Published: May 23, 2026 03:58 PM IST
1 minute Read
റിയാദ്∙ കാൽപന്തിനെ കരളേറ്റിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒടുവിൽ കാത്തിരിപ്പിന്റെ ആ കഠിനകാലവും ഓടിത്തീർത്തു. 4 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നാൽപത്തിയൊന്നുകാരൻ ക്രിസ്റ്റ്യാനോയ്ക്ക് സൗദി ഫുട്ബോൾ ക്ലബ് അൽ നസ്റിനൊപ്പം ആദ്യ മേജർ കിരീടം. ഇന്നലെ പുലർച്ചെ നടന്ന നിർണായക മത്സരത്തിൽ ദമക് എഫ്സിയെ 4–1ന് തോൽപിച്ചതോടെയാണ് അൽ നസ്ർ പ്രൊ ലീഗിൽ കിരീടമുറപ്പിച്ചത്. ജയത്തോടെ, കിരീടപ്പോരാട്ടത്തിൽ ഒപ്പമുണ്ടായിരുന്ന അൽ ഹിലാലിനെ 2 പോയിന്റ് മറികടന്നാണ് അൽ നസ്ർ ചാംപ്യൻപട്ടം സ്വന്തമാക്കിയത്. 34 മത്സരങ്ങളിൽനിന്ന് അൽ നസ്ർ 86 പോയിന്റ് നേടി ഒന്നാമതെത്തിയപ്പോൾ 84 പോയിന്റുമായി അൽ ഹിലാൽ രണ്ടാം സ്ഥാനത്തായി. 2019നു ശേഷം ഇതാദ്യമായാണ് ലീഗിൽ അൽ നസ്ർ കിരീടം നേടുന്നത്. ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ കളംനിറഞ്ഞ മത്സരത്തിൽ സാദിയോ മാനെ, കിങ്സ്‌ലി കോമാൻ എന്നിവരും അൽ നസ്റിനായി ലക്ഷ്യം കണ്ടു.
ക്ലാസിക് ക്രിസ്റ്റ്യാനോ
ജയിച്ചാൽ കിരീടം, സമനിലയോ തോൽവിയോ വഴങ്ങിയാൽ വീണ്ടുമൊരു കണ്ണീർമടക്കം; ലീഗിലെ അവസാന മത്സരത്തിനായി ദമാക് എഫ്സിക്കെതിരെ ഇറങ്ങുമ്പോൾ സമ്മർദം മുഴുവൻ അൽ നസ്റിനും ക്രിസ്റ്റ്യാനോയ്ക്കും മുകളിലായിരുന്നു. എന്നാൽ മത്സരത്തിന്റെ 33–ാം മിനിറ്റിൽ തന്നെ സാദിയോ മാനെയിലൂടെ അൽ നസ്ർ അക്കൗണ്ട് തുറന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ കിങ്സ്‌ലി കോമാൻ (51–ാം മിനിറ്റ്) അൽ നസ്റിന്റെ ലീഡ് (2–0) ഉയർത്തിയതോടെ ആരാധകർ വിജയാഘോഷം തുടങ്ങി. എന്നാൽ മോർലെ സീയയിലൂടെ (57) ദമാക് ഗോൾ മടക്കിയത് അൽ നസ്ർ ക്യാംപിൽ ആശങ്ക വിതച്ചു. പക്ഷേ, മിനിറ്റുകൾക്കുള്ളിൽ ആരാധകരെ ആശ്വസിപ്പിച്ച് ക്രിസ്റ്റ്യാനോയുടെ തകർപ്പൻ ഫ്രീകിക്ക് ഗോൾ (62). വൈകാതെ ഒരു ക്ലോസ് റേഞ്ചർ കിക്കിലൂടെ വീണ്ടും വലകുലുക്കിയ ക്രിസ്റ്റ്യാനോ അൽ നസ്റിന്റെ ലീഡ് 4–1 ആയി ഉയർത്തി. പിന്നീടൊരു തിരിച്ചുവരവിനുള്ള സമയമോ ശക്തിയോ ദമക് എഫ്സിക്കുണ്ടായിരുന്നില്ല.അവസാന മത്സരം ജയിച്ച അൽ ഹിലാൽ കിരീടപ്രതീക്ഷ നിലനിർത്തിയെങ്കിലും അൽ നസ്റിന്റെ ജയം അവരുടെ കിരീടമോഹം തല്ലിക്കെടുത്തി.
English Summary:







English (US) ·