹരിച്ച അഭിഷേക്, 2 സിക്സും 2 ഫോറുമാടിച്ചു. 16 പന്തിൽ 25 റൺസെടുത്ത അഭിഷേകിനെ നാലാം ഓവറിൽ നാഥൻ എല്ലിസാണ് വീഴ്ത്തിയത്. പിന്നാലെയെത്തിയ സൂര്യകുമാർ യാദവും സ്കോറിങ് താഴാതെ നോക്കി. പവർപ്ലേ അവസാനിക്കുന്നതിന് മുൻപ് ഗില്ലിന്റെ (12 പന്തിൽ 15) വിക്കറ്റും ഇന്ത്യയ്ക്കു നഷ്ടമായി. അധികം വൈകാതെ സൂര്യകുമാർ യാദവിനെയും (11 പന്തിൽ 24). രണ്ടു സിക്സും ഒരു ഫോറുമാണ് സൂര്യകുമാർ യാദവിന്റെ ബാറ്റിൽനിന്നു പിറന്നത്.

പിന്നീട് ഒന്നിച്ച തിലക് വർമ (26 പന്തിൽ 29)– അക്ഷർ പട്ടേൽ (12 പന്തിൽ 17) സഖ്യവും ലക്ഷ്യബോധ്യത്തോടെ ബാറ്റുവീശി. 12–ാം ഓവറിൽ അക്ഷറിനെ നാഥാൻ എല്ലിസും 15–ാം തിലക് വർമയെ സേവ്യർ ബാർട്ട‌ലെറ്റ് പുറത്താക്കുകയായിരുന്നു. തുടർന്നെത്തിയ വാഷിങ്ടനും ജിതേഷും അതിവേഗം സ്കോറിങ് ഉയർത്തിയതോടെ ഇന്ത്യ പെട്ടെന്നു ലക്ഷ്യത്തിലേക്ക് എത്തി. ഓസീസിനായി ടിം ഡേവിഡും മാർക്കസ് സ്റ്റോയിനിസും ബാറ്റു വീശിയ അതേ പാതയിലായിരുന്നു ഇരുവരുടെയും ബാറ്റിങ്. നാല് സിക്സും മൂന്നു ഫോറുമടങ്ങുന്നതായിരുന്നു വാഷിങ്ടന്റെ ഇന്നിങ്സ്. ജിതേഷ് ശർമ, മൂന്നു ഫോറടിച്ചു. ഓസീസിനായി നാഥാൻ എല്ലിസ് മൂന്നു വിക്കറ്റും സേവ്യർ ബാർട്ട‌ലെറ്റ്, മാർക്കസ് സ്റ്റോയിനിസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

∙ ‘അടിച്ചു’കയറി ടിമ്മും സ്റ്റോയിനിസുംആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്തി, ആദ്യ രണ്ടു മത്സരങ്ങളിൽ തന്നെ പുറത്തിരുത്തിയ തീരമാനം തെറ്റാണെന്ന് തെളിയിച്ച അർഷ്ദീപ് സിങ് നൽകിയ മിന്നും തുടക്കം ഇന്ത്യയ്ക്കു പക്ഷേ മുതലാക്കാനായില്ല.  ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഓസീസ്, നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു.

അർധസെഞ്ചറി തികച്ച ടിം ഡേവിഡ് (38 പന്തിൽ 74), മാർക്കസ് സ്റ്റോയിനിസ് (39 പന്തിൽ 64) എന്നിവരുടെ ‘മിന്നൽപ്രഹരം’ ആണ് ഓസ്ട്രേലിയയെ മികച്ച സ്കോറിലെത്തിച്ചത്. ഇന്ത്യയ്ക്കായി അർഷ്‍ദീപ് സിങ് മൂന്നു വിക്കറ്റും വരുൺ ചക്രവർത്തി രണ്ടും ശിവം ദുബെ ഒരു വിക്കറ്റും വീഴ്ത്തി. പേസിനെ തുടണയ്ക്കുന്ന പിച്ചിൽ ജസ്പ്രീത് ബുമ്രയ്ക്കു വിക്കറ്റൊന്നും വീഴ്ത്താനായില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ഇരട്ടപ്രഹരമാണ് ഇന്ത്യ നൽകിയത്. ആദ്യ ഓവറിൽ തന്നെ ഓപ്പണർ ട്രാവിസ് ഹെഡിനെ (4 പന്തിൽ 6) അവർക്കു നഷ്ടമായി. പ്ലേയിങ് ഇലവനിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയ അർഷ്ദീപ് സിങ്ങാണ്, ഹെഡിനെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ കൈകളിൽ എത്തിച്ചത്. തന്റെ തൊട്ടടുത്ത ഓവറിൽ ജോഷ് ഇംഗ്ലിസിനെ (7 പന്തിൽ 1) അക്ഷറിന്റെ കൈകളിലും അർഷ്ദീപ് എത്തിച്ചു. ഇതോടെ 2.3 ഓവറിൽ 2ന് 14 എന്ന നിലയിലാണ് ഓസീസ്. പവർപ്ലേ അവസാനിക്കുമ്പോൾ 2ന് 43 റൺസെന്ന നിലയിലായിരുന്നു അവർ.

എന്നാൽ നാലാമനായി ക്രീസിലെത്തിയ ടിം ഡേവിഡ് കത്തിക്കയറിയതോടെ ഓസീസ് സ്കോർ കുതിച്ചു. വെറും 23 പന്തിലാണ് ടിം ഡേവിഡ് അർധസെ​ഞ്ചറിയിലെത്തിയത്. ഇന്ത്യയ്ക്കെതിരെ ഒരു ഓസീസ് ബാറ്ററുടെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയാണിത്. 19 പന്തിൽ അർധസെഞ്ചറി നേടിയ കാമറൂൺ ഗ്രീൻ ആണ് ഒന്നാമത്. അഞ്ച് സിക്സും എട്ടു ഫോറുമാണ് ടിമ്മിന്റെ ബാറ്റിൽനിന്നു പിറന്നത്. മൂന്നാം വിക്കറ്റിൽ മാർഷും ടിമ്മും ചേർന്ന് 59 റൺസെടുത്തെങ്കിലും ഇതിൽ 5 റൺസ് മാത്രമാണ് മാർഷിന്റെ സംഭാവന. 9–ാം ഓവറിൽ മാർഷിനെയും മിച്ചൽ ഓവനെയും (0) വരുൺ ചക്രവർത്തി അടുത്ത പന്തുകളിൽ പുറത്താക്കി.

 X/BCCI

ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ വിക്കറ്റ് വീഴ്ത്തിയ അർഷ്‌ദീപ് സിങ്ങിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ. ചിത്രം: X/BCCI

പിന്നീട് ക്രീസിലെത്തിയ സ്റ്റോയിനിസും ടിമ്മിന്റെ അതേ ‘ഗിയറിൽ’ ബാറ്റു വീശിയതോടെ ഓസീസ് സ്കോർ വീണ്ടും കുതിച്ചു. 32 പന്തിലാണ് സ്റ്റോയിനിസ് അർധസെഞ്ചറി നേടിയത്. 13–ാം ഓവറിൽ ടിമ്മിനെ വീഴ്ത്തി ശിവം ദുബെയാണ് കൂട്ടുകെട്ട് അവസാനിപ്പിച്ചത്. പിന്നീട് മാത്യു ഷോർട്ടിനെ (15 പന്തിൽ 26*) കൂട്ടുപിടിച്ച് സ്റ്റോയിനിസ് ‘പ്രഹരം’ തുടർന്നു. രണ്ടു സിക്സും എട്ടു ഫോറുമാണ് സ്റ്റോയിനിസ് അടിച്ചുകൂട്ടിയത്. അവസാന ഓവറിൽ അർഷ്ദീപാണ് സ്റ്റോയിനിസിനെ പുറത്താക്കിയത്.

സഞ്ജു പുറത്ത്

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ മൂന്നു മാറ്റമുണ്ട്. സഞ്ജു സാംസൺ, ഹർഷിത് റാണ, കുൽദീപ് യാദവ് എന്നിവർ പുറത്തായപ്പോൾ ജിതേഷ് ശർമ, അർഷ്‌ദീപ് സിങ്, വാഷിങ്ടൻ സുന്ദർ എന്നിവർ ടീമിലേക്ക് എത്തി. ഓസീസ് ടീമിലും ഒരു മാറ്റമുണ്ട്. ജോഷ് ഹെയ്‌സൽവുഡിനു പകരം ഷോൺ അബോട്ട് പ്ലേയിങ് ഇലവനിലെത്തി.

പ്ലേയിങ് ഇലവൻ

ഇന്ത്യ: ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര

ഓസ്ട്രേലിയ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്(വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, മിച്ചൽ ഓവൻ, മാർക്കസ് സ്റ്റോയിനിസ്, മാത്യു ഷോർട്ട്, ഷോൺ അബോട്ട്, സേവ്യർ ബാർട്ട‌ലെറ്റ്, നഥാൻ എല്ലിസ്, മാത്യു കുഹ്നെമാൻ

English Summary:

India vs Australia, 3rd T20I- Match Updates

Read Entire Article